തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം സമർപ്പിക്കാൻ തയ്യാറെന്ന് മന്ത്രി സജി ചെറിയാൻ. റിപ്പോർട്ട് ഗൗരവമാണ് എന്നുള്ളതിൽ സർക്കാറിന് തർക്കമില്ല. ഹൈക്കോടതി പറഞ്ഞത് അനുസരിക്കാൻ സർക്കാർ തയ്യാറാണ്. സർക്കാർ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. നവംബർ മാസം അവസാനം കൊച്ചിയിൽ കോൺക്ലേവ് നടത്തുമെന്നും മന്ത്രി പ്രതികരിച്ചു.
ഹേമാ കമ്മിറ്റി റിപ്പോർട്ട് മാത്രമല്ല, സിനിമാ നയമാണ് കോൺക്ലേവ് ചർച്ച ചെയ്യുക. കോൺക്ലേവിൽ ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തുന്നു എന്ന ആരോപണം തെറ്റിദ്ധരണയാണ്. സിനിമാ മേഖലയുടെ സമഗ്ര പുരോഗതിയാണ് ലക്ഷ്യം. സർക്കാറിന്റെ നയം കോൺക്ലേവിൽ വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളുടെ സംശയങ്ങൾക്കെല്ലാം മറുപടി പറയാനാകില്ല. സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ല. ഭരണപരമായ കാര്യങ്ങൾ സർക്കാർ പരിശോധിച്ചു. കോൺക്ലേവിനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി കെ എൻ ബാലഗോപാലിന്റെ പരാമർശത്തിൽ ഇപ്പോൾ മറുപടി പറയാനില്ല. ബാലഗോപാൽ പറഞ്ഞത് പോസിറ്റിവായിട്ടാണ് എന്നാണ് മനസ്സിലാക്കുന്നത്. പറഞ്ഞത് കേട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക