ലാഹോർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം പോളണ്ടിൽ നിന്ന് ഇന്ത്യയിലേക്കുള്ള മടക്കയാത്രയിൽ പാകിസ്ഥാൻ വ്യോമാതിർത്തിയിലൂടെ കടന്നുപോയതായി ഒരു മാധ്യമ റിപ്പോർട്ട്. thenews.com.pk വെബ്സൈറ്റ് അനുസരിച്ച് പ്രധാനമന്ത്രി മോദിയുടെ വിമാനം രാവിലെ 10:15 ന് പാകിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച് ഏകദേശം 46 മിനിറ്റ് അവിടെ തുടർന്നുവെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വൃത്തങ്ങൾ അറിയിച്ചതായിട്ടാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
വിമാനം ഇസ്ലാമാബാദിലെയും ലാഹോറിലെയും എയർ കൺട്രോൾ സോണുകളിലൂടെ നീങ്ങുന്നതിന് മുൻപ് അതിർത്തി പ്രദേശമായ ചിത്രാൽ കടന്നുപോയിട്ടുണ്ട്. ഒടുവിൽ 11:01 ന് അമൃത്സർ വഴി ഇന്ത്യയിലേക്ക് പുറപ്പെട്ടു. അന്താരാഷ്‌ട്ര സിവിൽ ഏവിയേഷന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾക്ക് (എസ്ഒപി) കീഴിലാണ് വിമാനം അനുവദിച്ചതെന്ന് സിഎഎയിലെ ഒരു ഉദ്യോഗസ്ഥൻ ദി ന്യൂസിനോട് പറഞ്ഞു.
ഇത്തരം സാഹചര്യങ്ങളിൽ, നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ആവശ്യമില്ലെന്ന് അന്താരാഷ്‌ട്ര നിയമങ്ങൾ അനുശാസിക്കുന്നു. ബന്ധപ്പെട്ട രാജ്യത്തെ സിഎഎയെ മുൻകൂട്ടി അറിയിച്ചാൽ മാത്രം മതിയെന്നും ഉദ്യോഗസ്ഥൻ വിശദീകരിച്ചു. മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായതിന് ശേഷം നരേന്ദ്ര മോദി നാല് തവണ പാകിസ്ഥാൻ വ്യോമാതിർത്തി കടന്നതായി വൃത്തങ്ങളെ ഉദ്ധരിച്ച് പത്രങ്ങൾ പറഞ്ഞു.
ആഗസ്റ്റ് 21 ന്, മോദി തന്റെ പ്രത്യേക ഇന്ത്യ വൺ വിമാനത്തിൽ ദൽഹിയിൽ നിന്ന് പോളണ്ടിന്റെ തലസ്ഥാനമായ വാർസോയിലേക്കുള്ള യാത്രാമധ്യേ രാവിലെ 10 മണിക്ക് കസൂറിന് സമീപം 36,000 അടി ഉയരത്തിൽ പാകിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചു. 48 മിനിറ്റോളം അദ്ദേഹത്തിന്റെ വിമാനം പാകിസ്ഥാൻ വ്യോമാതിർത്തിയിൽ തുടർന്നു. ചിത്രാലിൽ നിന്നാണ് വിമാനം അഫ്ഗാൻ വ്യോമമേഖലയിൽ പ്രവേശിച്ചത്.
നേരത്തെ ജൂലൈ 8 നും ദൽഹിയിൽ നിന്ന് മോസ്കോയിലേക്കുള്ള യാത്രാമധ്യേ ഇന്ത്യ വൺ വിമാനം 36,000 അടി ഉയരത്തിൽ പറന്ന് രാവിലെ 11:26 ന് ചിത്രാലിനടുത്ത് പാകിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചു. ഉച്ചയ്‌ക്ക് 12.10ന് അഫ്ഗാനിസ്ഥാന്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ചു.
അതേ വിമാനം മോസ്കോയിൽ നിന്ന് വിയന്നയിലേക്ക് പറന്നു. തുടർന്ന് ജൂലൈ 10 ന് വൈകുന്നേരം 4:43 ന് ഇറാൻ വഴി സാഹിദാന് സമീപം പാകിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിമാനം 37,000 അടി ഉയരത്തിൽ റഹീം യാർ ഖാന്റെ മുകളിലൂടെ പറന്ന് പുലർച്ചെ 5:54 ന് ഇന്ത്യയിൽ പ്രവേശിച്ചുവെന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: