തിരുവനന്തപുരം: ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ്സ് & ടെക്നോളജി എംപ്ലോയീസ് സംഘ് (ബി.എം.എഎസ്) ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ രക്ഷബന്ധന്‍ മഹോത്സവം സംഘടിപ്പിച്ചു.
ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഭാരതീയ ജനതയെ ഒരുമിപ്പിക്കുവാനുള്ള പ്രതീകമായി രക്ഷാബന്ധന് മാറി എന്നതാണ് സ്വാതന്ത്ര്യ സമര ചരിത്രം നമ്മോട് പറയുന്നതെന്ന് രക്ഷാബന്ധന ദിന സന്ദേശം നൽകി ആര്‍എസ്എസ് ശ്രീകാര്യം നഗര്‍ സഹ കാര്യവാഹ് വി. ഷിജിത്ത്.
1905 ല്‍ ബ്രിട്ടീഷ് ഇന്ത്യയുടെ വൈസ്രോയി കഴ്സണ് പ്രഭു ദേശീയതയെ ഇല്ലാതാക്കുവാനും ദേശീയ ജനതയെ ഹിന്ദുവെന്നും, മുസ്ലിം എന്നും വിഭജിക്കാനുമായി എടുത്ത ബംഗാള്‍ വിഭജനം എന്ന തീരുമാനത്തെ പരാജയപ്പെടുത്തുവാനായി ബംഗാള്‍ ജനത ഒറ്റക്കെട്ടായി നടത്തിയ സമരത്തില്‍ അവരെ ഒരുമിച്ചു ചേര്‍ത്തു നിറുത്തിയത് രാഖിയായിരുന്നു.
രാഖി ബന്ധിച്ചു കൊണ്ടാണ് അവര്‍ ഗംഗാസ്നാനം നടത്തി ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണി പോരാളികളായി മാറിയത്. ഭാരതത്തിന്റെ അതുവരെയുള്ള ചരിത്രത്തിലാദ്യമായി ശക്തമായ ബ്രീട്ടീഷ് സാമ്രജ്യത്തെ പരാജയപ്പെടുത്തുവാന്‍ അവര്‍ക്ക് കഴിഞ്ഞു.
1911 ല്‍ ബംഗാള്‍ വിഭജനം റദ്ദാക്കാന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം തീരുമാനം എടുത്തത് ബംഗാളിലെ ദേശീയ ജനത അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് മുന്നോട്ട് വന്നതു കൊണ്ടാണെന്ന് കാണുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് ഒരുമിപ്പിച്ചു നിര്‍ത്തുവാനുള്ള പ്രതീകങ്ങളെ നശിപ്പിച്ച് കൊണ്ടാണ് വിഭജനം സാദ്ധ്യമാക്കിയത്. 1947 ല്‍ ഭാരതം മതത്തിന്റെ പേരില്വെട്ടിമുറിക്കപ്പെട്ടു,
മതത്തിന്റെ അടിസ്ഥാനത്തില്‍ മതരാഷ്ട്രങ്ങള്‍ക്ക് നിലനില്‍പ്പുണ്ട് എന്ന മതമൗലികവാദികളുടെ പ്രഖ്യാപനങ്ങള്‍ക്ക് വഴിപ്പെട്ടതാണ് ഭാരതത്തിന്റെ വിഭജനത്തിന് കാരണമായത്. അതിന്റെ ദുരന്തഫലമാണ് ബംഗ്ലാദേശില്‍ നാം ഇന്ന് കാണുന്നത്.
ഭാരതത്തില്‍ നിന്നും വേര്‍പെട്ടുപോയ പ്രദേശങ്ങള്‍ ഇന്ന് സംഘര്‍ഷ പൂര്‍ണ്ണമാണ്. അവിടെമാകെ രക്തച്ചൊരിച്ചിലുകള്‍ നടക്കുന്നു, രാഷ്ട്രീയ അട്ടിമറികള്‍ നടക്കുന്നു ജനാധിപത്യവും ഹിംസിക്കപ്പെട്ടിരിക്കുന്നുവെന്ന് കാണുമ്പോള്‍ നമുക്ക് മുന്നോട്ട് വയ്ക്കുവാനുള്ളത് ഭാരതത്തിന്റെ സനാതനമായ ദര്‍ശനമാണ്. അതിനു മാത്രമേ ലോകത്തെ ഒരുമിപ്പിക്കുവാന്‍ കഴിയൂ എന്ന് അനുദിനം തെളിയക്കപ്പെട്ടു കൊണ്ടിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
എംപ്ലോയീസ് സംഘ് അദ്ധ്യക്ഷന്‍ അഭിലാഷ് എസ്.ജി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.പട്ടം ഉപനഗര്‍ കാര്യവാഹ് അഭിലാഷ്, എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി രഞ്ജിത്ത് കുമാര്‍ വി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: