തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ക്ഷേത്രത്തിന് ചുറ്റും സ്ഥലം ഏറ്റെടുക്കുന്നതിലും ക്ഷേത്രത്തിന്റെ സുരക്ഷാ പാളിച്ചകളിലും സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ക്ഷേത്ര രക്ഷാസമിതി ജനറല്‍ സെക്രട്ടറി എം.ബിജേഷ് ഹൈക്കോടതിക്കയച്ച കത്തിനെ തുടര്‍ന്നാണ് സ്വമേധയാ കേസെടുക്കാന്‍ ഹൈക്കോടതി തീരുമാനിച്ചത്.
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സുരക്ഷ സിഐഎസ്എഫ് പോലെയുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറണമെന്നും ഗുരുതര സുരക്ഷാപാളിച്ചകളാണ് അടുത്തകാലത്ത് ക്ഷേത്രത്തില്‍ ഉണ്ടായതെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
അതീവ സുരക്ഷാ മേഖലയായ ക്ഷേത്രത്തിനകത്തുനിന്ന് കഴിഞ്ഞ ദിവസം ഇലക്ട്രോണിക് വസ്തുക്കള്‍ കണ്ടെടുത്തതും അപരിചിതരായ ആളുകള്‍ നിരോധിത മേഖലയില്‍ പ്രവേശിച്ചതും അടുത്തകാലത്ത് വിവാദമായിരുന്നു. നിലവിലെ സുരക്ഷാ സംവിധാനം പാളിച്ചകള്‍ നിറഞ്ഞതാണ്. ജനലക്ഷങ്ങള്‍ എത്തുന്ന ക്ഷേത്രത്തില്‍ സ്വകാര്യ ഏജന്‍സികളാണ് സുരക്ഷാ സംവിധാനം കൈയാളുന്നത്. നാമമാത്രമായ പോലീസുകാരാണ് ഇവിടെ ഡ്യൂട്ടിക്കുള്ളത്. ഭക്തരോടുള്ള സുരക്ഷാ ജീവനക്കാരുടെ പെരുമാറ്റവും പലപ്പോഴും പരാതിക്കിടയാക്കുന്നു.
ക്ഷേത്രത്തിന് ചുറ്റും 100 മീറ്റര്‍ ചുറ്റളവില്‍ സ്ഥലം ഏറ്റെടുക്കാനുള്ള നീക്കത്തില്‍ ദുരൂഹതയുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി 200 കോടി രൂപ ദേവസ്വം വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ചും തുടര്‍ന്നുള്ള വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടില്ല.
കോടികള്‍ ചെലവഴിച്ച് സ്ഥലം ഏറ്റെടുക്കുന്നതിന് മുന്‍പ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാണ് ആവശ്യം. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് ഹൈക്കോടതി സ്വമേധയാ കേസെടുക്കാന്‍ തയ്യാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: