ലഖ്നൗ: ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം ദേശവിരുദ്ധ പദ്ധതിയുടെ ഗൂഢാലോചനയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ തെരഞ്ഞെടുപ്പ് ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് മാത്രമല്ല, ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഓരോ ഭാരതീയനും പ്രധാനമാണ്. അബ്ദുള്ള കുടുംബവുമായി ചേര്‍ന്ന് സോണിയാ കുടുംബം പാക് അനുകൂല നിലപാടുകള്‍ സ്വീകരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യം ദേശീയ സുരക്ഷയെയും ഭരണഘടനയോടുള്ള പ്രതിബദ്ധതയെയും കുറിച്ച് വലിയ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. നിയന്ത്രണരേഖ കടന്ന് വ്യാപാരം തുടങ്ങാനുള്ള നാഷണല്‍ കോണ്‍ഫറന്‍സിന്റെ തീരുമാനത്തെക്കുറിച്ച് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം. ജമ്മു കശ്മീരിന് പ്രത്യേക പതാക വേണം എന്നാണ് എന്‍സി വാദിക്കുന്നതെന്ന് യോഗി ആദിത്യനാഥ് എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.
താഴ്വരയില് ഭീകരതയും ജിഹാദിസവും വളര്‍ത്തിയ നാഷണല്‍ കോണ്‍ഫറന്‍സുമായി കോണ്‍ഗ്രസ് കൈകോര്‍ക്കുന്നത് അവരുടെ അജണ്ട പുറത്തുകൊണ്ടുവരുന്നതാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി പറഞ്ഞു. അധികാരത്തിനുവേണ്ടി രാജ്യത്തിന്റെ സുരക്ഷ, ഐക്യം, അഖണ്ഡത എന്നിവയില്‍ അവര്‍ ആവര്‍ത്തിച്ച് വിട്ടുവീഴ്ച ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
സപ്തംബര്‍ 18, 25, ഒക്ടോബര്‍ ഒന്ന് തീയതികളിലായി മൂന്ന് ഘട്ടമായാണ് ജമ്മു കശ്മീരില്‍ പോളിങ്. ഫലം ഒക്ടോബര്‍ 4 ന് പ്രഖ്യാപിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 27 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: