കൊച്ചി : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംസ്ഥാനത്തെ ചലച്ചിത്ര, സാംസ്കാരിക, സിനിമാ മേഖലയില്‍ സൃഷ്ടിച്ച പ്രകമ്പനങ്ങള്‍ തുടരവെ താര സംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി നടന് സിദ്ദിഖിനെതിരെയും ലൈംഗികാരോപണം.യുവനടി രേവതി സമ്പത്താണ് സിദ്ദിഖ് പീഡനത്തിനിരയാക്കിയെന്ന ആരോപണവുമായി രംഗത്ത് വന്നത്.
വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നതെന്നും ചെറിയ പ്രായത്തിലാണ് പീഡിപ്പിക്കപ്പെട്ടതെന്നും നടി പറഞ്ഞു. പ്ലസ് ടു കഴിഞ്ഞു നില്ക്കുന്ന സമയത്താണ് പീഡനം നടന്നത്.ഒരു സിനിമ പ്രോജക്റ്റ് ഉണ്ട്, സംസാരിക്കണമെന്ന് പറഞ്ഞാണ് വിളിച്ചു വരുത്തിയത്. സ്വന്തം അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയെന്നും രേവതി സമ്പത്ത് ആരോപിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുളളത് ക്രിമിനല്‍ ആക്റ്റിവിറ്റി എന്നു പറഞ്ഞ സിദ്ദിഖ് അങ്ങനെയെങ്കില്‍ ക്രിമിനല്‍ അല്ലേയെന്നാണ് നടിയുടെ ചോദ്യം. ജീവിതത്തില്‍ അത്രത്തോളം അനുഭവിച്ചെന്നും നിയമനടപടിക്കൊന്നും ഇല്ലെന്നും രേവതി സമ്പത്ത് പറഞ്ഞു.തന്റെ സുഹൃത്തുക്കള്‍ക്കും സിദ്ദിഖിന്റെ ഭാഗത്തു നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഉന്നതരായ പലരില്‍ നിന്നും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് സുഹൃത്തുക്കളും വെളിപ്പെടുത്തിയിട്ടുണ്ടെന്നും നടി പ്രതികരിച്ചു.
പലപ്പോഴായി പലരോടും പലതവണ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ആരും തനിക്കൊപ്പം നില്ക്കാന് തയാറായില്ലെന്നും നടി രേവതി സമ്പത്ത് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വലിയ പ്രതീക്ഷയുണ്ടെന്ന് നടി പറഞ്ഞു. റിപ്പോര്‍ട്ടില്‍ തുടര്‍നടപടി സ്വീകരിക്കുന്നതിലാണ് കാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: