ന്യൂദല്‍ഹി: ചന്ദ്രമണ്ഡലത്തിന്റെ ദക്ഷിണ ധ്രുവത്തില്‍ ശിവശക്തി പോയിന്റില്‍ വിക്രം ലാന്‍ഡര്‍ നിലംതൊട്ട അഭിമാന മുഹൂര്‍ത്തത്തിന് ഇന്ന് ഒരു വയസ്. രാജ്യം ഇന്ന് ആദ്യ ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കും. ന്യൂദല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ചന്ദ്രയാന്‍ മൂന്നിന്റെ വിജയവാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും.
ചന്ദ്രനെ തൊട്ടു, ജീവിതങ്ങളെയും എന്ന പ്രമേയവാക്യവുമായാണ് ആദ്യ ബഹിരാകാശ ദിനം രാജ്യം ആഘോഷിക്കുന്നത്. ഭാരതത്തിന്റെ ബഹിരാകാശ വിജയഗാഥയുടെ സന്ദേശവാക്യമാണിതെന്ന് കേന്ദ്ര സ്‌പേസ് വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്രസിങ് ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2025ല്‍ ആദ്യ ഭാരതീയനെ ബഹിരാകാശത്തെത്തിക്കും. ബഹിരാകാശ മേഖലയിലെ പരീക്ഷണങ്ങള്‍ക്കായി ആയിരം കോടി രൂപ നിക്ഷേപം ലഭിക്കും. സ്വന്തം സ്പേസ് സ്റ്റേഷന്‍ 2035ല്‍ യാഥാര്‍ത്ഥ്യമാകും. 2045ഓടെ ചന്ദ്രനില്‍ ഭാരത പൗരന്‍ കാലുകുത്തും, അദ്ദേഹം പറഞ്ഞു.
ദേശീയ ബഹിരാകാശ ദിനാഘോഷത്തിന്റെ ഭാഗമായി ബെംഗളൂരുവിലെ ജവഹര്‍ലാല്‍ നെഹ്റു പ്ലാനറ്റോറിയത്തില്‍ നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് പ്ലാനറ്റോറിയം ഡയറക്ടറും മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനുമായ ഡോ. ബി.ആര്‍. ഗുരുപ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: