ന്യൂദല്‍ഹി: മുന്‍മന്ത്രി ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടി മുതല്‍ കേസ് താന്‍ പരിഗണിക്കാതിരിക്കാന്‍ ശ്രമം നടക്കുന്നതായി സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാര്‍. ഹര്‍ജി അടുത്ത വര്‍ഷം ജനുവരി അഞ്ചു വരെ നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ആന്റണി രാജു പ്രതിയായ തൊണ്ടി മുതല്‍ കേസില്‍ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ആന്റണി രാജു നല്കിയ ഹര്‍ജി ഇന്നലെ ജസ്റ്റിസ് സി.ടി. രവികുമാര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കാനെടുത്തു. കേസ് നീട്ടിവയ്‌ക്കണമെന്ന് ആന്റണി രാജുവിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് സി.ടി. രവികുമാറിന്റെ പരാമര്‍ശമുണ്ടായത്. ജനുവരി 5നാണ് ജസ്റ്റിസ് രവികുമാര്‍ സുപ്രീംകോടതിയില്‍ നിന്ന് വിരമിക്കുന്നത്.
കേസ് നീട്ടിവയ്‌ക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് സി.ടി. രവികുമാറും ജസ്റ്റിസ് സഞ്ജയ് കരോളുമടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം ജൂണില്‍ താനടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ച കേസാണിതെന്ന് ജസ്റ്റിസ് രവികുമാര്‍ പറഞ്ഞു. ഈ കേസ് പരിഗണനക്ക് വരുമ്പോഴെല്ലാം ഓരോ കാരണങ്ങള്‍ പറഞ്ഞ് മാറ്റിവയ്‌ക്കാന്‍ ശ്രമിക്കുകയാണ്. ജനുവരി 5 വരെ ഇത് തുടരും. ജനുവരി അഞ്ചിന്റെ പ്രത്യേകത തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
എസ്എന്‍സി ലാവ്ലിന്‍ കേസില്‍ നിന്ന് പിന്മാറിയ കാര്യവും ജസ്റ്റിസ് രവികുമാര്‍ കോടതിയില്‍ പരാമര്‍ശിച്ചു. കേസിന്റെ പേര് പറയാതെയായിരുന്നു ഇത്. ആ കേസുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി ഹൈക്കോടതി ജഡ്ജി ആയിരുന്നപ്പോള്‍ താന്‍ പരിഗണിച്ചതിനാലാണ് സുപ്രീംകോടതിയില്‍ ആ കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് പിന്മാറിയത്. ആരും തന്നോട് പിന്മാറാന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും ജസ്റ്റിസ് രവികുമാര്‍ വ്യക്തമാക്കി.
തൊണ്ടി മുതല്‍ കേസുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി ജസ്റ്റിസ് സി.ടി. രവികുമാര്‍ ഹൈക്കോടതിയിലിരുന്നപ്പോള്‍ പരിഗണിച്ചിരുന്നുവെന്നും ആന്റണി രാജുവിന്റെ അഭിഭാഷകന്‍ ഇന്നലെ ചൂണ്ടിക്കാട്ടി. പന്ത്രണ്ടര വര്‍ഷം കേരള ഹൈക്കോടതിയില്‍ ജഡ്ജി ആയിരുന്നു. പല ഹര്‍ജികളും പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ തൊണ്ടി മുതല്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ജഡ്ജിയായിരുന്ന കാലയളവില്‍ പരിഗണിച്ച കാര്യം ഓര്‍മയില്ലെന്ന് ജസ്റ്റിസ് രവികുമാര്‍ വ്യക്തമാക്കി. കഴിഞ്ഞ ഒരു വര്‍ഷമായി ഉന്നയിക്കാത്ത ഈ വിഷയം ഇപ്പോള്‍ ഉന്നയിച്ചത് എന്തിനാണെന്ന് ജസ്റ്റിസ് സഞ്ജയ് കരോള്‍ അഭിഭാഷകനോട് ചോദിച്ചു. തുടര്‍ന്ന് താന്‍ ഈ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറാമെന്ന് ജസ്റ്റിസ് സി.ടി. രവികുമാര്‍ അറിയിച്ചു. എന്നാല്‍ ആന്റണി രാജുവിന്റെ സീനിയര്‍ അഭിഭാഷകന്‍ ഉള്‍പ്പടെയുള്ളവര്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: