ന്യൂദല്‍ഹി: ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. ആമസോണും ഫ്ളിപ്കാര്‍ട്ടും പോലുള്ള വലിയ ഇ – കൊമേഴ്സ് കമ്പനികളുടെ വിലനിര്‍ണയമടക്കമുള്ള കച്ചവടതന്ത്രങ്ങള്‍ തദ്ദേശവ്യവസായങ്ങളെയും ദശലക്ഷക്കണക്കിന് ചെറുകിട കച്ചവടക്കാരെയും വലിയതോതില്‍ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് ഗോയല്‍ വ്യക്തമാക്കി.
ഭാരതത്തിലെ ഓണ്‍ലൈന്‍ വില്പന രാജ്യത്തെ റീട്ടെയില്‍ വിപണിയുടെ പകുതിയോളം വരുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് നേട്ടത്തേക്കാള്‍ കൂടുതല്‍ ദോഷമാണ് ചെയ്യുന്നത്. അതിനെ അഭിമാനകരമായ കാര്യമായി കാണുന്നില്ല, ആശങ്കാജനകമാണ്. ഞങ്ങള്‍ ഒരു ബില്യണ്‍ ഡോളര്‍ ഭാരതത്തില്‍ നിക്ഷേപിക്കാന്‍ പോകുന്നു എന്ന് ആമസോണ്‍ പറയുമ്പോള്‍ എല്ലാവരും ആഘോഷിക്കുന്നു. എന്നാല്‍ അതിന് പിന്നിലെ യാഥാര്‍ത്ഥ്യം എല്ലാവരും മറക്കുന്നു. ഭാരത സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കാന്‍ വേണ്ട ഒരു മഹത്തായ സേവനമോ മഹത്തായ നിക്ഷേപമോ അല്ല അവര്‍ നടത്താന്‍ പോകുന്നത്. അവരുടെ ബാലന്‍സ് ഷീറ്റില്‍ അവര്‍ ആ കൊല്ലം ഒരു ബില്യണ്‍ ഡോളറിന്റെ നഷ്ടമാകും നേരിട്ടിട്ടുണ്ടാകുക. അവര്‍ക്ക് ആ നഷ്ടം നികത്തണം. അതിനാണ് നിക്ഷേപിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
2023ല്‍ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ 2030 ഓടെ ആമസോണിന്റെ ഭാരതത്തിലെ നിക്ഷേപം 2600 കോടി ഡോളര്‍ ആയി ഉയര്‍ത്തുമെന്നാണ് ആമസോണ്‍ സിഇഒ പറഞ്ഞത്. അന്ന് ഇതു വലിയ വാര്‍ത്തയായി. എന്നാല്‍ നഷ്ടം മൂടിവയ്ക്കാനായുള്ള ഇത്തരം നിക്ഷേപങ്ങളെ ആഘോഷിക്കാനാവില്ല. ബാലന്‍സ് ഷീറ്റില്‍ നഷ്ടം കാണിക്കുന്നത് ഇ – കൊമേഴ്സ് സ്ഥാപനങ്ങളുടെ വിലകുറച്ച് വിപണി പിടിക്കാനുള്ള തന്ത്രത്തെയാണ് സൂചിപ്പിക്കുന്നത്. അത് രാജ്യത്തിന് നല്ലതല്ലെന്ന് മാത്രമല്ല കോടിക്കണക്കിന് വരുന്ന തദ്ദേശ വ്യവസായങ്ങളെയും ചെറുകിട കച്ചവടക്കാരെയും വലിയതോതില്‍ ബാധിക്കുന്നതുമാണ്.
ആമസോണും വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ളിപ്കാര്‍ട്ടും 2022-23ല്‍ ഭാരതത്തില്‍ ഏകദേശം 6,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് അവകാശപ്പെടുന്നത്. ഇവര്‍ക്കെങ്ങനെയാണ് ഇത്ര വലിയ നഷ്ടം വരുന്നത്. പ്രൊഫഷണലുകള്‍ക്ക് 1000 കോടി രൂപയോളമാണ് അവര്‍ നല്‍കുന്നത്. ആരാണ് ഈ പ്രൊഫഷണലുകളെന്ന് തനിക്ക് മനസിലാകുന്നില്ല. താനും ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. താനും നിയമത്തില്‍ പ്രാക്ടീസ് ചെയ്തിട്ടുണ്ട്. ഏത് സിഎക്കാരനും അഭിഭാഷകനുമാണ് 1000 കോടി കൈപ്പറ്റുന്നതെന്ന് അറിയാന്‍ ആഗ്രഹമുണ്ട്. ഇ കൊമേഴ്സ് ഇല്ലാതാകണമെന്ന് അഭിപ്രായപ്പെടുന്നില്ല. അമേരിക്കയിലും യൂറോപ്പിലും ഇവര്‍ മൂലമുണ്ടായ അടച്ചുപൂട്ടലുകള്‍ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പെഹ്ലെ ഇന്ത്യ ഫൗണ്ടേഷന് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: