റൊസാരിയോ: സെപ്റ്റംബറില്‍ ചിലി, കൊളംബിയ ടീമുകള്‍ക്കെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തില്‍ സൂപ്പര്‍താരം ലണയണ്‍ മെസി കളിക്കില്ല. നിരവധി യുവതാരങ്ങളെ ഉള്‍പ്പെടുത്തി 28 അംഗ ടീമിനെ അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന് പ്രഖ്യാപിച്ചു. കണങ്കാലിന് ഏറ്റ പരിക്കാണ് മെസിയെ ടീമില്‍നിന്ന് ഒഴിവാക്കാന്‍ കാരണം.
ക്ലബ്ബ് ഫുട്ബോളില്‍ എംഎല്‍എസ് ക്ലബ്ബ് ഇന്റര്‍ മയാമിക്കായി കളിക്കുന്ന മെസിക്ക് കഴിഞ്ഞമാസം നടന്ന കോപ്പ അമേരിക്ക ഫൈനലിനിടെയാണ് പരിക്കേറ്റത്. കണങ്കാലിന് പരിക്കേറ്റ താരം കോപ്പ ഫൈനല്‍ മത്സരത്തിന്റെ 66-ാം മിനിറ്റില്‍ കണ്ണീരോടെ കളം വിട്ടിരുന്നു. മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കൊളംബിയയെ പരാജയപ്പെടുത്തി അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടു.
മധ്യനിര താരം എസക്വേല്‍ ഫെര്‍ണാണ്ടസ്, സ്ട്രൈക്കര്‍ വാലന്റിന്‍ കാസ്റ്റല്ലാനോസ് എന്നിവര്‍ ആദ്യമായി ടീമിലെത്തി. അലജാന്ദ്രോ ഗര്‍നാച്ചോ, വാലന്റിന്‍ കര്‍ബോണി, വാലന്റിന്‍ ബാര്‍കോ, മാത്യാസ് സൗളെ എന്നിവര്‍ ടീമിലുണ്ട്.
തെക്കേ അമേരിക്കന്‍ യോഗ്യത ഗ്രൂപ്പില്‍ ആറുമത്സരങ്ങളില്‍നിന്നു 15 പോയന്റുള്ള അര്‍ജന്റീന ഒന്നാമതാണ്. ഒരു മത്സരത്തില്‍ മാത്രമാണ് തോല്‍വിയറിഞ്ഞത്. 13 പോയന്റുള്ള യുറുഗ്വായിയാണ് രണ്ടാമത്. ഏഴു പോയന്റ് മാത്രമുള്ള ബ്രസീല്‍ ആറാമതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: