ചെന്നൈ,: യുണൈറ്റഡ് സ്റ്റേറ്റ്സ് ആക്ടിംഗ് അസിസ്റ്റൻ്റ് സെക്രട്ടറി ഫോര്‍ ഓഷ്യൻസ് ആൻഡ് ഇന്റർനാഷണൽ സയന്റിഫിക് അഫയേഴ്‌സ് ബ്യൂറോ (സമുദ്ര, ആഗോള ശാസ്ത്രകാര്യ വകുപ്പ്) ജെന്നിഫർ ആർ. ലിറ്റിൽജോൺ ചെന്നൈ സന്ദർശിച്ചു. ശാസ്ത്രം, ഹരിത സാങ്കേതികവിദ്യ, കാലാവസ്ഥ പ്രതിരോധശേഷി വികസനം – പ്രത്യേകിച്ചും അമേരിക്കയുടെ അംബാസഡേഴ്സ് വാട്ടർ എക്സ്പേർട്ട്സ് പ്രോഗ്രാം വഴി നദികളുടെ പുനരുദ്ധാരണം, എന്നീ രംഗങ്ങളിലെ യു.എസ്.-ഇന്ത്യ സഹകരണം സംബന്ധിച്ച് പൗരപ്രമുഖർ, ബിസിനസ്സ് സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവരുമായി നേരിട്ടിടപഴകുന്ന വിവിധ പരിപാടികളിൽ അവർ പങ്കെടുത്തു.
“ജൈവവൈവിധ്യ സംരക്ഷണം മുതൽ കാലാവസ്‌ഥാ പ്രതിസന്ധി വരെയുള്ള നമ്മുടെ ലോകത്തിൻറെ ഏറ്റവും വലിയ വെല്ലുവിളികളെ നേരിടുന്നതിൽ ശാസ്ത്ര, സാങ്കേതികവിദ്യാ മേഖലകളിലുള്ള യു.എസ്.-ഇന്ത്യ പങ്കാളിത്തം നിർണ്ണായകമാണ്. യു.എസ്.-ഇന്ത്യ സംരംഭമായ ക്രിട്ടിക്കൽ ആൻഡ് എമേർജിങ് ടെക്നോളജി (iCET) ഉദ്യമത്തിന് കീഴിൽ വരുന്ന ഈ പങ്കാളിത്തം നമ്മുടെ ഉഭയകക്ഷി ബന്ധത്തിൽ ഒരു നിർണ്ണായക സ്ഥാനം വഹിക്കുന്നു. ചെന്നൈ ഈ പങ്കാളിത്തത്തിൻറെ ശക്തി പ്രതിഫലിപ്പിക്കുന്നു. സൗരോർജ്ജ, ഹരിത സാങ്കേതികവിദ്യാ മേഖലകളിലെ നവീന രീതികൾ, ചെന്നൈയുടെ ജലസ്രോതസ്സുകൾ ഹരിതവത്ക്കരിക്കാൻ സഹായകമാകുന്ന അമേരിക്കയുടെ അംബാസഡേഴ്സ് വാട്ടർ എക്സ്പേർട്ട്സ് പ്രോഗ്രാം, എന്നിങ്ങനെ വിവിധ വഴികളിലൂടെ ഒരുമിച്ച് നമുക്ക് അഭിവൃദ്ധി നേടാൻ കഴിയും, പ്രതിരോധശേഷി ഉള്ള ഭാവി പടുത്തുയർത്താൻ കഴിയും.”ജെന്നിഫർ ലിറ്റിൽജോണ്‍ പറഞ്ഞു
യു.എസ്. സൗരോർജ്ജ സാങ്കേതികവിദ്യ കമ്പനിയായ ഫസ്റ്റ് സോളാറിന്റെ ശ്രീപെരുമ്പത്തൂരിലെ ഫാക്‌ടറി സന്ദർശിച്ച ജെന്നിഫർ സൗരോർജ്ജ സാങ്കേതികവിദ്യയെയും സുസ്ഥിരത നിലനിർത്താൻ സ്വീകരിക്കുന്ന രീതികളെയും സംബന്ധിച്ച് കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
ഐ.ഐ.ടി മദ്രാസ് റിസർച്ച് പാർക്ക് സന്ദർശിച്ച അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥ ഹരിത സാങ്കേതികവിദ്യയ്‌ക്കും ബഹിരാകാശ സ്റ്റാർട്ടപ്പുകൾക്കുമായി ക്യാമ്പസിലുള്ള സംരംഭങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. പരിസ്ഥിതി പ്രശ്‌നങ്ങളുടെ പരിഹാര പ്രവർത്തനമേഖലകളിൽ നവീകരണവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി ഹരിത സാങ്കേതിക സംരംഭകരുമായുള്ള ചർച്ചയിലും ജെന്നിഫർ ലിറ്റിൽജോണ്‍ പങ്കെടുത്തു. ഹരിത സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ നവീന സംവിധാനങ്ങളും ആവാസവ്യവസ്ഥകളും വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് ചെന്നൈയിലെ യു.എസ്. കോൺസുലേറ്റും ഐ.ഐ.ടി. മദ്രാസ് റിസർച്ച് പാർക്കും തമ്മിൽ നിലവിൽ വരാൻ പോകുന്ന ആസൂത്രിത പങ്കാളിത്തത്തിന് മുന്നോടിയായാണ് ഇത്.
ചെന്നൈയിലെ അണ്ണാ യൂണിവേഴ്‌സിറ്റി ആസ്ഥാനം സന്ദർശിച്ച അമേരിക്കൻ നയതന്ത്രജ്ഞ കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് പ്രാദേശിക പ്രതിരോധ തന്ത്രങ്ങൾ ശക്തിപ്പെടുത്തുന്നതിന് കാലാവസ്ഥാ സംവിധാനങ്ങളെ പ്രയോജനപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അദ്ധ്യാപകരോടും ഗവേഷകരോടുമൊപ്പം ചർച്ചയിൽ പങ്കെടുത്തു.
ചെന്നൈ മേയർ ആർ.പ്രിയയുമായി ജെന്നിഫർ ലിറ്റിൽജോണും ചെന്നൈയിലെ യു.എസ്. കോൺസുൽ ജനറൽ ക്രിസ് ഹോഡ്‌ജസും നടത്തിയ കൂടിക്കാഴ്ചയിൽ കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിലും അതിനോട് പൊരുത്തപ്പെടുന്നതിലും നദികൾ, തടാകങ്ങൾ, തണ്ണീർത്തടങ്ങൾ എന്നിവയുൾപ്പെടെയുള്ള ശുദ്ധജല ആവാസവ്യവസ്ഥയുടെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്യുകയുണ്ടായി. നഗരാസൂത്രണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിരതയുള്ള ജല സംരക്ഷണത്തിൻറെ നിർണായകമായ പങ്ക് എടുത്തുകാട്ടുന്നതായിരുന്നു ചർച്ച. അമേരിക്കൻ ഗവൺമെൻറ് നടത്തുന്ന അംബാസഡേഴ്സ് വാട്ടർ എക്സ്പേർട്ട്സ് പ്രോഗ്രാം വഴി ചെന്നൈയുമായി സഹകരിക്കാനുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പ്രതിബദ്ധത ജെന്നിഫർ ലിറ്റിൽജോൺ ഊന്നിപ്പറഞ്ഞു. ഈ ഉദ്യമം നദികൾ പുനഃസ്ഥാപിക്കുന്നതിനുള്ള മികച്ച രീതികൾ സ്വീകരിക്കുന്നതിനും അമേരിക്കയുമായി നിലവിലുള്ള സഹോദര നഗര ബന്ധത്തിലും മറ്റ് പങ്കാളിത്തങ്ങളിലും ചെന്നൈ നഗരത്തെ പിന്തുണയ്‌ക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
പരിസ്ഥിതിയെ സംരക്ഷിക്കുന്ന സുസ്ഥിരമായ സമ്പ്രദായങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സഹകരണ ശ്രമങ്ങളെപ്പറ്റി ആഴത്തിൽ അറിയുന്നതിനായി നദി പുനരുദ്ധാരണ, പരിസ്ഥിതി മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രതിനിധികൾ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സ്റ്റേറ്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകളിൽ പങ്കെടുത്തിട്ടുള്ളവർ എന്നിവരുമായും ജെന്നിഫർ ലിറ്റിൽജോൺ കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: