ന്യൂദല്‍ഹി: ആരംഭം മുതലുള്ള ഐഎസ്ആര്‍ഒയുടെ യാത്ര ഏറെ മനോഹരമായിരുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ബഹിരാകാശ മേഖലയില്‍ ഐഎസ്ആര്‍ഒയുടെ ഇക്കാലയളവിലെ നേട്ടങ്ങളെല്ലാം അവിസ്മരണീയമാണ്. രാജ്യത്തിന്റെ സാമൂഹ്യ, സാമ്പത്തിക വികസനത്തില്‍ ഇസ്രോയുടെ സംഭാവനകള്‍ അമൂല്യമാണെന്നും രാഷ്ട്രപതി പറഞ്ഞു.
ഭാരത് മണ്ഡപത്തില്‍ നടന്ന പ്രഥമ ദേശീയ ബഹിരാകാശ ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി. വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങിയതിന്റെ വാര്‍ഷിക ദിനമാണ് ദേശീയ ബഹിരാകാശ ദിനമായി ആഘോഷിക്കുന്നത്.
അനിതരസാധാരണമായ പുരോഗതിയാണ് ഭാരതത്തിന്റെ ബഹിരാകാശ ദൗത്യങ്ങളില്‍ സംഭവിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു.
പരിമിത വിഭവങ്ങള്‍ ഉപയോഗിച്ച് ചാന്ദ്രദൗത്യം വിജയിപ്പിച്ചതും നൂറുകണക്കിന് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിച്ചതും മുര്‍മു ചൂണ്ടിക്കാട്ടി. ബഹിരാകാശ ശാസ്ത്രത്തില്‍ രാജ്യത്തുണ്ടാകുന്ന തുടര്‍ച്ചയായ പുരോഗതി പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ പ്രാപ്തമാണ്. ബഹിരാകാശത്ത് നാം കൈവരിച്ച പുതിയ നേട്ടങ്ങള്‍ മനുഷ്യശേഷിയുടെ മികവിന്റെ തെളിവാണ്.
നമ്മുടെ സങ്കല്പങ്ങള് പലതും യാഥാര്‍ത്ഥ്യമാവുന്നു. എന്നാല്‍ ഏറെ വെല്ലുവിളികളുള്ള മേഖലയാണിത്. ഇസ്രോ അവിടെ വലിയ പുരോഗതി കൈവരിക്കുന്നു. ഇസ്രോക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായും രാഷ്ട്രപതി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കളും പ്രഥമ ദേശീയ ബഹിരാകാശ ദിനത്തിന് ആശംസകളര്‍പ്പിച്ചു. നമ്മുടെ ശാസ്ത്രജ്ഞരുടെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനുള്ള ദിനമാണിതെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
ശാസ്ത്രജ്ഞരുടെ സംഭാവനകളെ വാഴ്ത്താനുള്ള സുദിനം കൂടിയാണിത്. ബഹിരാകാശ മേഖലയുടെ സമഗ്ര ഭാവിക്കായി കേന്ദ്രം പദ്ധതികള്‍ തയാറാക്കിയിട്ടുണ്ടെന്നും ഉടന്‍ നടപ്പിലാക്കുമെന്നും വരുംകാലങ്ങളില്‍ പുരോഗതി കൈവരിക്കുമെന്നും പ്രധാന മന്ത്രി എക്സിലൂടെ അറിയിച്ചു.
ബഹിരാകാശ ശാസ്ത്രജ്ഞര്‍ കൈവരിച്ച വിജയങ്ങള്‍ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ഭാവിക്കായി പ്രതിബദ്ധരാണെന്നും അദ്ദേഹം കുറിച്ചു.
രാജ്യമെങ്ങും വിവിധ പരിപാടികളോടെയാണ് ദേശീയ ബഹിരാകാശ ദിനം ആചരിച്ചത്. കഴിഞ്ഞ വര്‍ഷം ആഗസ്ത് 23ന് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയ നാലാമത്തെ രാജ്യവും ദക്ഷിണ ധ്രുവ മേഖലയില്‍ കാലുകുത്തിയ ആദ്യ രാജ്യവുമായി ഭാരതം മാറി.
ഈ സുവര്‍ണ നേട്ടത്തെ ആദരിക്കുന്നതിനായി പ്രധാനമന്ത്രിയാണ് ആഗസ്ത് 23 ദേശീയ ബഹിരാകാശ ദിനം ആയി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: