എഴുത്തച്ഛനും മറ്റ് വ്യാഖ്യാതാക്കളും കലിയുടെ അഞ്ചാമത്തെ സ്ഥാനം സ്വര്‍ണത്തിനാണ് നല്‍കുന്നത്. എന്നാല്‍ ആഗമങ്ങള്‍ പൊതുവെ സ്വര്‍ണത്തെ മംഗളവസ്തുവായിട്ടാണ് കണക്കാക്കുന്നത്. കലിക്ക് മംഗളവസ്തുക്കളില്‍ സ്ഥാനം നല്‍കുന്നത് ഉചിതമാകുന്നില്ല. ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ കര്‍മങ്ങളിലും ദേവീദേവന്മാര്ക്ക് ആഭരണങ്ങളായും സ്വര്‍ണം ഉപയോഗിക്കാറുണ്ടല്ലോ. കലി ബാധിച്ച വസ്തുക്കളെ ഇപ്രകാരം ഉപയോഗിക്കാന്‍ സാധിക്കുമോ? ഈ സമസ്യ കാരണം ചില വ്യാഖ്യാതാക്കള്‍ പല കഥകളും നിരത്തുന്നുണ്ട്. മംഗള വസ്തുക്കളില്‍ ഒന്നിലെങ്കിലും തനിക്ക് സ്ഥാനം നല്കാന് കലി നിര്‍ബ്ബന്ധിച്ചപ്പോള്‍ പരീക്ഷിത്ത് സ്വര്‍ണം അനുവദിച്ചുവെന്നും, സ്വര്‍ണം അനുവദിച്ചതിനാലാണ് സ്വര്ണക്കിരീടമണിഞ്ഞിരുന്ന പരീക്ഷിത്തിന് കുറച്ചു സമയത്തേക്ക് സുബോധം നഷ്ടപ്പെട്ടതെന്നും, അതിനാലാണ് ക്രോധം പൂണ്ട് മുനിയുടെ കഴുത്തില്‍ ചത്ത പാമ്പിനെ എടുത്തിട്ടതെന്നും മറ്റുമുള്ള കഥകള്‍ പ്രസിദ്ധമാണല്ലോ.
കലിക്ക് നല്കപ്പെട്ട സ്ഥാനങ്ങള്‍ സംബന്ധിച്ച് വ്യാസന്റെ ഭാഗവതം ഇപ്രകാരമാണ് വ്യക്തമാക്കുന്നത്:
അഭ്യര്ത്ഥിതസ് തദാ തസൈമ
സ്ഥാനാനി കലയേ ദദൗ
ദ്യൂതം പാനം സ്ത്രിയഃ സൂനാ
യത്രാധര്മശ്ചതുര്വിധഃ
പുനശ്ച യാചമാനായ
ജാതരൂപമദാത് പ്രഭൂഃ
തതോള നൃതം മദം കാമം
രജോ വൈരം ച പഞ്ചമം (1.17.38-39)
(ഇപ്രകാരം അഭ്യര്‍ത്ഥിക്കപ്പെട്ട രാജാവ് കലിക്ക് വ്യാജവൃത്തി, മദ്യപാനം, സ്ത്രീസേവ, പ്രാണിഹിംസ എന്നിങ്ങനെ നാലുവിധം അധര്‍മം എവിടെയുണ്ടോ ആ സ്ഥാനങ്ങള്‍ കൊടുത്തു. പിന്നെയും യാചിച്ചുകൊണ്ടിരുന്ന കലിക്ക് കാപട്യം, രജോഗുണപ്രധാനങ്ങളാകുന്ന ഉന്മാദം, കാമം, വൈരം, വിരോധം എന്നീ മാനസികാവസ്ഥകളും അഞ്ചാമതായി അനുവദിച്ചു.)
‘ജാതരൂപം’ എന്ന വാക്കിന് സ്വര്‍ണം എന്നര്‍ത്ഥവുമുണ്ട്. ഇതിനാലാണ് എഴുത്തച്ഛനും മറ്റ് വ്യാഖ്യാതാക്കളും അഞ്ചാമത്തെ സ്ഥാനമായി സ്വര്‍ണത്തെ സ്വീകരിച്ചത്. എന്നാല്‍ മുന്‍പ് പറഞ്ഞിട്ടുള്ള നാല് തരം അധര്മങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ (ജാതരൂപം) ആകുന്ന കാപട്യം, രജോഗുണ പ്രധാനങ്ങളാകുന്ന ഉന്മാദം, കാമം, വൈരം എന്നീ മാനസിക വൃത്തികളെയാണ് അഞ്ചാമതായി നല്‍കിയത്. പക്ഷേ വ്യാഖ്യാതാക്കള്‍ പൊതുവെ സ്വര്‍ണത്തിന് അഞ്ചാം സ്ഥാനം കൊടുക്കുകയും, വൈരമെന്നത് സ്വര്‍ണം നിമിത്തമുണ്ടാകുന്ന മാനസികാവസ്ഥയാണെന്ന് കരുതുകയും ചെയ്യുന്നു. ഇവിടെ പ്രശ്നം, വൈരം അഥവാ വിരോധം എപ്പോഴും സ്വര്‍ണം മൂലമാകണമെന്നില്ല എന്നതാണ്. വ്യാജവൃത്തി, മദ്യപാനം, സ്ത്രീസേവ, ഹിംസ എന്നിവ മൂലവും വിരോധമുണ്ടാകാം. ഇപ്രകാരം ദ്യൂതത്തിന് ചൂതുകളി എന്നര്‍ത്ഥം കൊടുക്കുന്നവര്‍, ചൂതുകളി മൂലമാണ് അസത്യം അഥവാ കാപട്യം ഉണ്ടാകുന്നതതെന്നും വ്യാഖ്യാനിക്കുന്നുണ്ട്. പക്ഷേ ചൂതുകളികൊണ്ടു മാത്രമല്ലല്ലോ അസത്യമുണ്ടാകുന്നത്. മദ്യപാനം, സ്ത്രീസേവ, ഹിംസ എന്നിവ കാരണമായും അസത്യമുണ്ടാവാം. അതിനാല്‍ കലിക്ക് ആദ്യം ലഭ്യമായത് വ്യാജവൃത്തി, മദ്യപാനം, സ്ത്രീസേവ, ഹിംസ എന്നിവ നടക്കുന്ന നാല് സ്ഥാനങ്ങളാണ്. അഞ്ചാമതായി ലഭിച്ചത് കാപട്യം, ഉന്മാദം, കാമം, വൈരം എന്നീ മാനസികാവസ്ഥകളുമാണ്. ആദ്യം ബാഹ്യ സ്ഥാനങ്ങളില്‍ മാത്രം സ്ഥാപിക്കപ്പെട്ടിരുന്ന കലി രണ്ടാമതായി അന്തരംഗത്തിലെ ദുര്ഗുണവൃത്തികളിലും സ്ഥാപിതമായി. ബാഹ്യപ്രവൃത്തികളില് മാത്രമല്ല കളങ്കമുള്ള മനസ്സുകളിലും കലിക്ക് രണ്ടാമതായി സ്ഥാനം ലഭിച്ചുവെന്നര്‍ത്ഥം. ബാഹ്യവൃത്തികള്‍ ദുഷിച്ചവയായാല് അവ മനസ്സിനെയും ദുഷിപ്പിക്കുന്നു. അതിനാല്‍ കലി അവിടെയും കയറിപ്പറ്റുന്നു.
പരീക്ഷിത്തിന് കലിയെ ഇല്ലാതാക്കാന്‍ വേണ്ടുന്നത്ര ആത്മീയ തേജസ്സുണ്ടായിരുന്നിട്ടും അതു ചെയ്യാതെ ചുരുക്കം ചില സ്ഥാനങ്ങളായാലും അതിന് നല്‍കിയത് എന്തിനെന്ന ചോദ്യം ഭാഗവതം ചര്‍ച്ച ചെയ്യുന്നുണ്ട്. കലിയുടെ പ്രഭാവത്തില്‍ ജീവിച്ചു വലയുന്നവരാകയാല് കലിയുഗത്തിലെ മനുഷ്യര്‍ക്ക് കഠിന സാധനകള്‍ അനുഷ്ഠിക്കാതെ നാമജപം കൊണ്ടുമാത്രവും മുക്തി പ്രാപിക്കാമെന്ന് ഭാഗവതം ഉദ്ഘോഷിക്കുന്നു. എന്നാല്‍ കലിയെ പരീക്ഷിത്ത് കൊല്ലാതിരുന്നതിനു പിന്നില്‍ താത്ത്വികമായ ഒരു ദര്‍ശനവുമുണ്ട്. കലി അഥവാ അധര്‍മകാരിയായ പ്രതികൂലശക്തി തമോഗുണത്തിന്റെ വിസ്താരമാകുന്നു. പ്രപഞ്ചം ത്രിഗുണാത്മകമാണെന്നതും, തമോഗുണം മറ്റ് ഗുണങ്ങള്‍ക്കൊപ്പം സൃഷ്ടിക്ക് അനിവാര്യമാണെന്നതും മുന്‍പ് സൂചിപ്പിച്ചിരുന്നുവല്ലോ. അതിനാല്‍ കലിയുടെ വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ മാത്രമേ സാധിക്കൂ, അതിനെ നിശ്ശേഷം ഇല്ലാതാക്കാനാവില്ല.
മഹാഭാഗവതമുള്പ്പെടെ ഭാരതത്തിലെ പൗരാണിക കൃതികളില്‍ സമൃദ്ധമായി കാണപ്പെടുന്ന ‘മിത്തു’കള്‍ പ്രതീകാത്മകമാണ്. അവ പ്രതിനിധാനം ചെയ്യുന്ന സത്യദര്‍ശനങ്ങളുടെ സാരം ഉള്‍ക്കൊള്ളാന്‍ സംസ്കൃത ഭാഷാജ്ഞാനവും ഗാഢമായ വായനയും ആവശ്യമാണ്. ഭാഗവതത്തിലെ മിത്തുകള്‍ പ്രപഞ്ചസത്യത്തെ പുല്കുന്നതും, വ്യക്തികളെ ആത്മജ്ഞാനത്തിലേക്ക് നയിക്കുന്നതുമാണ്.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: