ബെംഗളൂരു: ജനഹൃദയങ്ങളെ ആകർഷിച്ച ‘കാന്താര’ എന്ന ചിത്രത്തിനായി തനിക്ക് ദേശീയ അവാർഡ് ലഭിച്ചത് വരലക്ഷ്മി ഉത്സവനാളുകളിലാണെന്നത് ഏറെ സന്തോഷം പകരുന്ന കാര്യമാണെന്ന് ഋഷഭ് ഷെട്ടി. ദൈവ നർത്തകർക്ക് (ദൈവസേവനത്തിനായി സമർപ്പിക്കപ്പെട്ട നർത്തകർ) ഈ പുരസ്കാരം സമർപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അന്തരിച്ച കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാറിനും താന്‍ ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നതായി ഋഷഭ് ഷെട്ടി പറഞ്ഞു. “അവാർഡ് പ്രഖ്യാപിച്ചപ്പോൾ ഞാൻ ആവേശഭരിതനായി. കന്നഡ സിനിമാ വ്യവസായം വലിയ തോതിൽ വളരുകയാണ്, അതുകൊണ്ടാണ് ഇന്ന് ഈ ദേശീയഅവാർഡ് കന്നഡയിലേക്ക് വന്നത്. സിനിമാ ടീമിലെ എല്ലാ അംഗങ്ങൾക്കും ഞാന്‍ നന്ദി അറിയിക്കുന്നു”.- ഋഷഭ് ഷെട്ടി പറഞ്ഞു.
‘കാന്താര’യിൽ വസ്ത്രാലങ്കാരം നടത്തിയ എന്റെ ഭാര്യ പ്രഗതി ഷെട്ടിയും ഈ വിജയത്തിന് പിന്നില്‍ നിർണായകമായിരുന്നുവെന്ന് ഋഷഭ് ഷെട്ടി പറഞ്ഞു. ദേശീയ അവാർഡ് നേടിയതിന് ശേഷം ആദ്യമായി ആശംസ അറിയിച്ചത് തന്റെ ഭാര്യ പ്രഗതി ഷെട്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“അജനീഷ് ലോക്‌നാഥിന്റെ സംഗീതവും വളരെ പ്രധാനപ്പെട്ടതായിരുന്നു. സിനിമയുടെ എല്ലാ അഭിനേതാക്കളോടും സാങ്കേതിക പ്രവർത്തകരോടും പ്രൊഡക്ഷൻ ഹൗസായ ഹോംബാലെ ഫിലിംസിനോടും നന്ദി പറയുന്നു. ആളുകൾ സിനിമ ഇഷ്ടപ്പെടുമ്പോൾ നമ്മുടെ ഉത്തരവാദിത്തം കൂടും. ഒരു അവാർഡ് വരുമ്പോൾ ഉത്തരവാദിത്തം കൂടുതൽ കൂടും. “- ഋഷഭ് ഷെട്ടി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: