തിരുവനന്തപുരം: തുടര്‍ന്ന് പഠിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് നിന്നും കാണാതായി 37 മണിക്കൂറിന് ശേഷം കണ്ടെത്തിയ ആസാമീസ് പെണ്‍കുട്ടി. ആസാമിലേക്ക് പോയി പഠനം തുടരണമെന്ന് മലയാളി അസോസിയേഷൻ അംഗങ്ങളോടാണ് കുട്ടി അറിയിച്ചത്.
ഇന്നലെ ട്രെയിനിലെ ബർത്തില്‍ കിടന്നുറങ്ങുന്ന നിലയില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തിയത് വിശാഖ പട്ടണത്തെ മലയാളി അസോസിയേഷൻ പ്രതിനിധികളാണ്. ആസാമിലെത്തി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ നിന്ന് പഠനം തുടരണമെന്നാണ് കുട്ടിയുടെ ആഗ്രഹം. അമ്മയോടൊപ്പം നിൽക്കാൻ താല്പര്യമില്ല. അമ്മ വീട്ടുജോലികൾ കൂടുതൽ ചെയ്യിക്കുന്നുവെന്നും കുട്ടി മലയാളി സമാജം പ്രവർത്തകരോട് പറഞ്ഞു.
കുട്ടിയെ നാളെ ഉച്ചയോടെ സിഡബ്ല്യുസി കേരള പോലീസിന് കൈമാറും. തുടർകാര്യങ്ങള്‍ കേരള പോലീസ് തീരുമാനിക്കട്ടെ എന്ന് പിഡബ്ല്യുസി പ്രതികരിച്ചു. വിശാഖവാലിയിലെ കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തില്‍ കുട്ടി സന്തോഷവതിയാണെന്ന് മലയാളി സമാജം പ്രവർത്തകർ അറിയിച്ചു. കുട്ടിയെ ഏറ്റുവാങ്ങാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി(സിഡബ്ല്യുസി) അംഗങ്ങൾ വിശാഖപട്ടണത്തേക്ക് പോയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ മാർഗമാണ് സംഘം തിരിച്ചത്. സിഡബ്ല്യുസി സംഘം ഇന്ന് വൈകീട്ട് വിശാഖപട്ടണത്ത് എത്തും. കുട്ടിയുടെ വൈദ്യ പരിശോധന ഇന്ന് നടത്തിയ ശേഷം അവിടെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കും. നാളെയോടെ കുട്ടിയെ കേരളത്തിൽ എത്തിക്കും. കുഞ്ഞിന് സിഡബ്ല്യുസി കൗൺസിലിംഗ് നൽകും. കഴക്കൂട്ടം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരിച്ചിട്ടുള്ളത്. രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ അഞ്ചംഗ സംഘമാണ് വിശാഖപട്ടണത്തേക്ക് തിരിച്ചത്.
അതേ സമയം, മകളെ കണ്ടെത്താന്‍ സഹായിച്ചതില്‍ കേരളത്തിലെ ആളുകളോടും പോലീസിനോടും നന്ദിയുണ്ടെന്ന് 13കാരിയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു. കുട്ടി നന്നായിരിക്കുന്നു എന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്. കുട്ടി വന്നതിന് ശേഷം അസമിലേക്ക് തിരിച്ച് പോകുമെന്നും അവര്‍ അറിയിച്ചു.
അസം സ്വദേശിയുടെ മകളെ ഓഗസ്റ്റ് 20ന് രാവിലെ 10 മണി മുതല്‍ കഴക്കൂട്ടത്തെ വാടക വീട്ടില്‍ നിന്നാണ് കാണാതായത്. അയല്‍വീട്ടിലെ കുട്ടികളുമായി വഴക്കുണ്ടാക്കിയ കുട്ടിയെ മാതാവ് ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി വീട് വിട്ട് ഇറങ്ങിയത്. തുടര്‍ന്ന് മാതാപിതാക്കള്‍ കഴക്കൂട്ടം പൊലീസിനെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: