തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത് ഗുരുതര കുറ്റങ്ങളായിട്ടും നടപടിയെടുക്കാതെ സര്‍ക്കാര്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുള്‍പ്പെടെ ലൈംഗികാതിക്രമത്തിനിരയായെന്ന കണ്ടെത്തലുണ്ടായിട്ടും കുറ്റവാളികളുടെ പേരു വിവരങ്ങള്‍ പോലും പുറത്തുവരാത്ത വിധം കരുതലെടുത്തും നിയമ നടപടികള്‍ സ്വീകരിക്കാതെയുമാണ് സര്‍ക്കാരിന്റെ ഒളിച്ചുകളി. നാലു വര്‍ഷം പൂഴ്ത്തിവച്ച റിപ്പോര്‍ട്ട് മറ്റുപല കാര്യങ്ങളും മറയ്ക്കാനായി പുറത്തുവിട്ടെങ്കിലും അത് അവരെത്തന്നെ തിരിഞ്ഞുകൊത്തുന്നു.
കുറ്റവാളികളെ ചൂണ്ടിക്കാട്ടുംവിധമുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും മൊഴിപ്പകര്‍പ്പുകളും കൈയിലുണ്ടെങ്കിലും, താന്‍ മന്ത്രിയായിരുന്ന മൂന്നര വര്‍ഷത്തിനിടയ്ക്ക് ഒരു നടിയുടെയും പരാതി കിട്ടിയിട്ടില്ലെന്ന ഒഴുക്കന്‍ മറുപടിയാണ് സാംസ്കാരിക മന്ത്രി സജി ചെറിയാനില്‍ നിന്നുണ്ടായത്. മൊഴി പ്രസിദ്ധീകരിക്കണമെന്ന് കോടതി തീരുമാനം വന്നാലേ കേസെടുക്കാന്‍ കഴിയൂ എന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച കാലത്ത് സാംസ്കാരിക മന്ത്രിയായിരുന്ന എ.കെ. ബാലന് പറയുന്നത്. പരാതി ലഭിച്ചാല്‍ മാത്രം നടപടിയെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതോടെ റിപ്പോര്‍ട്ടിനപ്പുറം നടപടിയൊന്നുമുണ്ടാകില്ലെന്ന് ഉറപ്പായി.
ലൈംഗിക ചൂഷണത്തോടൊപ്പം സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന മറ്റു ഗുരുതര കുറ്റങ്ങളെക്കുറിച്ചും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. മയക്കുമരുന്നുപയോഗവും വിതരണവുമടക്കം സിനിമാ മേഖലയില്‍ സജീവമാണ്. മയക്കുമരുന്നെത്തിക്കുന്ന മാഫിയ സംഘങ്ങള്‍ ഷൂട്ടിങ് സെറ്റുകളിലുള്ളത് നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. സിനി
മാ നിര്‍മാണം വഴി കള്ളപ്പണം വെളുപ്പിക്കുന്നത് സംബന്ധിച്ച വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഹേമ കമ്മിറ്റിക്കു മുമ്പാകെ ഒരുകൂട്ടം വനിത സിനിമാ പ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്ന മൊഴി മാത്രം ആധാരമാക്കി സര്‍ക്കാരിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാമെന്നിരിക്കേ അതില്‍ നിന്ന് ഒളിച്ചോടുകയാണിപ്പോള്.
സ്ത്രീകള്‍ മാത്രമല്ല കമ്മിറ്റിക്ക് മൊഴി നല്‍കിയിരുന്നു. ചിലരുടെ ഇംഗിതത്തിനു വഴങ്ങിയില്ലെങ്കില്‍ അവസരങ്ങള്‍ നിഷേധിക്കുകയും പ്രതിഫലം വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നു. അപ്രഖ്യാപിത വിലക്കും ഏര്‍പ്പെടുത്തും. സിനിമയെ നയിക്കുന്നത് പ്രത്യേക കോക്കസാണ്. അതിനു പുറത്താണെങ്കില്‍ അവസരങ്ങളുണ്ടാകില്ലെന്നാണ് മിക്ക സിനിമാ പ്രവര്‍ത്തകരുടെയും പരാതി.
അതേസമയം, സംസ്ഥാനത്ത് സിനിമാ നയരൂപീകരണത്തിന് കണ്സള്ട്ടന്സിയുണ്ടാക്കാന് സാംസ്കാരിക വകുപ്പ് ഒരു കോടി രൂപ അനുവദിച്ചു. മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് വിവരങ്ങള്‍ ശേഖരിക്കാനാണ് കണ്‍സള്‍ട്ടന്‍സി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. റിപ്പോര്‍ട്ടില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ നീക്കം. റിപ്പോര്‍ട്ടില്‍ പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന പ്രശ്നങ്ങളുണ്ടെന്നും അതിനാല്‍ ഇത് പുറത്തുവിടരുതെന്നും ജസ്റ്റിസ് ഹേമ തന്നെ 2020 ഫെബ്രു. 19ന് കത്തു നല്‍കിയിട്ടുണ്ടെന്നു പറഞ്ഞ് മുഖ്യമന്ത്രിയും അവസാനിപ്പിച്ചു. മൊഴി നല്കിയ ആരെങ്കിലും പരാതിപ്പെടാന്‍ തയാറാണെങ്കില്‍ കേസെടുത്ത് അന്വേഷിക്കാമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഒപ്പം, അന്വേഷണം നടത്തണമെന്ന് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തതോടെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നും പ്രതീക്ഷിക്കേണ്ടെന്ന സൂചനയാണുള്ളത്. ഇതോടെ കൊടും കുറ്റവാളികള്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയും അസ്തമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: