- വിജ്ഞാപനം www.cee.kerala.gov.in- ല്‍
- അവസരം പ്രവേശന പരീക്ഷാ കമ്മീഷണര്‍ തയ്യാറാക്കിയ മെഡിക്കല്‍ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക്
- താല്‍ക്കാലിക അലോട്ട്മെന്റ് 27 നും അന്തിമ അലോട്ട്മെന്റ് 29 നും പ്രസിദ്ധീകരിക്കും
ഓഗസ്റ്റ് 30 നും സെപ്തംബര്‍ 5 നും മധ്യേ ഫീസ് അടച്ച് പ്രവേശനം നേടാം - ഒന്നാംഘട്ട അലോട്ട്മെന്റ് ഷെഡ്യൂളുകളും മെഡിക്കല്‍/ഡന്റല്‍ കോളേജുകളും ഫീസ് ഘടനയും പ്രവേശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വിജ്ഞാപനത്തിലുണ്ട്
സംസ്ഥാനത്തെ മെഡിക്കല്‍, ഡന്റല്‍ കോളേജുകളില്‍ 2024 വര്‍ഷത്തെ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് നടപടികള്‍ തുടങ്ങി. പ്രവേശനപരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ച മെഡിക്കല്‍ റാങ്ക്ലിസ്റ്റിലുള്ളവര്ക്ക് പ്രവേശനത്തിനായി ഓഗസ്റ്റ് 26 രാത്രി 11.59 മണിവരെ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.cee.kerala.gov.in ല്‍ ലഭിക്കും. കോളേജുകളും കോഴ്സുകളും ഫീസ് ഘടനയും അലോട്ട്മെന്റ് ഷെഡ്യൂളുകളും പ്രവേശന നടപടികളും വിജ്ഞാപനത്തിലുണ്ട്. നീറ്റ്-യുജി 2024 മാനദണ്ഡപ്രകാരം പ്രവേശനത്തിന് യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്കാണ് ഓപ്ഷന് രജിസ്ട്രേഷന് അവസരം.
ഓഗസ്റ്റ് 26 വരെ രജിസ്റ്റര്‍ ചെയ്യുന്ന ഓപ്ഷനുകള്‍ അടിസ്ഥാനമാക്കി 27 ന് താല്‍ക്കാലിക അലോട്ട്മെന്റ്ലിസ്റ്റും 29 ന് അന്തിമ അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 30 നും സെപ്തംബര്‍ 5 വൈകിട്ട് 4 മണിക്കും ഇടയില്‍ ഫീസ് അടച്ച് അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ പ്രവേശനം നേടാം. സ്റ്റേറ്റ് മെരിറ്റില്‍ 50% സീറ്റുകളിലും സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്ക് (എസ്ഇബിസി) 30% സീറ്റുകളിലും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സംവരണേതര വിഭാഗങ്ങള്‍ക്ക് (ഇഡബ്ല്യുഎസ്) 10% സീറ്റുകളിലും പട്ടികജാതിക്കാര്‍ക്ക് 8% സീറ്റുകളിലും പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 2% സീറ്റുകളിലുും പ്രവേശനമുണ്ടാവും. എന്നാല്‍ പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 70% പട്ടികജാതിക്കാര്‍ക്കും 2% പട്ടികവര്‍ഗക്കാര്‍ക്കും 13% പൊ
തുമെരിറ്റിലുമാണ് അലോട്ട്മെന്റ്. കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 50% സംസ്ഥാന ക്വാട്ടാ സീറ്റുകളിലാണ് പ്രവേശന പരീക്ഷാ കമ്മീഷണര്‍ മുഖേന അലോട്ട്മെന്റ് നടത്തുക.
ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കല്‍/ ഡന്റല്‍ കോളേജുകളിലെ ന്യൂനപക്ഷ ക്വാട്ടാ സീറ്റുകളിലേക്കും സ്വാശ്രയ മെഡിക്കല്‍/ഡന്റല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ടാ സീറ്റുകളിലേക്കും പ്രവേശനമാഗ്രഹിക്കുന്ന അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ പ്രസ്തുത ക്വാട്ടയിലെ ഓപ്ഷന് ലഭ്യമായ കോളേജുകളിലേക്ക് ഈ ഘട്ടത്തില്‍ ഓപ്ഷന് നല്‍കേണ്ടതാണ്.
സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 15% സീറ്റുകളിലേക്ക് ജനന സ്ഥലം പരിഗണിക്കാതെ സംസ്ഥാന മെഡിക്കല്‍ റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ട ഇന്ത്യക്കാരായ എല്ലാ വിദ്യാര്‍ത്ഥികളേയും ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ പരിഗണിക്കും.
ഫീസ് ഘടന: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ എംബിബിഎസിന് 23150 രൂപ, സര്‍ക്കാര്‍ ഡന്റല്‍ കോളേജുകളില്‍ ബിഡിഎസിന് 20840 രൂപ എന്നിങ്ങനെയാണ് ഫീസ്.
സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ (85 % ജനറല്‍)- കെഎംസിടി മെഡിക്കല്‍ കോളേജ്, കോഴിക്കോട് 7,68,880 രൂപ; പുഷ്പഗിരി തിരുവല്ല, അമല തൃശൂര്‍, ജൂബിലി തൃശൂര്‍, മലങ്കര കോലഞ്ചേരി, ട്രാവര്‍കൂര്‍ കൊല്ലം, ബിലീവേഴ്സ് തിരുവല്ല, സിഎസ്ഐ മെഡിക്കല്‍ കോളേജ് കാരക്കോണം, മലബാര്‍ മെഡിക്കല്‍ കോളേജ് കോഴിക്കോട്, അല്‍ അഷാര്‍ തൊടുപുഴ എന്നിവിടങ്ങളില്‍ 7,77,179 രൂപ; ശ്രീഗോകുലം തിരുവനന്തപുരം 7,34,852; എംഇഎസ് പെരിന്തല്‍മണ്ണ 7,77,179 രൂപ, മൗണ്ട് സിയോണ്‍ പത്തനംതിട്ട 7,71,370 രൂപ, പികെ ദാസ് പാലക്കാട് 705805 രൂപ; ഡോക്ടര്‍ മൂപ്പന്‍സ് വയനാട് 8,44,551 രൂപ; എസ്യുടി വട്ടപ്പാറ (തിരുവനന്തപുരം) 7,39,528 രൂപ; അസീസിയ കൊല്ലം 7,77,179 രൂപ. 15% എആര്‍ഐ ക്വാട്ടാ സീറ്റുകളില്‍ ഫീസ് 20,86,400 രൂപ (കോടതിവിധിക്ക്/നിയമ നിര്‍മാണത്തിന് വിധേയം).
ഓപ്ഷന് രജിസ്ട്രേഷന് ഫീസ്: 5000 രൂപ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഓപ്ഷന് രജിസ്ട്രേഷന് ഫീസായി അടയ്ക്കേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടുന്ന കോഴ്സിന്റെ ട്യൂഷന് ഫീസില്‍ ഈ തുക വകയിരുത്തും. എസ്സി/എസ്ടി/ഒഇസി/തത്തുല്യ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍/ശ്രീചിത്ര ഹോം, ജുവനൈല്‍ ഹോം, നിര്‍ഭയ ഹോം എന്നിവിടങ്ങളിലെ അപേക്ഷകര്‍ ഓപ്ഷന് രജിസ്ട്രേഷന് ഫീസായി 500 രൂപ നല്കിയാല് മതി. ഇവര്‍ക്ക് പ്രവേശനം ലഭിക്കുന്ന കോഴ്സിന്റെ കോഷന്‍ ഡിപ്പോസിറ്റില്നിന്നും പ്രസ്തുത തുക കുറവ് ചെയ്യും. ഫീസ് ഓണ്‍ലൈനായി അടയ്ക്കാം. അലോട്ട്മെന്റ് ലഭിക്കാത്തപക്ഷം രജിസ്ട്രേഷന് ഫീസ് തിരികെ ലഭിക്കും.
ടോക്കണ്‍ ഫീസ്: സ്വാശ്രയ മെഡിക്കല്‍/ഡന്റല്‍ കോളേജുകളില്‍ അലോട്ട്മെന്റ് ലഭിക്കുന്നവര്‍ മെമ്മോയില്‍ കാണിച്ചിട്ടുള്ള തുക പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഒടുക്കി പ്രവേശനം നേടാം. ഗവണ്മെന്റ് കോളേജുകളില്‍ അലോട്ട്മെന്റ് ലഭിക്കുന്നവര്‍ മുഴുവന്‍ ഫീസ് തുകയും പ്രവേശനപരീക്ഷാ കമ്മീഷണര്‍ക്ക് അടയ്ക്കേണ്ടതാണ്.
എസ്സി/എസ്ടി/ഒഇസി/മത്സ്യത്തൊഴിലാളികളുടെ മക്കള്‍/ഒഇസി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹമായ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍, ശ്രീചിത്ര ഹോം, ജുവനൈല്‍ ഹോം, നി
ര്‍ഭയ ഹോം വിദ്യാര്‍ത്ഥികള്‍ ടോക്കണ്‍ ഫീസ് അടയ്ക്കേണ്ടതില്ല. എന്നാല്‍ സ്വാശ്രയ കോളേജുകൡലെ മൈനോരിറ്റി/എന്‍ആര്‍ഐ സീറ്റില്‍ അലോട്ട്മെന്റ് ലഭിക്കുന്നപക്ഷം ടോക്കണ്‍ ഫീസ് അടയ്ക്കേണ്ടതും ഫീസ് ഇളവിന് അര്ഹരല്ലാതാകുന്നതുമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകള്‍ ഓപ്ഷനില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ചിട്ട് നിശ്ചിത തീയതികളില്‍ പ്രവേശനം നേടിയില്ലെങ്കില്‍ ലഭിച്ച അലോട്ട്മെന്റ് റദ്ദാക്കും. തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പങ്കെടുപ്പിക്കില്ല.
വിവിധ കാരണങ്ങളാല്‍ റാങ്ക്ലിസ്റ്റില് ഫലം തടഞ്ഞുവച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഓപ്ഷനുകള്‍ സമര്‍പ്പിക്കാം. ഓഗസ്റ്റ് 24 നകം ഫലം പ്രസിദ്ധപ്പെടുത്താനാവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യാത്തപക്ഷം ഒാപ്ഷനുകള്‍ അലോട്ട്മെന്റിനായി പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും www.cee.kerala.gov.in- സന്ദര്‍ശിക്കേണ്ടതാണ്. (ഹെല്പ്പ്ലൈന് നമ്പര്‍: 0471-2525300).
പ്രതികരിക്കാൻ ഇവിടെ എഴുതുക: