കണ്ണൂര്‍: സ്‌കൂളുകളിലെ മുട്ട, പാല്‍ വിതരണത്തില്‍ കര്‍ശന പരിശോധനയുമായി വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പോഷകാഹാര പദ്ധതിയുടെ ഭാഗമായ മുട്ട, പാല്‍ വിതരണത്തിന് പ്രത്യേകം തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനാദ്ധ്യാപക സംഘടനകളായ കെപിപിഎച്ച്എ, കെപിഎസ്എച്ച്എ എന്നിവ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഏറെക്കാലത്തെ വാദപ്രതിവാദങ്ങള്‍ക്കുശേഷം കോടതിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് ഇവയുടെ വിതരണത്തിന് ജൂണില്‍ ചെലവായ തുക അനുവദിച്ച് ഈ മാസം 1ന് ഗവണ്‍മെന്റ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉത്തരവിനെ തുടര്‍ന്ന് നൂണ്‍ മീല്‍ ഓഫീസര്‍മാര്‍ സ്‌കൂളുകള്‍ കയറിയിറങ്ങി പരിശോധന തുടങ്ങി. പാലിന്റെ അളവും മുട്ടയുടെ എണ്ണവുമാണ് പരിശോധിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് ആഴ്ചയില്‍ ഒരു മുട്ട പുഴുങ്ങിയതും രണ്ടുതവണ 150 മി.ലി. വീതം പാലുമാണ് നല്‍കേണ്ടത്. കമ്പോളവിലയിലും കുറഞ്ഞ നിരക്കിലാണ് തുക അനുവദിച്ചത്. മുട്ടയും പാലും സ്‌കൂളിലെത്തിക്കുന്നതിനുള്ള കടത്തുകൂലിയും പാചകവാതകത്തിന്റെ വിലയും അനുവദിച്ചിട്ടുമില്ല.
അഡ്വാന്‍സായി തുക ലഭിക്കണമെന്നതും പ്രധാനാധ്യാപകരുടെ ആവശ്യമാണ്. ഈയിനത്തില്‍ ജൂലൈ മാസം കടം വാങ്ങിയും മറ്റും ചെലവാക്കിയ തുക ഇതുവരെയും അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കുന്നുണ്ട്. മാര്‍ച്ച് മാസം വരെ മുട്ട, പാല്‍ വിതരണത്തിന് ചെലവാക്കിയ തുക എപ്പോള്‍ അനുവദിക്കും എന്ന ചോദ്യത്തിന് സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്.
ഇവയുടെ വിതരണത്തിനായി ചെലവാകുന്ന മുഴുവന്‍ തുകയും അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ (കെപിപിഎച്ച്എ) സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍, പ്രസിഡന്റ് പി. കൃഷ്ണപ്രസാദ് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: