കോട്ടയം: കെഎസ്ഇബിയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ക്ഷാമമെന്ന് വരുത്തിത്തീര്‍ക്കാന്‍ ഗൂഢശ്രമം. കണ്ണില്‍ ചോരയില്ലാത്ത നിരക്ക് വര്‍ദ്ധനയ്‌ക്കും കെടു കാര്യസ്ഥതയ്‌ക്കും ഞെട്ടിക്കുന്ന ശമ്പള വര്‍ദ്ധനയ്‌ക്കും പേരുകേട്ട പൊതുമേഖലാ സ്ഥാപനമായ കെഎസ്ഇബി അടുത്ത തീവെട്ടി കൊള്ളയ്‌ക്കുള്ള അരങ്ങൊരുക്കുകയാണ് ഇത്തരമൊരു പ്രചാരണം വഴിയെന്ന ആക്ഷേപമാണ് ഉയരുന്നത്. 15,000 കോടിയുടെ വൈദ്യുതിയാണ് ഇക്കൊല്ലം കെഎസ്ഇബി വാങ്ങാനിരിക്കുന്നതെന്നും അതുമായി ബന്ധപ്പെട്ട ചുമതലകള്‍ നിര്‍വഹിക്കാന്‍ ആവശ്യത്തിന് ഉന്നത ഉദ്യോഗസ്ഥരില്ലെന്നുമാണ് പ്രചാരണം. പണ്ട് ഒരു ചീഫ് എന്‍ജിനീയര്‍ മാത്രം ഉണ്ടായിരുന്ന കെഎസ്ഇബിയില്‍ ഇപ്പോള്‍ 12 ഓളം ചീഫ് എന്‍ജിനീയര്‍മാരാണ് ഉള്ളത് ഇവര്‍ക്കൊക്കെയും രണ്ടര ലക്ഷത്തോളമാണ് ശമ്പളമായി നല്‍കുന്നത്. ഇടക്കാലത്തുണ്ടായ ശമ്പളവര്‍ദ്ധന ജീവനക്കാരെ പോലും ഞെട്ടിക്കുന്നതായിരുന്നു. ചീഫ് സെക്രട്ടറിക്ക് സമ്മാനമായ ആനുകൂല്യങ്ങളാണ് പലരും പറ്റുന്നത്. ഇതിന്റെയൊക്കെ ഭാരം പേറുന്നതു പൊതുജനങ്ങളും .ഏകപക്ഷീയമായി നിരക്ക് വര്‍ദ്ധന നടപ്പാക്കുകയും നിരന്തരം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തിട്ടും കണക്കില്‍ കവിഞ്ഞ് ശമ്പളം വര്‍ധിപ്പിക്കാന്‍ ഒരുളുപ്പും കെഎസ്ഇബി കാണിച്ചില്ല. അടുത്തിടെ സ്വാഭാവികമായ വിരമിക്കല്‍ മൂലം കുറച്ച് ജീവനക്കാരുടെ കുറവ് ഉണ്ടായിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ക്ഷാമം എന്ന പേരില്‍ പ്രമുഖ മാധ്യമങ്ങളെ കൂട്ടുപിടിച്ച് വാര്‍ത്ത പ്രചരിപ്പിക്കുന്നത്. പുതിയ ഉന്നത തസ്തികകള്‍ കൂടുതലായി സൃഷ്ടിച്ച് കുറേപ്പേരെക്കൂടി കുടിയിരുത്തുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: