പരശുരാമന് മഴു എറിഞ്ഞാണ് കേരളം ഉണ്ടായതെന്ന ഐതിഹ്യത്തെ ‘പ്രാചീന മലയാളം’ എന്ന തന്റെ കൃതിയിലൂടെ പൊളിച്ചെഴുതിയ സാമൂഹ്യപരിഷ്‌കര്‍ത്താവ് എന്നതിലുപരി അവതാരപുരുഷന്‍ എന്ന പദവിയില്‍ ആദരവോടെ നോക്കി കാണേണ്ട മഹദ്‌വ്യക്തിത്വം ചട്ടമ്പിസ്വാമികളുടെ ജന്മദിനമാണ് ഇന്ന്.
പോയ കാലങ്ങളില്‍ നിലവിലുണ്ടായിരുന്ന യാഥാസ്ഥിതിക സങ്കല്‍പങ്ങളില്‍ അതിശക്തമായ തരംഗ ചലനങ്ങളും ധ്രുവീകരണവും ഉണ്ടാക്കിയ കൃതിയായിരുന്നു ചട്ടമ്പിസ്വാമികളുടെ ‘വേദാധികാരനിരൂപണം’. യോഗചര്യകളെക്കാള്‍ ജീവിത വിശുദ്ധിക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള വേദോപദേശം കൂടിയാണ് ഈ കൃതി.
കേരളം പരശുരാമ സൃഷ്ടി അല്ലെന്നും ബ്രാഹ്‌മണര്‍ക്കും നമ്പൂതിരിമാര്‍ക്കും സംവരണം ചെയ്തുവെച്ച ഒരിടമായി കേരളത്തെ നോക്കിക്കാണരുതെന്നും വിരല്‍ചൂണ്ടി പറയാനുള്ള ഇച്ഛാശക്തിയും പാണ്ഡിത്യവും ആത്മശക്തിയും ചട്ടമ്പിസ്വാമികള്‍ വ്യക്തമാക്കി. അറിവ് അഥവാ വിവരാവകാശം ബ്രാഹ്‌മണ മേല്‍ക്കോയ്മക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും വേദ പഠനത്തില്‍ ശൂദ്രനും സ്ത്രീകള്‍ക്കും തുല്യ പങ്കാളിത്തം ഉറപ്പിക്കേണ്ട ആവശ്യകതയെ അടിവരയിട്ട നിലയില്‍ അദ്ദേഹം വ്യക്തമാക്കുന്നു വേദാധികാരനിരൂപണം എന്ന സ്വന്തം കൃതിയിലൂടെ. വേദശാസ്ത്ര അറിവ് നേടാനുള്ള വിലക്കുകളെ ഉടച്ചുവാര്‍ക്കുകയായിരുന്നു വേദശാസ്ത്രത്തെ ജനകീയമാക്കിയ മഹാഗുരു ചട്ടമ്പിസ്വാമികള്‍ എന്ന പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍.
വര്‍ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീപുരുഷ സമത്വവാദം, സാര്‍വത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം തുടങ്ങിയ നിരവധി വിഷയങ്ങളെ പരാമര്‍ശിച്ചുള്ള പ്രഭാഷണങ്ങളും പ്രബോധനങ്ങളും ചട്ടമ്പിസ്വാമികള്‍ പൊതു സദസുകളില്‍ അക്കാലങ്ങളില്‍ പ്രാവര്‍ത്തികമാക്കി. ചരിത്രത്തിന്റെ മുമ്പേ നടന്ന മഹാമനീഷിയായിരുന്നു സ്വാമികള്‍. സംഗീതം, ചിത്രമെഴുത്ത്, നൃത്തം തുടങ്ങിയ സകല കലകളിലും ആഴത്തിലുള്ള പ്രവൃത്തി പരിചയവും നൈപുണ്യവും ഉണ്ടായിരുന്ന സ്വാമികള്‍ക്ക് പഠനവും ഗവേഷണവും ജീവിതത്തിലെ അവിഭാജ്യഘടകവും അനിവാര്യവുമായിരുന്നു. ജാതിയുടെയും മതത്തിന്റെയും പേരില്‍ പോയ കാലങ്ങളില്‍ നടമാടിയ സാമൂഹ്യ ദുരാചാരങ്ങള്‍ക്കെതിരെ പൊതുസമൂഹത്തെ അദ്ദേഹം ബോധവാന്മാരാക്കി.
ഉയര്‍ന്ന ജാതികള്‍ സവര്‍ണര്‍ എന്നും കീഴ്ജാതികള്‍ അവര്‍ണര്‍ എന്നും അറിയപ്പെട്ടു. അവര്‍ണരുടെ മേല്‍ സവര്‍ണര്‍ക്കുണ്ടായിരുന്ന ആധിപത്യമാണ്് ജാതിവ്യവസ്ഥയുടെ കാതല്‍. സാമൂഹ്യ, സാമ്പത്തിക, രാഷ്‌ട്രീയ മണ്ഡലങ്ങളില്‍ ഉയര്‍ന്ന ജാതിക്കാരായ ബ്രാഹ്‌മണര്‍ അധികാരം കൈവശപ്പെടുത്തി. ഭൗതികജീവിത മണ്ഡലങ്ങളിലും ആത്മീയ മേഖലകളിലും ഇവരുടെ ആധിപത്യം ശക്തമായിത്തീര്‍ന്നു. ഭാഷ, വസ്ത്രധാരണം, ആഹാരം തുടങ്ങിയവയിലൊക്കെ പരിഷ്‌കൃത രീതികള്‍ അവര്‍ണന് നിഷേധിക്കപ്പെട്ടു. വിവിധ ജാതികളിലെ ആളുകള്‍ തമ്മില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉയര്‍ന്ന ജാതിക്കാരുമായി പ്രത്യേക ദൂരം, നായര്‍ 4 അടി, ഈഴവര്‍ 28 അടി, പുലയര്‍ 96 അടി തുടങ്ങി നിശ്ചയിച്ചിരുന്നു.
ക്ഷേത്രത്തിലോ ക്ഷേത്രത്തിനു ചുറ്റുമുള്ള വഴികളിലോ അവര്‍ണര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. അവര്‍ തൊട്ട വസ്തുക്കള്‍, അവരില്‍ തട്ടിയ കാറ്റ് ഒക്കെ മലിനമെന്ന് കണക്കാക്കിയിരുന്നു. അവര്‍ക്ക് പള്ളിക്കുടങ്ങളില്‍ പ്രവേശനമുണ്ടായിരുന്നില്ല. ഇതൊക്കെ അധികാരവും സ്വാധീനവും നേടിയ ബ്രാഹ്‌മണര്‍ രൂപപ്പെടുത്തിയ നിയമങ്ങളുടെയും ആചാരങ്ങളുടെയും ഫലമായിരുന്നു.
നിലവിലുണ്ടായിരുന്ന ചരിത്ര ഗ്രന്ഥങ്ങളിലെ പക്ഷപാതപരവും മ്ലേച്ഛവുമായ പല സമീപനങ്ങളെയും കാര്യകാരണസഹിതം അദ്ദേഹം തുറന്നുകാട്ടി.തിരുത്തിക്കുറിച്ചു. ജാതിവ്യവസ്ഥയില്‍ തളച്ചിട്ട് ചവിട്ടിത്താഴ്‌ത്തിയ അധകൃതര്‍ക്ക് സ്വാഭിമാനം ഉണ്ടാക്കി മതത്തെയും ദര്‍ശനങ്ങളെയും സവിസ്തരം പ്രതിപാദിച്ചുള്ള കൃതികള്‍ക്ക് അദ്ദേഹം രൂപംകൊടുത്തു.
പ്രാചീന കേരളം, വേദാധികാരനിരൂപണം, ക്രിസ്തുമതസാരം, ജീവകാരുണ്യനിരൂപണം, അദ്വൈതചിന്താപദ്ധതി തുടങ്ങിയ നിരവധി കൃതികള്‍ സ്വാമികളുടേതായുണ്ട്. ജനനം തിരുവനന്തപുരം കണ്ണമൂലയിലെ ഉള്ളൂര്‍ക്കോട് ഭവനത്തിലെ നിര്‍ധന നായര്‍ കുടുംബത്തില്‍ 1853 ആഗസ്റ്റ് 25ന്. അച്ഛന്‍ താമരശ്ശേരി വാസുദേവ ശര്‍മ്മ. അമ്മ ദേവി. വളരെ ദരിദ്ര കുടുംബ സാഹചര്യമായതിനാല്‍ സ്വാമിക്ക് ഔപചാരിക വിദ്യാഭ്യാസം ലഭിക്കാനുള്ള മാര്‍ഗമൊന്നുമുണ്ടായിരുന്നില്ല. അച്ഛന്റെയും അയല്‍വീടുകളിലെ കുട്ടികളുടെയും സഹായത്തോടെ സ്വാമി അക്ഷരാഭ്യാസം നടത്തി. സംസ്‌കൃതത്തിലേയും തമിഴിലേയും മലയാളത്തിലേയും പ്രാഥമിക പാഠങ്ങള്‍ ഹൃദിസ്ഥമാക്കി. 1974 മെയ് 5 ന് ചട്ടമ്പി സ്വാമികള്‍ സമാധിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: