ദത്തോപന്ത് ഠേംഗ്ഡിജി ഭവന് ശിലാസ്ഥാപനം
കോഴിക്കോട്: ബിഎംഎസ് സ്ഥാപകനും ചിന്തകനുമായ ദത്തോപന്ത് ഠേംഗ്ഡിജിയുടെ പേരില്‍ കോഴിക്കോട്ട് നിര്‍മ്മിക്കുന്ന തൊഴിലാളി പഠന ഗവേഷണ കേന്ദ്രത്തിന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍ തറക്കല്ലിട്ടു. റെയില്‍വേ സ്റ്റേഷന്‍ ജയപ്രകാശ് നാരായണന്‍ റോഡിന് സമീപത്താണ് ബിഎംഎസിന്റെ ആസ്ഥാനമന്ദിരം ഒരുങ്ങുന്നത്. ഒരു വര്‍ഷത്തിനകം ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടം പൂര്‍ത്തീകരിക്കാനാവണമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വിവിധ ട്രേഡ് യൂണിയനുകളില്‍ ഒരു സംഘടന എന്ന നിലയിലല്ല തൊഴിലാളികളുടെയെല്ലാം താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന സംഘടനയെന്നതാണ് ബിഎംഎസിനെക്കുറിച്ചുള്ള കാഴ്ചപ്പാട്. ഠേംഗ്ഡിജിയുടെ സ്മരണയ്‌ക്ക് ആര്‍എസ്എസ് പ്രവര്‍ത്തനത്തിന് അദ്ദേഹം തുടക്കം കുറിച്ച കോഴിക്കോട്ട് തൊഴിലാളി പഠന ഗവേഷണ കേന്ദ്രം ഉയരുന്നത് അഭിമാനകരമാണെന്ന് സേതുമാധവന്‍ പറഞ്ഞു.
തുടര്‍ന്ന് കോഴിക്കോട് കേസരി ഭവനില്‍ നടന്ന സ്‌നേഹവിരുന്ന് ബിഎംഎസ് ദേശീയ സമിതി അംഗം സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. ദത്തോപന്ത് ഠേംഗ്ഡിജിയും രാ. വേണുഗോപാലും ഉള്‍പ്പെടെ ബിഎംഎസിന് ഊടുംപാവും തീര്‍ത്തവരുടെ സ്വപ്‌നങ്ങളുടെ സാക്ഷാത്കാരമാണ് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനമെന്ന് അദ്ദേഹം പറഞ്ഞു. ബിഎംഎസിന് പുതിയ കാലഘട്ടത്തിന്റെ ശിലാസ്ഥാപനം കൂടിയാണ് നടന്നത്. ആര്‍എസ്എസിന്റെ നൂറാംവാര്‍ഷികവും ബിഎംഎസിന്റെ 70ാം വാര്‍ഷികവും ആഘോഷിക്കുന്ന സമയത്ത് ഉയരുന്ന ദത്തോപന്ത് ഠേംഗ്ഡിജി ഭവന്‍-പഠനഗവേഷണ കേന്ദ്രം തൊഴിലാളി മുന്നേറ്റത്തിന്റെ അടയാളപ്പെടുത്തലാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം ചെയര്‍മാന്‍ എ.കെ.ബി. നായര്‍ അധ്യക്ഷനായി. ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത പ്രചാരക് ആ. വിനോദ്, ബിഎംഎസ് ദക്ഷിണ ക്ഷേത്രീയ സഹസംഘടനാ സെക്രട്ടറി എം.പി. രാജീവന്‍, മുന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി കെ. ഗംഗാധരന്‍, അഡ്വ.പി. മുരളീധരന്‍ (കോഴിക്കോട്), അഡ്വ.പി.മുരളീധരന്‍(കാസര്‍കോട്), വി. സജേഷ്, ടി.എം. പ്രശാന്ത്, സി.പി.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. ബിഎംഎസ് വിവിധ യൂണിറ്റ്, ഫെഡറേഷന്‍ ഭാരവാഹികളില്‍ നിന്ന് കാര്യാലയ സമര്‍പ്പണ നിധി സംസ്ഥാന സംഘടനാ സെക്രട്ടറി കെ. മഹേഷ് സ്വീകരിച്ചു. ദക്ഷിണ ക്ഷേത്രീയ സഹസംഘടനാ സെക്രട്ടറി എസ്. ദുരൈരാജ് സമാപന പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: