തമിഴ് സിനിമ അടക്കി ഭരിച്ച് സർവ്വകാല റെക്കോർഡുകളും തന്റെ പേരിലാക്കി കോടിക്കണക്കിന് ആരാധകരുടെ പ്രതീക്ഷയായി ഒരു സിനിമ ഇൻഡസ്ട്രിയുടെ കൊടുമുടിയിൽ നിൽക്കുന്ന സമയത്താണ് നടൻ വിജയ് തന്റെ രാഷ്‌ട്രീയപ്രവേശനം പ്രഖ്യാപിച്ചത്. സിനിമയേയും നടൻ വിജയിയേയും സ്നേഹിക്കുന്നവർ ഒരുപാട് ആവലാതിയോടെ കാത്തിരുന്ന എന്നാൽ വരരുതെന്ന് ആഗ്രഹിച്ച രാഷ്‌ട്രീയപ്രവേശനം എന്ന തീരുമാനം അടുത്തിടെയാണ് വിജയ് പ്രഖ്യാപിച്ചത്. അഭിനയം ഉപേക്ഷിച്ച് രാഷ്‌ട്രീയത്തിൽ സജീവമായി ഇറങ്ങാനാണ് നടന്റെ തീരുമാനം.
മറ്റുള്ളവരെ പോലെ കരിയറിന്റെ അന്ത്യത്തിലല്ല പീക്ക് ടൈമിലാണ് വിജയിയുടെ രാഷ്‌ട്രീയ പ്രവേശനം എന്നതാണ് വിജയ് നൽകുന്ന ഏറ്റവും വലിയ പോസിറ്റീവായി താരത്തെ സ്നേഹിക്കുന്നവർ കാണുന്നത്. അതുകൊണ്ട് തന്നെ വിജയിയുടെ രാഷ്‌ട്രീയ പാർട്ടി തമിഴ്നാട്ടിൽ ഉണ്ടാക്കാൻ പോകുന്ന ചലനങ്ങൾ കാണാനാണ് മലയാളികളും കാത്തിരിക്കുന്നത്.
മാത്രമല്ല ഇന്ന് രാവിലെ രാഷ്‌ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാകയും ഗാനവും പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വെച്ച് വിജയ് പുറത്തിറക്കി. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും താരത്തിന്റെ പ്രസംഗവുമെല്ലാമാണ് സോഷ്യൽമീഡിയ മുഴുവൻ. അടുത്തമാസം പൊതുസമ്മേളനം നടത്തി സജീവ രാഷ്‌ട്രീയപ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുന്ന വിജയ് ഇതിന് മുന്നോടിയായാണ് പാര്‍ട്ടി പതാക പുറത്തിറക്കിയിരിക്കുന്നത്.
ചുവപ്പും മഞ്ഞയും നിറങ്ങൾ ചേർന്ന പതാകയില്‍ രണ്ട് ഗജവീരന്‍മാരുമുണ്ട്. തമിഴ്നാട്ടില്‍ ഉടനീളമുള്ള പാര്‍ട്ടി ഭാരവാഹികളില്‍ നിന്നും ഇതരസംസ്ഥാനത്തെ നേതാക്കളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ മാത്രമാണ് പതാക പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുത്തത്. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ സ്ഥാപിക്കാനുള്ള പതാകകള്‍ ഭാരവാഹികള്‍ക്ക് കൈമാറും.
നമ്മുടെ രാജ്യത്തിന്റെ വിമോചനത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച പോരാളികളെയും തമിഴ് മണ്ണില്‍ നിന്നുള്ള നമ്മുടെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായി അക്ഷീണം പോരാടിയ എണ്ണമറ്റ സൈനികരെയും ഞങ്ങള്‍ എപ്പോഴും അഭിനന്ദിക്കും. ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങള്‍ ഞാന്‍ ഇല്ലാതാക്കും.
എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ക്കും തുല്യ അവകാശങ്ങള്‍ക്കും വേണ്ടി പരിശ്രമിക്കും. എല്ലാ ജീവജാലങ്ങള്‍ക്കും തുല്യത എന്ന തത്വം ഞാന്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ഉറപ്പിച്ച് പറയുന്നുവെന്നാണ് പാര്‍ട്ടിയുടെ പ്രതിജ്ഞയില്‍ പറയുന്നത്.
തമിഴ്നാട് വെട്രി കഴകം പാർട്ടി 2026 ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കും. വിജയുടെ മാതാപിതാക്കളായ എസ്.എ ചന്ദ്രശേഖറും ശോഭയും പതാക അനാച്ഛാദന ചടങ്ങിൽ പങ്കെടുത്തിരുന്നു. എന്നാൽ ഭാര്യ സംഗീതയും മക്കളായ ജെയ്‌സൺ സഞ്ജയ്, ദിവ്യ സാഷ എന്നിവരും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയില്ല.
കഴിഞ്ഞ കുറച്ച് മാസങ്ങളായി വിജയും സംഗീതയും വിവാഹബന്ധം അവസാനിപ്പിച്ച് വേർപിരിഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ വിജയിയോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ ഇതിൽ പ്രതികരിച്ചില്ല. കഴിഞ്ഞ കുറച്ച് നാളുകളായി വിജയിക്കൊപ്പം സംഗീത എവിടെയും പ്രത്യക്ഷപ്പെടാറില്ല.
മുമ്പൊക്കെ എല്ലാ ചടങ്ങിലും ഭാര്യയ്‌ക്കൊപ്പമാണ് വിജയ് എത്തിയിരുന്നത്. സംഗീതയുമായുള്ള വിവാഹമോചനം അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകുമ്പോൾ ഭാര്യ അകലം പാലിക്കുന്നത് വിജയ് രാഷ്‌ട്രീയ പാർട്ടി തുടങ്ങുന്നതിൽ താൽപ്പര്യമില്ലാത്തതുകൊണ്ടാണോയെന്ന സംശയവും ആരാധകർക്കുണ്ട്
വിജയിയുടെ രാഷ്‌ട്രീയ പ്രവേശനം വലിയ രീതിയിൽ ചർച്ചയായി തുടങ്ങിയശേഷമാണ് സംഗീതയെ വിജയിക്കൊപ്പം കാണാൻ കിട്ടാത്ത സാഹചര്യം വന്ന് തുടങ്ങിയത്. അതേസമയം മക്കൾക്കൊപ്പം വിദേശത്തായതുകൊണ്ടാണ് വിജയിക്കൊപ്പം സംഗീത പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെടാത്തതെന്നും റിപ്പോർട്ടുകളുണ്ട്.
അടുത്തിടെ സംവിധായകൻ ശങ്കറിന്റെ മൂത്ത മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മകൻ സഞ്ജയ്‌ക്കൊപ്പം സംഗീത എത്തിയിരുന്നു. പിതാവിന്റെ വഴിയെ തന്നെയാണ് സഞ്ജയിയുടെയും സഞ്ചാരം. പക്ഷെ അഭിനയത്തിലല്ല സംവിധാനത്തോടാണ് സഞ്ജയ്‌ക്ക് താൽപര്യം. വിജയിയുടെ പിതാവ് എസ്.എ ചന്ദ്രശേഖറും ഒരു കാലത്ത് തമിഴിൽ തിരക്കുള്ള സംവിധായകനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: