ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഒരു കടപ്പത്ര നിയമ വിഷയത്തില്‍ ഗവേഷണം നടത്തുന്ന സ്ഥാപനമാണെന്നാണ് അവകാശവാദം. ഒന്‍പത് ജോലിക്കാര്‍ മാത്രമുള്ള ഹിന്‍ഡന്‍ബര്‍ഗ്, അതിന്റെ പ്രവര്‍ത്തനത്തില്‍ ഒരു നിക്ഷേപ ഉപദേശക സ്ഥാപനവുമാണ്. നിലവിലുള്ള നിക്ഷേപ സ്ഥാപനങ്ങളൊന്നും ഗവേഷണത്തില്‍ പുതുമ കാണിക്കാറില്ലെന്ന് കണ്ടെത്തി ഗവേഷണത്തില്‍ നവീനത ഉണ്ടാകാനാണ് നാതന് ആന്ഡേര്സന് 2017 ല്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് സ്ഥാപിച്ചത്. നിക്ഷേപ രംഗത്തെ ‘മനുഷ്യ നിര്‍മിത ദുരന്തങ്ങള്‍’ അന്വേഷിക്കാനാണ് ഈ പുതിയ സ്ഥാപനമെന്ന് ഉടമസ്ഥര്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഉദ്ദേശം വ്യക്തമാണ്, ഹെഡ്ജ് ഫണ്ടുകള്‍ക്ക് ഷോര്‍ട്ട് സെല്ലിംങ്ങിനായി സാഹചര്യമൊരുക്കുന്ന വേറിട്ടൊരു സേവനം, അതാണ് ചുരുക്കത്തില്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്.
ചില നുണകള്‍ക്കും സത്യത്തിന്റെ പരിവേഷം ലഭിക്കുമെന്ന സാമാന്യ സത്യം നന്നായി അറിയുന്നവരാണ് ചില സന്നദ്ധ പ്രവര്‍ത്തകരും അവര്‍ രൂപീകരിക്കുന്ന ‘നിക്ഷേപ-മാനവിക’ സ്ഥാപനങ്ങളും. നിക്ഷേപ സ്ഥാപനങ്ങളുടെ ‘മാനവിക’ താല്പര്യം നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള പുതിയ രീതിയാണ്. അതാണ് ഹിന്‍ഡന്‍ബര്‍ഗ് ഉപദേശം നല്കുന്ന അമേരിക്കയിലെ സ്വകാര്യ നിക്ഷേപ സ്ഥാപനമായ കിങ്ഡം ക്യാപ്പിറ്റല്‍ മാനേജ്മെന്റിന്റെ മുഖം. സുതാര്യമായ നിക്ഷേപത്തിനോടൊപ്പം മാനവികമാണ് കിങ്ഡം ക്യാപ്പിറ്റലിന്റെ പ്രഖ്യാപിത ദൗത്യമെന്ന വിശ്വസനീയമല്ലാത്ത പ്രഖ്യാപനവുമുണ്ട്.
വിപണി ഇടപാടിലെ പരിചയവും, ഓഹരി-കടപ്പത്ര വിഷയത്തിലുള്ള സാങ്കേതികത്വത്തിലെ അറിവും ഹിന്‍ഡന്‍ബര്‍ഗ് പിന്നണിക്കാര്ക്കുണ്ട്.
സംയുക്തമായി മറ്റൊരു രാജ്യത്ത് നിലവിലുള്ള സംവിധാനത്തെ തുടര്‍ച്ചയായി വെല്ലുവിളിക്കാനും നിയമ കുരുക്കില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനുളള അസാമാന്യ കഴിവും അവര്‍ക്കുണ്ട്. അവര്‍ ആദ്യം അപകീര്‍ത്തിപ്പെടുത്തി ശത്രുപക്ഷത്തെ ക്ഷീണിപ്പിച്ച് മുതലെടുക്കുന്നു. പിന്നീട് മാപ്പ് പറയുക, അല്ലെങ്കില്‍ ചോദ്യത്തിന് അവ്യക്തമായി ഉത്തരം കൊടുത്തു അപവാദങ്ങളെ അപ്രസക്തമാക്കുകയാണ് പതിവ്. ചോദ്യങ്ങള്‍ക്ക് വ്യക്തമല്ലാത്ത ഉത്തരം കൊടുക്കുന്നതിന്റെ മറവില്‍ സ്വന്തം സ്ഥാപനത്തിന്റെ രഹസ്യങ്ങള്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുകയുമാണ് ഹിന്‍ഡന്‍ബര്‍ഗ് സ്വീകരിച്ച തന്ത്രം. ആരോപണങ്ങളില്‍ പലതും അദാനി കമ്പനികളുടെ വിവിധ സമയങ്ങളിലെ സ്റ്റോക് എക്സ്ചേഞ്ച് നിബന്ധന അനുസരിച്ചുള്ള സ്വയം വെളിപ്പെടുത്തലുകളില്‍നിന്ന് രൂപപ്പെട്ടതാണ്.
ഹെഡ്ജ് ഫണ്ടുകള്‍ക്ക് ഷോര്‍ട്ട് സെല്ലിംങ്ങിലൂടെ ലാഭമുണ്ടാക്കാന്‍ വിപണിയെ തകര്‍ക്കാനുള്ള ഏതാനും ദിവസത്തെ തെറ്റായ വാര്‍ത്ത ധാരാളമാണ്. അത്തരം വാര്‍ത്തകള്‍ പിന്നീട് തിരുത്തുകയും ചെയ്യാം. ‘അദാനി ഗ്രൂപ്പ് : ലോകത്തിലെ മൂന്നാമത്തെ വലിയ ധനികന് എങ്ങനെയാണ് കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി നടത്തുന്നത്’ എന്ന ശീര്‍ഷകത്തില്‍ സമയം കൃത്യമായി കണക്ക് കൂട്ടി 2023 ജനുവരി 25 ന് ഇന്ത്യന്‍ വിപണി തുറക്കുന്നതിന്ന് മുന്‍പ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.
അതില്‍ അദാനി കമ്പനികള്‍ ഊതി വീര്‍പ്പിച്ച ചിലവ് കാണിച്ച് വഴിമാറ്റിയ സമ്പാദ്യം രഹസ്യമായി ഗ്രൂപ്പ് കമ്പനികളില്‍ തന്നെ നിക്ഷേപമായെത്തി എന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചു. അത് അന്വേഷിക്കാന്‍ ഓഹരി ഉടമകള്‍ക്കും ആദായനികുതി വകുപ്പിനും അവകാശമുണ്ടെന്നും ഹിന്ഡന്ബര്ഗിനറിയാം. പക്ഷെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ഉടന്‍ വിപണി തുറന്നപ്പോള്‍ അദാനി ഓഹരികളുടെ വിലയിടിഞ്ഞു. അതിന് ഏതാനും ദിവസം മുന്‍പാണ് അദാനി എന്റര്‍പ്രൈസസ് തുടര്‍ ഓഹരി വില്പന (follow on public offer) അല്ലെങ്കില്‍ എഫ്പിഒ പ്രഖ്യാപിച്ചത്. ഹിന്‍ഡന്‍ബര്‍ഗിന്റെ കണക്ക് കൂട്ടല്‍ പിഴച്ചില്ല. അദാനി ഓഹരികളുടെ വില തുടര്‍ച്ചയായി ഇടിഞ്ഞു. ഹിന്‍ഡന്‍ബര്‍ഗ് ആതിന്റെ ഗവേഷണത്തിന് മാധ്യമ ലേഖനങ്ങള്‍, കോടതി/ട്രിബ്യൂണല്‍ റിപ്പോര്‍ട്ടുകള്‍ റെഗുലേറ്റര്‍മാരുടെ ഉത്തരവുകള്‍, എക്സ്ചേഞ്ച് ഫയലിംങ്ങ് വഴിക്കുള്ള വെളിപ്പെടുത്തലുകള്‍ മുതലായവ ഉപയോഗിച്ചെന്ന് അവകാശപ്പെട്ടു. റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം 2023 ജനുവരി 25 മുതല്‍ ഫെബ്രുവരി 22 വരെയുള്ള കാലയളവില്‍ അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വില 59 ശതമാനം കുറഞ്ഞു. ഈ ഇടിവ് കാരണം അദാനി എഫപിഒ തീരുമാനം തല്ക്കാലം ഉപേക്ഷിച്ചു. എന്നാലും അദാനിയുടെ പുതിയ ഓഹരികളില്‍ നിക്ഷേപിക്കാന്‍ ധാരാളം സ്ഥാപനങ്ങള്‍ തയ്യാറായിരുന്നു.
വെളിപ്പെടുത്തലില്‍ വീഴാതെ ഇന്ത്യന്‍ വിപണി
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ പദ്ധതിയുള്ള ഒരു കമ്പനി ഓഹരിയോ ഏതെങ്കിലും കടപ്പത്രമോ നിക്ഷേപകര്‍ക്ക് വില്ക്കുമ്പോള് ബന്ധപ്പെട്ട രാജ്യങ്ങളിലെ സെക്യൂരിറ്റി റഗുലേറ്ററുടെ അംഗീകാരം തേടണം. ലിസ്റ്റ് ചെയ്യപ്പെടുന്ന സ്റ്റോക് എക്സ്ചേഞ്ചുകളില്‍ കമ്പനി ഉടമകള്‍ എല്ലാ വിവരങ്ങളും കൃത്യമായി വെളിപ്പെടുത്തണം. സെക്യൂരിറ്റി വില്‍ക്കാനുള്ള അനുവാദത്തിന് ഫയല്‍ ചെയ്യുന്ന പ്രോസ്പെക്ടസില്‍ സെക്യൂരിറ്റി വില്‍ക്കുന്ന കമ്പനി ഭാവിയില്‍ സാധ്യതയുള്ള അപകടങ്ങളെ ആദ്യ ഭാഗത്ത് തന്നെ നിയമാനുസൃതമായി വ്യക്തമാക്കണം. ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ടുണ്ടാക്കി പ്രചരിപ്പിച്ചാല്‍ (പ്രത്യേകിച്ച് ഒരു അമേരിക്കന്‍ ഗവേഷണ സ്ഥാപനം ഇന്ത്യന്‍ കമ്പനിക്കെതിരെ) ആ കമ്പനിയുടെ ഓഹരി വില ഒരു പ്രാവശ്യമെങ്കിലും കൂപ്പ് കുത്തുമെന്നത് സ്വാഭാവികമാണ്.
ഇന്ത്യന്‍ വിപണിയില്‍ മേല്‍വിലാസമോ വ്യക്തമായ തിരിച്ചറിയല്‍ രേഖയോ (കെ.വൈ.സി) ഇല്ലാതെ ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ നിക്ഷേപം നടത്താനാവില്ല. സ്വകാര്യ നിക്ഷേപകങ്ങളുടെ രഹസ്യ വിവരങ്ങള്‍ അറിയേണ്ടത് ഹിന്‍ഡന്‍ബര്‍ഗ് ഉള്‍പ്പടെയുള്ള അപരന്റെ അവകാശവുമല്ല. അതുകൊണ്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത് ഹിന്‍ഡന്‍ബര്‍ഗിന്റെ കച്ചവടത്തിന്റെ ഭാഗം മാത്രമാണ്.
ആരോപണങ്ങള്‍ ചിലപ്പോള്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെങ്കിലും ചില ആരോപണങ്ങള്‍ വിപണിയും അവഗണിക്കുന്നു. അതാണ് രണ്ടാമത്തെ ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലുകള്‍ക്ക് ശേഷം വിപണിയില്‍ കണ്ടത്. സെബി അധ്യക്ഷ മാധബി ബുച്ചിന്റെ ഭര്‍ത്താവ് ധവള്‍ ബുച്ചിന്റെ രഹസ്യ നിക്ഷേപം അദാനി ഗ്രൂപ്പ് കമ്പനികളില്‍ എത്തി എന്ന് ആഗസ്ത് 10 ന് വന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഇന്ത്യന്‍ വിപണിയില്‍ ചലനമുണ്ടാക്കിയില്ല. വിപണി അത് പൂര്‍ണ്ണമായും അവഗണിച്ചു. ഹിന്‍ഡന്‍ബര്‍ഗിന്റെ കണക്കുകള്‍ പിഴച്ചു.
സാധാരണയായി എല്ലാ ഇടപാടിലും, ഒരു വില്പ്പനക്കാരന് തന്റെ അക്കൗണ്ടില്‍നിന്ന് വിറ്റതിനു തുല്യമായ സെക്യൂരിറ്റികള്‍ വാങ്ങുന്നയാളുടെ അക്കൗണ്ടിലേക്ക് കൈമാറണം. അതിനെ ‘ഡലിവറി’ അടിസ്ഥാനമാക്കിയ ഇടപാട് എന്നാണ് വിളിക്കുന്നത്. സെക്യൂരിറ്റികള്‍ കൈയ്യില്‍ ഇല്ലാത്ത ഒരു വില്പ്പനക്കാരന് സ്വാഭാവികമായും താന്‍ വിറ്റ സെക്യൂരിറ്റികള്‍ കൈമാറാന്‍ കഴിയില്ല. ഈ കുറവ് നികത്താന്‍ അയാള്‍ തുല്യമായ അളവില്‍ വിപണിയില്‍ നിന്ന് നിശ്ചിത സമയത്തിനുള്ളില്‍ വാങ്ങിയിരിക്കണം. സ്വഭാവികമായും ഒരു ഷോര്‍ട്ട് സെല്ലര്‍ക്ക് ആവശ്യം വിറ്റ ഓഹരി വിലയിലെ കനത്ത ഇടിവാണ്. ജനുവരി 24 ന് അദാനി എന്റെര്‍പ്രൈസസിന്റെ ഓഹരി വില 3442 രൂപ ആയിരുന്നു. അത് അടുത്ത ദിവസം 3388 രൂപയായും ജനുവരി 27 ന് 2761 ലേക്കും കൂപ്പുകുത്തി. ഫെബ്രുവരി 27 ന് ഓഹരി വില 1193 രൂപയായി കുറഞ്ഞു. ഈ തകര്‍ച്ചയില്‍ ലാഭമുണ്ടാക്കിയ കിംങ്ഡം ക്യാപ്പിറ്റല്‍ ഹിന്‍ഡന്‍ബര്‍ഗിന് കമ്മീഷനായി നല്‍കിയത് 4.1 ദശലക്ഷം ഡോളര്‍. ഇത് ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തുകയുണ്ടായി.
ഒരു ഇന്ത്യന്‍ ‘ലിസ്റ്റഡ് ‘ കമ്പനിയുടെ പെട്ടന്നുള്ള വിലയിലെ കനത്ത ഇടിവ് സ്വഭാവികമായും ഇന്ത്യന്‍ മാര്‍ക്കറ്റ് റഗുലേറ്ററായ സെബിയുടെ അന്വേഷണ വിഷയമാകും. അന്വേഷണത്തില്‍, ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നതിന് മുമ്പ് അദാനി എന്റര്‍പ്രൈസസ് ഡെറിവേറ്റീവുകളില്‍ ഷോര്‍ട്ട് സെല്ലിംഗ് പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടു.
അദാനിയെക്കുറിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് ഗവേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് രണ്ട് മാസം മുന്‍പ് തന്നെ കിങ്ഡം ക്യാപിറ്റല്‍ മാനേജ്മെന്റിന് അതിന്റെ വിശദാംശങ്ങള്‍ അറിയാമായിരുന്നു. അതനുസരിച്ച് ഷോര്‍ട്ട് സെല്ലിംങ്ങിന് ഒരുക്കങ്ങള്‍ നടത്തി.
ഹിന്‍ഡന്‍ബര്‍ഗിന്റേത് നിയമ വിരുദ്ധ പ്രവര്‍ത്തികള്‍
കിങ്ഡം ക്യാപ്പിറ്റല്‍ ഹിന്ഡന്ബര്ഗുമായുള്ള ഉടമ്പടി പ്രകാരം അദാനി ഓഹരി ഇടപാടുകളില്‍ നിന്നുള്ള ലാഭത്തിന്റെ 30 ശതമാനം ഹിന്‍ഡന്‍ബര്‍ഗിന് നല്കാന് കിംങ്ഡം സമ്മതിച്ചു. സെബി ഈ കാര്യം ഹിന്ഡന്ബര്ഗിനയച്ച കാരണം കാണിക്കല്‍ നോട്ടീസില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളെ വിരുദ്ധ താല്പര്യം എന്ന് വിളിക്കാമെങ്കിലും ഇരു കമ്പനികളുടേയും പ്രത്യക്ഷത്തിലുള്ള ബന്ധമില്ലായ്മ അമേരിക്കന്‍ സെക്യൂരിറ്റി റഗുലേറ്ററുടെ നടപടിക്ക് വിധേയമായില്ല. മറ്റൊരു ഭാഗത്ത്, ഹിന്‍ഡന്‍ബര്‍ഗിന് പ്രത്യക്ഷമോ പരോക്ഷമോ ആയ സാന്നിദ്ധ്യമോ കച്ചവട താല്പര്യമോ ഇന്ത്യയില്‍ ഇല്ലെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആവര്‍ത്തിച്ച് പറയുന്നു. അതിന്റെ പിന്നില്‍ ഇന്ത്യയിലെ നിയമ വ്യവസ്ഥയില്‍ ചോദ്യം ചെയ്യപ്പെടലിനോ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള ബാധ്യതയോ തങ്ങള്‍ക്ക് ഇല്ലെന്ന പരോക്ഷമായ പ്രഖ്യാപനമാണുള്ളത്. ഹിന്‍ഡന്‍ബര്‍ഗ് നിക്ഷേപ ഉപദേശക സ്ഥാപനമായിരിക്കുമ്പോള്‍ തന്നെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലും ഇന്ത്യയിലും നിലവിലുള്ള സെക്യൂരിറ്റി നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. ഇീിളഹശര േീള ശിലേൃലേെ എന്ന പേരില്‍ വിവിധ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തികള്‍ തന്നെയാണ് ഹിന്‍ഡന്‍ബര്‍ഗും കാണിച്ചത്. ഇന്ത്യന്‍ മാര്‍ക്കറ്റ് റഗുലേറ്റര്‍ സെബിയുടെ അന്വേഷണത്തിലും ഇക്കാര്യം വ്യക്തമാണ്.
ഹെഡ്ജ് ഫണ്ടുകള്‍ സാധാരണയായി ദീര്‍ഘകാല നിക്ഷേപങ്ങള്‍ നടത്താറില്ല. ഏത് മാര്‍ഗ്ഗത്തിലും പരമാവധി ലാഭം, വിപണിയിലെ ശരാശരി വര്‍ധനവിലും കവിഞ്ഞ ലാഭം, അത് തകര്‍ച്ചയിലും ഉറപ്പു വരുത്തുക എന്നതാണ് ഹെഡ്ജ് ഫണ്ട് തന്ത്രങ്ങള്‍. അവിടെയാണ് ഹിന്‍ഡന്‍ബര്‍ഗ്-കിങ്ഡം ക്യാപ്പിറ്റല്‍ മനേജ്മെന്റ് ബന്ധത്തിന്റെ പ്രസക്തി.
ഒരു രാജ്യത്തിന്റെ സെക്യൂരിറ്റി നിയമങ്ങളില്‍ നിന്നൊഴിഞ്ഞ് നില്‍ക്കാനുള്ള സമര്‍ത്ഥമായ സംഘടനാ സംവിധാനവും നിക്ഷേപകരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനുള്ള സൗകര്യവും മുന്‍നിര്‍ത്തി, നാതന് ആന്ഡേര്സന് തന്നെ ക്ലാരിറ്റി സ്പ്രിങ്ങ് എന്ന ഹെഡ്ജ് ഫണ്ട് ഡാറ്റാ പ്ലാറ്റ്ഫോം സ്ഥാപിച്ചിരുന്നു. അതിലെ നിക്ഷേപകര്‍ ആരാണെന്ന് നാതന് ഒരിക്കലും വ്യക്തമാക്കിയിരുന്നില്ല. അതിപ്പോഴും രഹസ്യമാണ്. അതുപോലെ ഹിന്‍ഡന്‍ബര്‍ഗും ആരാണ് അതിന്റെ നിക്ഷേപകരെന്ന് വെളിപ്പെടുത്താറില്ല.
ഏത് വിപണിയിലും ലാഭമുണ്ടാക്കുക എന്ന ലക്ഷ്യമുള്ള ഹെഡ്ജ് ഫണ്ടുകള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനുമുള്ള വിലയുടെ വ്യത്യാസത്തില്‍ വന്‍ ലാഭം കൊയ്യുന്നു. പലപ്പോഴും അപകടകരമായ ഇത്തരം ഇടപാടില്‍ അപൂര്‍വ്വം ചിലര്‍ സമ്പന്നരുമായിട്ടുണ്ട്. ഗണ്യമായ കടവും ഉയര്‍ന്ന ഓഹരി വിലയും ഉള്ള വന്‍കിട ബിസിനസ് ഗ്രൂപ്പുകളുടെ ഇടപാടുകളില്‍ വളരെയധികം പഴുതുകള്‍ നിലനില്‍ക്കുന്നത് സാധാരണമാണ്. അത്തരം ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടുകള്‍ എഴുതുന്നതിന് സാമ്പത്തിക പരിജ്ഞാനം ആവശ്യമില്ല. വിപണിയുടെ സ്വഭാവം അറിഞ്ഞാല്‍ മതി. എല്ലാ അപകടസാധ്യത ഘടകങ്ങളും തിരഞ്ഞെടുത്ത് ആര്‍ക്കും ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാം. ഓഹരിയും കടപ്പത്രവും ലിസ്റ്റ് ചെയ്ത എക്സ്ചേഞ്ചുകള്‍ സന്ദര്‍ശിച്ച് നിക്ഷേപകരുടെ പേരുകള്‍ ശേഖരിക്കാം. ഹിന്‍ഡന്‍ബര്‍ഗ് ഒരു കൂട്ടം ഓഹരി ഉടമസ്ഥരുടെ പേര് ലിസ്റ്റ് ചെയ്തു, ഓഫ്ഷോര്‍ സ്ഥാപന നിക്ഷേപകരുടെ പശ്ചാത്തലം വെളിപ്പെടുത്താന്‍ അദാനിയോട് ആവശ്യപ്പെട്ടു. അവര്‍ ആരാണെന്ന് ആദ്യം കണ്ടെത്തേണ്ടത് സ്റ്റോക് എക്സ്ചേഞ്ചും ഡിപ്പോസിറ്ററികളുമാണ്. ഡിപ്പോസിറ്ററികള്‍ക്കും എക്സ്ചേഞ്ചിനും അവര്‍ ദല്ലാള്‍ വഴി കെ.വൈ.സിയും നല്കിയിട്ടുണ്ടാകും. ഇവയെല്ലാം റഗുലേറ്ററുടെ നിരീക്ഷണത്തിലുമായിരിക്കും.
എന്നാലും ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ക്ക് മതിയായ ഉത്തരങ്ങള്‍ ഉള്‍ക്കൊള്ളുന്ന 413 പേജുള്ള റിപ്പോര്‍ട്ട് അദാനി തയ്യാറാക്കി. പല ചോദ്യങ്ങള്‍ക്കും അദാനി ഫയല്‍ ചെയ്ത പ്രോസ്പെക്ടസില്‍ വ്യക്തമായ ഉത്തരമുണ്ടെന്ന് ചൂണ്ടിക്കാണിച്ചു.
ഇന്ത്യക്കെതിരായി ചില വെളിപ്പെടുത്തലുകള്‍ വരാന്‍ പോകുന്നു എന്ന് പ്രചരിപ്പിച്ച ശേഷം പുറത്തിറക്കിയ, സെബിക്കെതിരായ ആരോപണങ്ങള്‍ വിപണി അവഗണിച്ചു. എന്റോണും, ലോംങ് ടേം ക്യാപ്പിറ്റല്‍ മാനേജ്മെന്റും, വേള്ഡ്ക്കോമും, പസഫിക് ഗ്യാസും, ആര്‍ഥര്‍ ആന്റേര്സനും തകര്‍ന്ന അമേരിക്കയില്‍ കോര്‍പ്പറേറ്റ് പതനങ്ങള്‍ അപൂര്‍വ്വമല്ല. പക്ഷെ ഇന്ത്യയില്‍ അമേരിക്കയേക്കാള്‍ സുസ്ഥിരമായ വിപണി നിയമവും, ശക്തമായ റെഗുലേറ്ററി നിയന്ത്രണവും, സുതാര്യമായ എക്സ്ചേഞ്ച് സംവിധാനവുമുണ്ട്. അതുകൊണ്ട് തന്നെ ഹിന്‍ഡന്‍ബര്‍ഗ് പോലുള്ള ഗവേഷണ സ്ഥാപനങ്ങള്‍ പുറത്തിറക്കുന്ന എല്ലാ റിപ്പോര്‍ട്ടുകളും അവര്‍ക്ക് ലാഭകരമായിരിക്കില്ലെന്ന് ഇതിനകം സൂത്രശാലികളായ ഹിന്‍ഡന്‍ബര്‍ഗ് ഗവേഷകര്‍ക്ക് ബോധ്യപ്പെട്ടിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: