ബെംഗളൂരു : 16ാം നൂറ്റാണ്ടില്‍ മേവാറിലെ ഹിന്ദു രാജ്ഞിയായ കര്‍ണ്ണാവതി അയല്പക്കത്തെ രാജാവിന്റെ ആക്രമണത്തില്‍ നിന്നും രക്ഷനേടാന്‍ മുഗള്‍ ചക്രവര്‍ത്തിയായ ഹുമയൂണിന് ഒരു ചരട് അയച്ചുകൊടുത്തെന്നാണ് രാജ്യസഭാ എംപിയും പുസ്തകരചയിതാവും ഇന്‍ഫോസിസ് ഫൗണ്ടേഷന് അധ്യക്ഷയുമായ സുധാമൂര്‍ത്തി പറയുന്നത്. തന്നെ സഹോദരിയായി കണ്ട് ജീവന് രക്ഷിക്കണം എന്നായിരുന്നു മേവാറിലെ രാജ്ഞിയുടെ അപേക്ഷ.
അതിന്റെ അടിസ്ഥാനത്തില്‍ ഹുമയൂണ്‍ ചക്രവര്‍ത്തി മേവാര്‍ രാജ്ഞിയായ കര്ണ്ണവതിയെ സഹോദരിയായി കണക്കാക്കി അയല്‍രാജാവിന്റെ ആക്രമണത്തില്‍ നിന്നും കാത്ത് രക്ഷിച്ചു എന്നതാണ് രാഖിയുടെ പിന്നിലെ കഥയെന്ന് സുധാമൂര്‍ത്തി ഈയിടെ വിശദീകരിച്ചിരുന്നു.
ബിജെപിയോടും പ്രധാനമന്ത്രിയോടും ചായ് വുള്ള വനിതാ നേതാവാണ് സുധാമൂര്ത്തിയെങ്കിലും രാഖിയുടെ ഉല്പത്തി സംബന്ധിച്ചുള്ള ഈ കഥ തെറ്റാണെന്ന് ഹിന്ദു സംഘടനയായ ജനജാഗ്രതിയുടെ നേതാവും അഭിഭാഷകയുമായ അമിതാ സച് ദേവ പറയുന്നു. സുധാമൂര്ത്തിക്കെതിരെ ആശയപ്പോരാട്ടത്തിന്റെ പാതയിലാണ് അമിതാ സച് ദേവ്.
ദേവി ഇന്ദ്രാണിയുമായി ബന്ധപ്പെട്ടാണ് യഥാര്‍ത്ഥത്തില്‍ രക്ഷാബന്ധന് എന്ന സങ്കല്പത്തിന്റെ പിറവി എന്നാണ് അമിതാ സച് ദേവ് അവകാശപ്പെടുന്നത്. ദേവി ഇന്ദ്രാണി ഭര്‍ത്താവായ ചക്രവര്‍ത്തി ഇന്ദ്രദേവിന്റെ കൈകളില്‍ ചരട് കെട്ടുമായിരുന്നു. തനിക്ക് ഒരു രക്ഷാകവചം എന്ന നിലയിലാണ് ദേവി ഇന്ദ്രാണി ഈ ചരട് ഭര്‍ത്താവിന്റെ കൈത്തണ്ടയില്‍ കെട്ടിയത്. ഹിന്ദു പുരാണങ്ങളിലൊന്നായി ഭവിഷ്യ പുരാണത്തിലും രാഖിയുടെ ജനനം സംബന്ധിച്ച് വ്യക്തമായ സൂചനയുണ്ട്. അസുരന്മാരുമായി ഇന്ദ്രദേവന് യുദ്ധം ചെയ്തെങ്കിലും അസുരന്മാരുടെ ആക്രമണത്തിന് മുന്പില് പിടിച്ചു നില്ക്കാന് കഴിയാതെ തളര്‍ന്നിരുന്നു. ഗുരു ബൃഹസ്പതിയുടെ ഉപദേശപ്രകാരം ഇന്ദ്രാണി രഹസ്യമന്ത്രങ്ങളുരുവിട്ട് തന്റെ കയ്യിടെ ചരടിന് ശക്തി പകരാന്‍ തുടങ്ങി. ശ്രാവണി പൂര്‍ണ്ണിമയിലെ പൂര്ണ്ണചന്ദ്രന് ഉദിച്ചുവന്ന ദിവസത്തിലായിരുന്നു ഇന്ദ്രാണിയുടെ തപവും ജപവും. ഇതോടെ ചരടിന് മുഴുവന്‍ ഊര്‍ജ്ജവും ലഭിച്ചു. ഈ ചരട് ഇന്ദ്രാണി ജപിച്ച് ഭര്‍ത്താവിന്റെ കൈത്തണ്ടയില്‍ കെട്ടിക്കൊടുത്തു. അതോടെ വര്‍ധിതവീര്യനായ ഇന്ദ്രദേവന് അസുരന്മാര്‍ക്കെതിരെ യുദ്ധം ജയിച്ചു. ഇതോടെയാണ് സ്ത്രീ പുരുഷന്റെ കൈത്തണ്ടയില്‍ സുരക്ഷിതത്വത്തിനായുള്ള ചരട് കെട്ടുക എന്ന പതിവ് ആരംഭിച്ചത്.
സുധാമൂര്‍ത്തിയുടെ കഥ രക്ഷാബന്ധന്റെ യഥാര്‍ത്ഥ ചരിത്രം വളച്ചൊടിക്കുന്ന ഒന്നായിപ്പോയി എന്ന് അഭിഭാഷകയായ അമിതാ സച് ദേവും കൂട്ടരും വാദിക്കുന്നു. രാഖിയുടെ പിറവിയെക്കുറിച്ചുള്ള തന്റെ സമൂഹമാധ്യമപോസ്റ്റ് പിന്‍വലിക്കാന്‍ പലയിടത്തു നിന്നും സമ്മര്‍ദ്ദമുണ്ടായിട്ടും സുധാമൂര്‍ത്തി അതിന് തയ്യാറായില്ല. ഇതോടെ അഭിഭാഷകയായ അമിത സച് ദേവ് ഇന്റലിജന്റ് ഫ്യൂഷന്‍ ആന്റ് സ്ട്രാറ്റജിക് ഓപ്പറേഷനിലും ദല്‍ഹി പൊലീസിന്റെ സൈബര്‍ ക്രൈം യൂണിറ്റിലും പരാതി നല്‍കുകയായിരുന്നു. ഇപ്പോള്‍ മഥുരയിലെ ഗ്യാന്‍ വാപി പള്ളി ഹിന്ദുക്കളുടെ ആരാധനാലയമാണെന്ന് അവകാശപ്പെട്ട് കേസ് നടത്തുന്ന അഭിഭാഷക കൂടിയാണ് അമിതാ സച് ദേവ്.
ഇതോടെയാണ് സുധാമൂര്‍ത്തി സമൂഹമാധ്യമത്തില്‍ തന്റെ വീഴ്ച ചൂണ്ടിക്കാട്ടി മറ്രൊരു പോസ്റ്റ് ഇട്ടത്. രാഖിയുടെ ഉല്പത്തി സംബന്ധിച്ച് പല കഥകളും നാട്ടില്‍ നിലവിലുണ്ടെന്നും അതില്‍ ഒരു കഥ മാത്രമാണ് കര്‍ണ്ണാവതി രാജ്ഞിയെയും മുഗള്‍ ചക്രവര്‍ത്തിയായ ഹുമയൂണിനെയും ചേര്‍ത്തുള്ള കഥയെന്നും സുധാമൂര്‍ത്തി സമൂഹമാധ്യമത്തില്‍ കുറിച്ചു. ഇതല്ല യഥാര്‍ത്ഥത്തിലുള്ള രാഖിയുടെ ഉല്പത്തിക്കഥയെന്ന് ഇപ്പോള്‍ മനസ്സിലായെന്നും സുധാമൂര്‍ത്തി എഴുതി. ഇതോടെ വിവാദം കെട്ടടങ്ങിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: