നോർത്ത് 24 പർഗാനാസ്: പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ ട്രെയിനി ഡോക്ടറുടെ കുടുംബത്തെ സന്ദർശിച്ചു. ഗവർണർ ബുധനാഴ്ചയാണ് നോർത്ത് 24 പർഗാനാസിലെ ഇരയുടെ വസതി സന്ദർശിച്ചത്.
മുഖ്യമന്ത്രിക്ക് കത്തെഴുതുമെന്ന് കുടുംബത്തെ സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് ഗവർണർ പറഞ്ഞു. താൻ ദൽഹിയിൽ നിന്ന് നേരെ വന്നത് മരിച്ചയാളുടെ മാതാപിതാക്കളെ കാണാനും അവരുടെ വികാരങ്ങൾ മനസ്സിലാക്കാനുമാണ്. അവർ എന്നോട് ചില കാര്യങ്ങൾ പറഞ്ഞു. ഞാൻ ഇപ്പോൾ അവരെ രഹസ്യമായി സൂക്ഷിക്കും. എനിക്കുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് തന്നെ കത്തെഴുതി മുദ്രവച്ച കവറിൽ മുഖ്യമന്ത്രിക്ക് അയക്കും. ബാക്കി കാര്യങ്ങൾ ഞാൻ നിങ്ങളുമായി പിന്നീട് ചർച്ച ചെയ്യുമെന്നും ആനന്ദ ബോസ് പറഞ്ഞു.
സംസ്ഥാനത്തെ പ്രതിഷേധ പ്രകടനങ്ങൾക്കിടെ ഗവർണർ ആനന്ദ ബോസ് നേരത്തെ മൊബൈൽ കൺട്രോൾ റൂം ആരംഭിച്ചിരുന്നു. ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
സുപ്രീം കോടതി വിഷയം സ്വമേധയാ ഏറ്റെടുക്കുകയും മെഡിക്കൽ പ്രൊഫഷണലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ശുപാർശ ചെയ്യാൻ ഒരു ദേശീയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുകയും ചെയ്തു. സംഭവത്തിൽ സിബിഐ അന്വേഷണം നടക്കുകയാണ്.
ഇന്ത്യയിലുടനീളമുള്ള ഡോക്ടർമാരുടെ സുരക്ഷയിൽ അതീവ ഉത്കണ്ഠയുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു. സ്ത്രീകൾക്ക് ജോലിക്ക് പോകാനും സുരക്ഷിതരായിരിക്കാനും കഴിയുന്നില്ലെങ്കിൽ അവർക്ക് തുല്യതയ്‌ക്കുള്ള അടിസ്ഥാന അവകാശം നിഷേധിക്കുകയാണെന്ന് കോടതി പറഞ്ഞു.
ഓഗസ്റ്റ് ഒമ്പതിന് കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ട്രെയിനി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: