കൊച്ചി: ശബരിമലയിലെ ഭസ്മക്കുളത്തിന്റെ സ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. വിഷയത്തിൽ ദേവസ്വം ബോർഡ്, അമിക്കസ് ക്യൂറി എന്നിവരോട് റിപ്പോർട്ട് തേടി. ഭസ്മക്കുളത്തിന്റെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് ദേവസ്വം ബെഞ്ചിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇപ്പോഴുള്ള സ്ഥലത്ത് പരിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കാനാകുന്നില്ലെന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മാറ്റി സ്ഥാപിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.
ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത് വലിയ നടപ്പന്തലിനും ശബരി ഗസ്റ്റ് ഹൗസിനും ഇടയിലുള്ള സ്ഥലമാണ് ജലരാശിയായി കണ്ടത്. പതിനെട്ടാം പടിക്ക് താഴെ അയ്യപ്പന്മാർ അടിക്കുന്ന നാളികേരം, ഉണക്കി കൊപ്രയാക്കുന്ന സ്ഥലമാണത്. സ്ഥാനനിർണയത്തിന് ശേഷം ഇവിടെ ശിലാസ്ഥാപനവും നടത്തിയിരുന്നു. പിന്നാലെ തന്ത്രി കണ്ഠര് രാജീവരുടെ കാർമ്മികത്വത്തിൽ ശിലാപൂജ നടത്തിയിരുന്നു.
ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തായിട്ടാണ് ഇപ്പോഴത്തെ ഭസ്മക്കുളം. കുളത്തിലേക്ക് മലിനജലവും എത്തുന്നതിനാലാണ് സ്ഥാനം മാറ്റുന്നത്. ഭസ്മക്കുളം ക്ഷേത്ര ശരീരത്തിന്റെ ഭാഗമായതിനാൽ തന്ത്രിമാരുടെ അനുവാദത്തോടെയും നിർദ്ദേശങ്ങൾക്കുമനിസരിച്ചാണ് ദേവസ്വം ബോർഡ് തീരുമാനമെടുത്തത്. ഇപ്പോഴുള്ള ഫ്‌ളൈ ഓവറിന് താഴെയായിരുന്നു നേരത്തെ ഭസ്മക്കുളത്തിന്റെ സ്ഥാനം. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് നിലവിലുള്ള സ്ഥാനത്തേക്ക് മാറ്റി സ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: