കൊല്‍ക്കത്ത: വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആര്‍ജി കര് മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ സിബിഐ കല്‍ക്കട്ട ഹൈക്കോടതിയില്‍ അപേക്ഷ നല്കി. ഇദ്ദേഹത്തിന്റെ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നും നുണപരിശോധനകള്‍ വേണ്ടിവരുമെന്ന് മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നേരത്തെ പ്രിന്‍സിപ്പലിനെ സിബിഐ ദിവസങ്ങളോളം ചോദ്യം ചെയ്തിരുന്നു. കൊലപാതക വിവരം അറിഞ്ഞപ്പോള്‍ എന്തായിരുന്നു പ്രതികരണമെന്ന് ചോദ്യംചെയ്യലിനിടെ സിബിഐ ചോദിച്ചിരുന്നു. മൃതദേഹം കാണിക്കുന്നതിന് മുന്‍പ് മൂന്നുമണിക്കൂറോളം ഡോക്ടറുടെ മാതാപിതാക്കളെ എന്തിനു കാത്തുനിര്‍ത്തി, കൊലപാതക വിവരം അറിഞ്ഞശേഷം ആദ്യം വിളിച്ചതാരെ, യുവതി മരിച്ചുകിടന്ന സെമിനാര്‍ ഹാളിനടുത്ത് അറ്റകുറ്റപ്പണി നടത്താന്‍ അനുവാദം നല്‍കിയതാര് തുടങ്ങിയ ചോദ്യങ്ങളും സിബിഐ ഘോഷിനോട് ചോദിച്ചിരുന്നു. ഘോഷിന്റെ ഉത്തരങ്ങള്‍ വീണ്ടും ഉറപ്പിക്കേണ്ടതുണ്ട്. ചില ഉത്തരങ്ങളില്‍ വൈരുധ്യമുണ്ട്. അതുകൊണ്ട് നുണപരിശോധന നടത്തണമെന്നാണ് തീരുമാനം സിബിഐ ഉദ്യോഗസ്ഥന് പറഞ്ഞു. ഇതിനിടയില്‍ സുപ്രീകോടതിയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് 11 ദിവസമായി ദല്‍ഹി എയിംസില്‍ നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചതായി റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന് അറിയിച്ചു.
ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരോട് ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നും അവര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്നും സുപ്രീംകോടതി ഉറപ്പ്നല്‍കി. എതെങ്കിലും തരത്തിലുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായാല്‍ കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: