മുംബൈ: ഹിന്‍ഡന്‍ബര്‍ഗിന്റെ ആദ്യ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ തകര്‍ന്നടിഞ്ഞതായിരുന്നു അദാനി ഓഹരികള്‍. അന്നേരം അദാനിയെ രക്ഷിച്ചത് ജിക്യുജി പാര്‍ട്നേഴ്സ് എന്ന കമ്പനിയാണ്. അവര്‍ നിക്ഷേപിച്ചത് 8700 കോടി രൂപയായിരുന്നു. പിന്നീട് പല ഘട്ടങ്ങളിലായി ചെറിയ ചെറിയ തുകകള്‍ നിക്ഷേപിച്ചു. ഇപ്പോള്‍ ജിക്യുജി എന്ന അമേരിക്കന്‍ അടിസ്ഥാനമായുള്ള ഈ കമ്പനിയുടെ നിക്ഷേപം 80000 കോടി രൂപയായി മാറിയിരിക്കുന്നു.
ഹിന്‍ഡന്‍ബര്‍ഗിന്റെ പരാജയം തന്നെയാണ് ജിക്യുജി നേടിയ ഈ വിജയം. എന്നാല്‍ ഈയിടെ ഹിന്‍ഡന്‍ബര്‍ഗ് അദാനിയെയും അദാനിയെ പിന്തുണച്ച സെബിയെയും തകര്‍ക്കാന്‍ രണ്ടാമതും റിപ്പോര്‍ട്ട് കൊണ്ടുവന്നെങ്കിലും ഒരു ചുക്കും സംഭവിച്ചില്ല. ഓഹരി വിപണിയും അദാനിയും ഒരുപോലെ മുകളിലേക്ക് കുതിക്കുകയാണ്.
വെള്ളിയാഴ്ച വീണ്ടും അദാനി ഗ്രൂപ്പ് കമ്പനിയില്‍ വന്‍നിക്ഷേപം നടത്തി ജിക്യുജി
ഇക്കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അംബുജ സിമന്റ്സിന്റെ 1.79 കോടി ഓഹരികള്‍ 1679 കോടി രൂപയ്ക്കാണ് ജിക്യുജി സ്വന്തമാക്കിയത്. അംബുജ ഗ്രൂപ്പിന്റെ പ്രൊമോട്ടര്‍മാരായ അദാനി കുടംബം തന്നെ വിറ്റഴിക്കാന്‍ വെച്ച ഓഹരികളാണ് ഓഹരിയൊന്നിന് 625.50 രൂപ എന്ന തോതില്‍ ജിക്യുജി വാങ്ങിയത്.
ഹിന്‍ഡന്‍ബര്‍ഗ് അദാനിയ്ക്കെതിരെ ഉയര്‍ത്തിയ അടിസ്ഥാനരഹിതമായ ഒരു പിടി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അദാനി ഓഹരികള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ അത് വാങ്ങാന്‍ 2023 ആഗസ്തിലാണ് ജിക്യുജി പാര്‍ട്നേഴ്സ് ആദ്യമായി രംഗത്തെത്തുന്നത്. ആദ്യം നിക്ഷേപിച്ചത് 8700 കോടി രൂപ. ആ ഘട്ടത്തില്‍ അദാനി കമ്പനികളുടെ ആകെ വിപണി മൂല്യം വെറും ഏഴ് ലക്ഷം കോടിയായി അധപതിച്ചിരുന്നു. എന്നാല്‍ ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം അദാനിയുടെ വിപണി മൂല്യം 17.1 ലക്ഷം കോടിയായി ഉയര്‍ന്നു. എങ്കിലും പഴയ പ്രതാപത്തിലേക്ക് അദാനി ഗ്രൂപ്പ് എത്താന്‍ ഇനിയും താമസമെടുക്കുന്നത്.
അദാനി ഗ്രൂപ്പില്‍ ജിക്യുജി ഏറ്റവുമധികം പണം മുടക്കിയിരിക്കുന്നത് അദാനി പവറിലും അദാനി ഗ്രീന്‍ എനര്ജിയിലുമാണ്. ഈ രണ്ട് കമ്പനികളിലും ഏകദേശം ഏഴ് ശതമാനത്തോളം വീതം ഓഹരികള്‍ ജിക്യുജി പാര്‍ട്നേഴ്സ് കൈക്കലാക്കിയിട്ടുണ്ട്. അദാനി എനര്‍ജി സൊലൂഷന്‍സില്‍ 6.6 ശതമാനം ഓഹരികള്‍ ഉണ്ട്.
മയാമി സര്‍വ്വകലാശാലയില്‍ നിന്നും എംബിഎ എടുത്ത ജെയിന് ആണ് ജിക്യുജി പാര്‍ട്നേഴ്സിന്റെ സിഇഒ. ഇദ്ദേഹം ഇന്ത്യയില്‍ നിന്നും ആസ്ത്രേല്യയിലേക്ക് പോയി അവിടെ ആരംഭിച്ചതാണ് ജിക്യുജി പാര്‍ട്നേഴ്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: