കോട്ടയം: മണിച്ചിത്രത്താഴിന്റെ ആദ്യ പതിപ്പില്‍ നിന്നും പുതിയ ഡിജിറ്റല്‍ പ്രിന്റില്‍ നിന്നും നിന്നും ‘ അക്കുത്തിക്കുത്താനക്കൊമ്പില്‍ ‘ എന്നു തുടങ്ങുന്ന ഗാനം ആലപിച്ച തന്റെ പേര് ഒഴിവാക്കിയതിന്റെ പിന്നാമ്പുറക്കഥ ‘ഓര്‍മ്മച്ചെരാതുകളില്‍’ വെളിപ്പെടുത്തുമെന്ന് ജി വേണുഗോപാല്‍. അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങള്‍: അങ്ങനെ ഏതാണ്ട് മുപ്പത്തിയൊന്നു വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചിത്രത്താഴിന്റെ പുതിയ ഡിജിറ്റല്‍ പ്രിന്റ് ഇറങ്ങിയിരിക്കുന്നു. പഴയ ഒരു തെറ്റ് തിരുത്തി ടൈറ്റില്‍ കാര്‍ഡില്‍ പാടിയ എന്റെ പേരും കൂടി ചേര്‍ക്കും എന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റ് പറ്റിയിരിക്കുന്നു. പുതിയ പ്രിന്റിലും എന്റെ പേരില്ല. അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ സുരേഷ് രവീന്ദ്രനെപ്പോലുള്ള സിനിമാസ്വാദകര്‍ കോളമുകള്‍ എഴുതുന്നു, എഴുതാന്‍ എന്നെയും നിര്‍ബ്ബന്ധിക്കുന്നു.
തല്ക്കാലം എനിക്കറിയാവുന്ന പിന്നാമ്പുറക്കഥ പറയാന്‍ ഇപ്പോള്‍ താല്‍പ്പര്യമില്ല. ‘ഓര്‍മ്മച്ചെരാതുകള്‍ ‘ എന്ന എന്റെ സംഗീത സ്മരണകള്‍ രണ്ടാം വോള്യം ഇറങ്ങുമ്പോള്‍ പറയാന്‍ അത് ബാക്കി വയ്ക്കുന്നു.
എന്നോട് പറഞ്ഞ ഒരു വിശദീകരണം ഇതാണ്. ‘ അക്കുത്തിക്കുത്താനക്കൊമ്പില്‍ ‘ എന്നു തുടങ്ങുന്ന ഗാനം സിനിമയില്‍ മണിച്ചിത്രത്താഴിനുള്ള താക്കോല്‍ ഉരുക്കാനും നാഗവല്ലിയെ നാട് കാണിക്കാന്‍ കൊണ്ടുപോകുമ്പോഴും ഷൂട്ട് ചെയ്ത് തയ്യാറാക്കിയതാണ്. പാട്ട് കൂടി സിനിമയില്‍ ഉള്‍പ്പെടുത്തി നോക്കിയപ്പോള്‍ ഡോ. സണ്ണിയുടെ രംഗപ്രവേശം ഇന്റര്‍വെല്‍ കഴിഞ്ഞു മാത്രമേ സാധ്യമാകൂ. സണ്ണി ഇന്റര്‍വെല്ലിന് മുന്‍പ് വരേണ്ടതുള്ളത് കൊണ്ട് പാട്ട് ടൈട്ടില്‍ ഗാനമാക്കാന്‍ തീരുമാനിക്കുന്നു. എന്റെ പേര് വിട്ടു പോകുന്നു. ഇപ്പൊഴും വിട്ടു പോയി. അത്രേയുള്ളൂ. ??
മണിച്ചിത്രത്താഴില്‍ ഏറ്റവും അവസാനം റിക്കാര്‍ഡ് ചെയ്യുന്ന ഗാനവും ‘അക്കുത്തിക്കുത്ത് ‘ ആണ്. ഞാനും ചിത്രയും സുജാതയുമാണ് ഗായകര്‍.
എന്തായാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഇറങ്ങിയ പ്രിന്റില്‍ തെറ്റ് തിരുത്തിയിട്ടില്ല. പേരില്ല. പക്ഷേ എന്റെ ശബ്ദമുണ്ട്. ഈ ചിത്രത്തിലെ ഗാനങ്ങളുമായി ബന്ധപ്പെടുത്തുന്ന എന്റെ ഓര്‍മ്മകള്‍ക്ക് പകരം വയ്ക്കാന്‍ ഒരു ടൈറ്റില്‍ കാര്‍ഡിനുമാകുകയും ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: