തിരുവനന്തപുരം: ശാസ്ത്ര, സാങ്കേതിക മികവിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ വിഗ്യാന്‍ ശ്രീ പുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് സിഎസ്ഐആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (എന്‍ഐഐഎസ്ടി) ഡയറക്ടര്‍ ഡോ. സി അനന്തരാമകൃഷ്ണന്‍ ഏറ്റുവാങ്ങി.
രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലാണ് ഇന്ത്യയുടെ പരമോന്നത ശാസ്ത്ര പുരസ്കാരങ്ങളിലൊന്നായ രാഷ്ട്രീയ വിഗ്യാന്‍ ശ്രീ പുരസ്കാരം (കൃഷിശാസ്ത്രം) സമ്മാനിച്ചത്.
ഭക്ഷ്യ-കാര്‍ഷിക സംസ്കരണ മേഖലകളിലെ മികച്ച സംഭാവനകള്‍ക്ക് കൃഷിശാസ്ത്ര വിഭാഗത്തിലാണ് പ്രഗത്ഭ ശാസ്ത്രജ്ഞനും അക്കാദമിക് വിദഗ്ധനുമായ ഡോ. അനന്തരാമകൃഷ്ണന്‍ പുരസ്കാരം ലഭിച്ചത്. വിവിധ ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള 33 പേര് അദ്ദേഹത്തിനൊപ്പം വിവിധ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി.
സാങ്കേതിക മേഖലയിലെ പുരോഗതിക്കായി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാന്‍ കൃഷിശാസ്ത്ര വിഭാഗത്തില്‍ ലഭിച്ച രാഷ്ട്രീയ വിഗ്യാന്‍ ശ്രീ പുരസ്കാരം പ്രചോദനമാണെന്ന് ഡോ. സി അനന്തരാമകൃഷ്ണന്‍ പറഞ്ഞു. ഈ പുരസ്കാരത്തെ വളരെ സന്തോഷത്തോടെയും വിനയത്തോടെയുമാണ് നോക്കിക്കാണുന്നത്.
ശാസ്ത്ര മേഖലയിലെ പുരോഗതി മുന്നില്‍ക്കണ്ട് എന്‍ഐഐഎസ്ടി ടീമിനൊപ്പം അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാന്‍ ഈ അംഗീകാരം പ്രചോദനമാകും. രാജ്യത്തെ ശാസ്ത്രമേഖലയുടെ വളര്‍ച്ചയ്ക്കും സമൂഹത്തിന്റെ നേട്ടത്തിനുമായി എന്‍ഐഐഎസ്ടി യ്ക്ക് കൂടുതല്‍ സംഭാവനകള്‍ നല്കാന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാനോ, മൈക്രോ സ്കെയില്‍ ഡെലിവറി സിസ്റ്റങ്ങളുടെ രൂപകല്‍പ്പന, ത്രീഡി ഫുഡ് പ്രിന്റിംഗ്, ഹ്യൂമന്‍ ഡൈനാമിക് ഗ്യാസ്ട്രോ ഇന്റസ്റ്റൈനല്‍ സിസ്റ്റവുമായി ബന്ധപ്പെട്ട ഗവേഷണവും ഗ്ലൈസെമിക് സൂചിക പഠനവും, ഭക്ഷ്യ സംസ്കരണ പ്രവര്‍ത്തനങ്ങളിലൂടെ ഉണ്ടാകുന്ന ഉത്പന്നങ്ങളും കമ്പ്യൂട്ടേഷണല്‍ മോഡലിംഗും, സ്പ്രേ ഡ്രൈയിംഗ്, സ്പ്രേ ഫ്രീസ്-ഡ്രൈയിംഗ് തുടങ്ങിയവ ഡോ. അനന്തരാമകൃഷ്ണന്റെ ഗവേഷണ മേഖലകളില്‍ ഉള്‍പ്പെടുന്നു.
കര്‍ഷകരുടെയും സംരംഭകരുടെയും ഉന്നമനത്തിന് സഹായകമാകുന്നതും വ്യാവസായിക പ്രസക്തിയുള്ളതും സാമൂഹിക നേട്ടങ്ങള്‍ ലക്ഷ്യമിട്ടുള്ളതുമായ ഗവേഷണ പ്രവര്‍ത്തനങ്ങളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി വികസിപ്പിച്ച സസ്യാഹാര തുകല്‍ സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളിലും അദ്ദേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.
എല്ലാ വര്‍ഷവും ഈ പുരസ്കാരങ്ങള്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. 2023 വരെ ശാന്തി സ്വരൂപ് ഭട്നാഗര്‍ പുരസ്കാരമായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ ശാസ്ത്ര ബഹുമതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: