കൊല്‍ക്കത്തയിലെ ആര്‍ജി കര് മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടര്‍ അതിക്രൂരമായ ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ സുപ്രീംകോടതി നടത്തിയ കടുത്ത വിമര്‍ശനം മമത ബാനര്‍ജി നേതൃത്വം നല്കുന്ന പശ്ചിമബംഗാള്‍ സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ്. രാജ്യത്തെ നടുക്കിയ സംഭവത്തെ തുടര്‍ന്ന് നിയമനടപടികളെടുക്കുന്നതില്‍ വന്ന വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ കോടതി, പ്രതിഷേധിക്കുന്നവരുടെ മേല്‍ സംസ്ഥാന സര്‍ക്കാര്‍ അധികാരം പ്രയോഗിക്കുന്നത് ശരിയല്ലെന്നും പറയുകയുണ്ടായി. മുപ്പത്തിമൂന്നുകാരിയായ ഡോക്ടറുടെ കൊലപാതകം ആത്മഹത്യയാക്കി ചിത്രീകരിക്കാന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ശ്രമിച്ചതായും, രക്ഷിതാക്കളെ മൃതദേഹം കാണിക്കാന്‍ അനുവദിക്കാതിരുന്നതും ചൂണ്ടിക്കാട്ടിയ കോടതി, ആശുപത്രിയില്‍ ആള്‍ക്കൂട്ടം നടത്തിയ ആക്രമണത്തിന്റെ തെളിവു നശിപ്പിച്ചതിനെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ്. അധികാരത്തിന്റെ ബലത്തില്‍ നിയമവാഴ്ച അട്ടിമറിക്കുന്ന സര്‍ക്കാരിന് ഇത് വലിയ തിരിച്ചടിയാണ്. അക്രമങ്ങളെ നേരിടുന്ന കാര്യത്തില്‍ മമതാ സര്‍ക്കാര്‍ കാണിച്ച അനാസ്ഥ ചിന്തിക്കാന്‍പോലുമാവില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെടുകയുണ്ടായി. ആഗസ്ത് പതിനഞ്ചിലെ ആള്‍ക്കൂട്ട ആക്രമണത്തിനുശേഷം ഡോക്ടര്‍മാരില്‍ ഭൂരിപക്ഷവും ആശുപത്രിവിട്ടുവെന്നു പറഞ്ഞ കോടതി, ഇവര്‍ക്ക് തിരിച്ചെത്തി രോഗികളെ ചികിത്സിക്കാനുള്ള സമാധാനാന്തരീക്ഷം സൃഷ്ടിക്കണമെന്നും സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയുണ്ടായി. കോടതിയുടെ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര വ്യവസായ സുരക്ഷാ സേന ആശുപത്രിയുടെ സുരക്ഷ ഏറ്റെടുത്തിരിക്കുകയാണ്.
ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട വനിതാ ഡോക്ടറുടെ മൃതദേഹത്തോടുപോലും ക്രൂരത ചെയ്തവരെ സംരക്ഷിക്കുന്ന നയമാണ് മമതാ ബാനര്‍ജിയുടെ സര്‍ക്കാര്‍ സ്വീകരിച്ചത്. ആശുപത്രി കയ്യേറിയ തൃണമൂല്‍ അക്രമികള്‍ അവിടുത്തെ സംവിധാനങ്ങള്‍ അടിച്ചുതകര്‍ക്കുകയും, ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കൊലചെയ്യപ്പെട്ട സഹപ്രവര്‍ത്തകയ്ക്ക് നീതി ലഭിക്കുന്നതിനായി മൊഴി നല്‍കുന്നതില്‍നിന്ന് ഡോക്ടര്‍മാരെ പിന്തിരിപ്പിക്കുന്നതിനായിരുന്നു പോലീസിന്റെ ഒത്താശയോടെ അക്രമം നടത്തിയത്. അന്വേഷണത്തില്‍ പോലീസ് ഗുരുതര വീഴ്ചവരുത്തിയിട്ടും കേസ് സിബിഐ ഏറ്റെടുക്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ത്തു. എന്നാല്‍ സംഭവത്തിന്റെ ഭീകരാവസ്ഥ കണക്കിലെടുത്ത് കല്‍ക്കട്ട ഹൈക്കോടതി സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളി സിബിഐ അന്വേഷണത്തെ ശരിവയ്ക്കുകയായിരുന്നു. ആര്‍ജി കര് മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറുടെ അതിദാരുണമായ കൊലപാതകത്തിനും, തുടര്‍ന്നുള്ള അക്രമ സംഭവങ്ങള്‍ക്കും ഉത്തരവാദികളെന്നു കരുതപ്പെടുന്ന മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ ഇതിനോടകം സിബിഐ ആറ് തവണ ചോദ്യം ചെയ്തു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും ഘോഷ് മറുപടി നല്‍കിയിരുന്നില്ല. കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഘോഷിന് പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവയ്ക്കേണ്ടി വന്നിരുന്നു.
സുപ്രീംകോടതിയുടെ വിമര്‍ശനം മമത സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തെ ശരിവയ്ക്കുന്നതാണ്. മുഖം രക്ഷിക്കാന്‍ മൂന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ മമത സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. രണ്ട് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍മാര്‍ക്കെതിരെയും ഒരു ഇന്‍സ്പെക്ടര്‍ക്കെതിരെയുമാണ് നടപടിയെടുത്തത്. എന്നാല്‍ ഇതുകൊണ്ടൊന്നും ആര്‍ജി കര് ആശുപത്രിയിലെ വനിതാ ഡോക്ടര്‍മാരുടെ ഭീതി അകലുന്നില്ല. സഹപ്രവര്‍ത്തകയ്ക്ക് സംഭവിച്ചത് തങ്ങള്‍ക്കെതിരെയും സംഭവിക്കാമെന്നാണ് അവര്‍ കരുതുന്നത്. ആര്‍ജി കര് മെഡിക്കല്‍ കോളജില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. ഇതിനു മുന്‍പും ഇവിടുത്തെ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നിരവധി ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. അപ്പോഴൊക്കെ സംസ്ഥാന ഭരണകൂടം അക്രമികള്‍ക്കൊപ്പം നില്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. തൃണമൂല്‍ ഭരണത്തിന് കീഴില്‍ സംസ്ഥാനത്ത് വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന അക്രമസംഭവങ്ങളുടെ തുടര്‍ച്ചയാണ് വനിതാ ഡോക്ടറുടെ കൊലപാതകവും. ഇതുകൊണ്ടു കൂടിയാണ് ഇപ്പോഴത്തെ കൊലപാതകത്തിനെതിരെ പ്രതിഷേധം ആളിക്കത്തുന്നത്. ജനങ്ങള്‍ സഹിക്കുന്നതിന്റെ എല്ലാ പരിധിയും കടന്നിരിക്കുന്നു. ക്രമസമാധാന നില എന്നൊന്ന് പശ്ചിമബംഗാളിലില്ല. പോലീസിനെ നോക്കുകുത്തിയാക്കി നിര്‍ത്തി അക്രമികള്‍ സമാന്തര ഭരണം നടത്തുകയാണ്. ഭരണഘടനയുടെ സംരക്ഷകനായ ഗവര്‍ണറുടെ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ഉചിതമായ നടപടികളെടുക്കാന്‍ കേന്ദ്ര സര്‍ക്കാരും മടിച്ചുനില്‍ക്കേണ്ടതില്ല. ജനങ്ങള്‍ അത് ആഗ്രഹിക്കുകയും ചെയ്യുന്നു. ബംഗാളിനെ രക്ഷിക്കാന്‍ ഇപ്പോഴത്തെ നിലയ്ക്ക് ഇതല്ലാതെ മറ്റു മാര്‍ഗ്ഗമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: