തിരുവനന്തപുരം: സേവാഭാരതി വാർഷിക പ്രതിനിധി സമ്മേളനം തൃശൂരിൽ സെപ്റ്റംബർ 8 ന് ചേരും. തൃശ്ശൂർ ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിലാണ് സമ്മേളനമെന്ന് വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് ഡോ. രഞ്ജിത്ത് വിജയഹരി, വൈസ് പ്രസിഡന്റ് ഡി വിജയൻ , തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ഡോ. സാബു കെ നായർ തുടങ്ങിയവർ അറിയിച്ചു.
14 ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന പൊതുയോഗത്തിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തനം വിലയിരുത്തുകയും ഭാരവാഹികളെ തിരഞ്ഞെടുത്ത് ഭാവി പ്രവർത്തന പദ്ധതി അവതരിപ്പിക്കുന്നതോടൊപ്പം പ്രതിനിധികൾക്ക് വേണ്ടിയുള്ള പരിശീലനങ്ങളും നടത്തും.
വയനാട് ജില്ലയിൽ ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ട് ദുരന്തബാധിതരിൽ അവശേഷിക്കുന്നവർക്കായി കേന്ദ്ര-കേരള സർക്കാരുകൾ നടത്തിക്കൊണ്ടിരിക്കുന്ന പുനരധിവാസ പ്രവർത്തനങ്ങൾക്കൊപ്പം ദേശീയ സേവാഭാരതി കേരളഘടകവും ഒത്തുചേരും. പദ്ധതികളും കർമ്മ പദ്ധതിയും വാർഷിക പൊതുയോഗത്തിൽ അവതരിപ്പിക്കും.വയനാട് ദുരന്താനന്തര പുനരധിവാസ പദ്ധതികൾതലചായ്ക്കാനൊരിടം പദ്ധതിയിലൂടെ ഭവന നിർമ്മാണവും, ഭൂദാനം പദ്ധതിയിലൂടെ അഞ്ച് ഏക്കർ ഭൂമി സമാഹരണം നടത്തി അർഹതപ്പെട്ടവർക്ക് ഭൂമിയും വീടും നൽകും.
വിദ്യാർത്ഥികൾക്ക് നിരന്തരമായ പഠന സൗകര്യങ്ങളും താമസ സൗകര്യങ്ങളും ലഭ്യമാക്കും.ദുരിത ബാധിതർക്ക് മാനസിക പരിചരണത്തിന് പുനർജ്ജനി കൗൺസിലിങ് സെന്റർ വഴിയും ആരോഗ്യ പ്രശ്നങ്ങൾക്ക് സേവാഭാരതിയുടെ പാലിയേറ്റിവ് സംവിധാനങ്ങൾ വഴിയും സാന്ത്വനമേകാൻ പരിശ്രമിക്കും.സ്വയം തൊഴിൽ കണ്ടെത്തുവാനുള്ള സാമഗ്രികളും സൗകര്യങ്ങളും നൈപുണ്യ വികസന പരിശീലനങ്ങളും ലഭ്യമാക്കും. ദുരന്താനന്തരം ഒറ്റപ്പെട്ടു പോയവർക്ക് പ്രായഭേദമന്യേ സേവാഭാരതി നടത്തിക്കൊണ്ടിരിക്കുന്ന സ്ഥാപനങ്ങളിലൂടെ ആജീവനാന്ത സംരക്ഷണം ഉറപ്പ് വരുത്തും.എല്ലാ ജില്ലകളിലും സേവാഭാരതിയുടെ ആപത് സേവാ (Disaster Management) പരിശീലനം ഊർജിതപ്പെടുത്തി കൂടുതൽ പ്രവർത്തകരെ സജ്ജമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: