കൊച്ചി: മീൻ ചോദിച്ചിട്ട് നൽകാത്ത വിരോധം മൂലം മത്സ്യകച്ചവടക്കാരനെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. കഴുപ്പിള്ളി തറയിൽ വീട്ടിൽ പ്രവീൺ (31) നെയാണ് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്.
മുനമ്പം മിനി ഫിഷിംഗ് ഹാർബറിലെ മത്സ്യ കച്ചവടക്കാരനായ മുനമ്പം കടുങ്ങി വീട്ടിൽ ജനാർദ്ദനൻ മകൻ ബാബു ( 52 )ആണ് കൊല്ലപ്പെട്ടത്. ശനി രാവിലെ 9.45 ന് ആണ് സംഭവം. ഹാർബറിൽ നിത്യവുമെത്തി ബോട്ടുകളിൽ നിന്നും മറ്റും കറിക്ക് എന്ന പേരിൽ മീൻ വാരിയെടുക്കുന്ന ആളാണ് പ്രതി.
ഇതിനിടെ ബാബു വാങ്ങിയിട്ടിരുന്ന മീൻ കൂട്ടത്തിൽ നിന്നും പ്രതി മീൻ എടുക്കാൻ തുനിഞ്ഞത് ബാബു തടയുകയും വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തു. കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് പോയ ബാബുവിനെ പിൻതുടർന്ന് പ്രതി വീട്ടിൽ എത്തുകയും കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വീടിനകത്ത് നിന്നിരുന്ന ബാബുവിന്റെ കഴുത്തിനു കുത്തുകയുമായിരുന്നു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മൃതദേഹം ഇൻക്വസ്റ്റിന് ശേഷം കളമശേരി മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിൽ മുനമ്പം പോലീസ് ഇൻസ്പെക്ടർ കെ. എസ് സന്ദീപ്, സബ് ഇൻസ്പെക്ടർമാരായ ടി കെ രാജീവ് ,എം ബി സുനിൽകുമാർ എൻഎം സലിം, എഎസ്ഐ മാരായ പി.എ ശ്രീജി, വി.എസ് സുനീഷ് ലാൽ, സിപിഒമാരായ വി.വി വിനീഷ്, മുഹമ്മദ് യാസർ ജിബിൻ എന്നിവർ കേസന്വേഷണത്തിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: