വേദപുരാണങ്ങളില്‍ പറയുന്ന പ്രകാരം പ്രപഞ്ചം മൂന്നു വിവിധ ഗുണങ്ങളുടെ സമ്മിശ്രമാണ്. സര്‍ഗശക്തിയാകുന്ന രജോഗുണം, അതിനെ പ്രതിരോധിക്കുന്ന തമോ ഗുണം, സൃഷ്ടിക്ക് അനുകൂലമായി നിന്നുകൊണ്ട് അതിനെ സംരക്ഷിക്കുന്ന സത്ത്വഗുണം. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിലും ജീവികളിലും ഇവ ഏറിയും കുറഞ്ഞുമിരിക്കുന്നു. മനുഷ്യമനസ്സും ഈ മൂന്നു ഗുണത്തിലുള്ള ശക്തിവിശേഷങ്ങളാല് നിര്‍മിക്കപ്പെട്ടതാണ്. രജോഗുണം പ്രകടീഭവിക്കുന്നത് സര്ഗാത്മക്രിയകളിലൂടെയും ആഗ്രഹങ്ങളിലൂടെയുമാണ്. രജസ്സിന്റെ ആധിക്യത്താല്‍ അത്യാഗ്രഹം, ധൂര്‍ത്ത്, മനക്ഷോഭം, ചഞ്ചലത, വൈകാരിക തീവ്രത, ആസക്തി, ഉറക്കമില്ലായ്മ എന്നിവ ഭവിക്കുന്നു. തമോഗുണം ഏറിനില്ക്കുമ്പോള് ആലസ്യം, ഉറക്കം, ദ്വേഷഭാവം, ശണ്ഠകൂടല്‍, ശത്രുത, ക്രൂരസ്വഭാവം, പുച്ഛം, നിന്ദ, അഹങ്കാരം, വിധ്വംസക ചിന്തകള്‍, അസൂയ, ദുഃഖഭാവം, അതൃപ്തി, അജ്ഞാനം, തിന്മയോട് അനുഭാവം, കാപട്യം, അപകര്‍ഷതാബോധം, ദുരാരോപണ വ്യഗ്രത എന്നിവ മനസ്സിനെ ബാധിക്കുന്നു. സത്ത്വഗുണം പ്രകടമാകുന്നത് സംതൃപ്തി, സമാധാനം, ഉന്മേഷം, ജ്ഞാനം, സത്യാന്വേഷണം, സ്നേഹം, ദയ, വിനയം, ഭക്തി, സേവനം, സന്മാര്ഗതല്പ്പരത എന്നിവയിലൂടെയാണ്.
സര്‍ഗശക്തിയുടെ പരിണാമ ദശയിലെ ഓരോ അവസ്ഥയിലും അതിന്റെ എതിര്ശക്തിയും ഒപ്പമുണ്ടെന്ന് ഭൗതിക ശാസ്ത്രം കണ്ടുപിടിച്ചിട്ടുള്ളതാണ്. സര്‍ഗശക്തി രൂപാന്തരപ്പെടുമ്പോള്‍ അതിന്റെ ഓരോ അവസ്ഥയെയും പരിരക്ഷിക്കുന്ന സാത്വിക ശക്തിയോടൊപ്പം അതിനെ എതിരിടുന്ന താമസിക ശക്തിയും പ്രചോദിപ്പിക്കപ്പെടുന്നു. ഇതിനാലാണ് സല്‍പ്രവൃത്തികള്‍ക്ക് തടസ്സം നേരിടേണ്ടിവരുന്നത്. ജര്‍മന്‍ തത്ത്വചിന്തകനായ ഹെഗല്‍ സര്‍ഗശക്തിയുടെ പരിണാമത്തിന് നേരിടേണ്ടിവരുന്ന ഈ പ്രതിരോധ ശക്തിയെക്കൂടി അംഗീകരിക്കുകയുണ്ടായി. ഇതിനാല്‍ ഹെഗല്‍ സിദ്ധാന്തിച്ച പരിണാമ പ്രക്രിയയെ ‘ഡയലക്റ്റിക്സ്’ എന്നു വിളിക്കുകയുണ്ടായി. ഹെഗല്‍ സര്‍ഗശക്തിയെ ദൈവിക ശക്തിയായിട്ടും, ചരിത്രത്തെ ദൈവിക ശക്തിയുടെ ചലനമായിട്ടും കരുതി. പക്ഷേ ഹെഗലിന്റെ സിദ്ധാന്തത്തെ കടംകൊണ്ട കാറല്‍ മാര്ക്സാവട്ടെ ചരിത്ര സൃഷ്ടിയെ ഭൗതിക ശക്തികളുടെ സംഘര്‍ഷ ഭൂമികയാക്കി മാറ്റി. മാത്രമല്ല ഹെഗലിന്റെ സിദ്ധാന്തത്തില്‍ സംഘര്‍ഷം സങ്കലനത്തിലേക്കാണ് നീങ്ങുന്നത്. എന്നാല്‍ മാര്‍ക്സിന്റെ രാഷ്ട്രീയ വീക്ഷണം സംഘര്‍ഷപൂരിതമായി തുടരുകയാണ് ചെയ്തത്. പൗരാണിക ഭാരതീയ ദര്‍ശനത്തില്‍, സാത്വിക ശക്തിയുടെ അതിരേകത്താല്‍ വിരുദ്ധശക്തികളുടെ സാമ്യാവസ്ഥ സംജാതമാകുമെന്നും, അതിനാല്‍ സര്‍ഗശക്തിക്ക് തടസ്സം കൂടാതെ ലക്ഷ്യം നേടാന്‍ സാധിക്കുമെന്നുമാണ് പറയുന്നത്. സാത്വിക ഗുണമൂര്ത്തിയായ വിഷ്ണുവിന്റെ അവതാര ലക്ഷ്യം ഈ തത്ത്വത്തെ സാധൂകരിക്കുന്നതാണ്.
തമോഗുണമെന്നത് സര്‍ഗശക്തിയാകുന്ന രജസ്സിനും സത്വഗുണസ്വരൂപത്തിനും എതിരായി പ്രവര്‍ത്തിച്ച് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതു കൂടാതെ ദുര്ഗുണവൃത്തിക്കെല്ലാം പ്രേരണാശക്തിയുമാകുന്നു. ഇങ്ങനെയുള്ള പ്രതികൂല ശക്തിയെ സൃഷ്ടിയില്‍ ഉള്‍പ്പെടുത്താനുള്ള കാരണമെന്തായിരിക്കും? ഈ ചോദ്യത്തിനുള്ള താത്ത്വികമായ മറുപടി ഇതാണ്: ഇപ്രകാരമൊരു നശീകരണ ശക്തിയില്ലെങ്കില്‍ സൃഷ്ടിയെ നിവര്‍ത്തിക്കാനാവില്ല, അത് അന്തമില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കും. ഒരു പ്രതിഭാസത്തിനും പൂര്‍വ്വാവസ്ഥയിലേക്കുള്ള ലയം സാധ്യമാവാതെ വരും. പുരാണങ്ങളിലെ ‘പ്രളയം’ സാധ്യമാക്കുന്നത് സൃഷ്ടിയെ പ്രതിരോധിക്കുന്ന താമസിക ശക്തിയാണ്. വ്യക്തിഗതമായി സംഭവിക്കുന്ന മോക്ഷാവസ്ഥയും ഒരു തരം ‘പ്രലയ’മാണ്. ഇതില്‍ വ്യക്തിയുടെ ആനുഭവിക ലോകമാകുന്ന ‘സംസാരം’ ലയിക്കുന്നു. മോക്ഷം സാധ്യമാക്കുന്ന വിരക്തി തമോഗുണ പ്രധാനമാകുന്നു. തമോഗുണത്തെ എപ്രകാരം ഉപയോഗപ്പെടുത്തുന്നുവെന്നതാണ് ഇവിടെ പ്രധാനം. അതിനെ അധാര്‍മികമായി ഉപയോഗിക്കുന്നത് വ്യക്തിക്കും സമൂഹത്തിനും ദോഷഫലമുണ്ടാക്കും. എന്നാല്‍ മനുഷ്യരാശിക്ക് ആത്മസംയമനം വഴി ദുരാശകളെ നിയന്ത്രിച്ച് മഹത്വപൂര്‍ണ്ണമായ ജീവിതം നയിക്കാനും, മോക്ഷം കൈവരിക്കാനുംഉതകുന്നതാണ് താമസിക ശക്തിയെന്നത് നിഷേധിക്കാനാവില്ല. എന്നാല്‍ ആത്മസംയമനത്തിനും അച്ചടക്കപാലനത്തിനും വിശ്രമത്തിനും ഉറക്കത്തിനുമല്ലാതെ ഈ ശ്കതിയെ അമിതമായി ആശ്രയിക്കുന്നവര്‍ അപകടകരമായ നിലയിലേക്ക് പതിക്കുമെന്നത് നിസ്തര്‍ക്കമാണ്. കാരണം സന്മാര്ഗത്തെ പ്രചോദിപ്പിക്കുന്ന സത്വഗുണത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നു. ഭക്തിജ്ഞാന വര്‍ദ്ധനവിനായി സല്ഗുണസ്വരൂപമാകുന്ന സാത്വിക ശക്തിയെ അവലംബിക്കാന്‍ ഉപദേശിക്കുകയാണ് മഹാഭാഗവതം. തത്ത്വജ്ഞാനികളായിരുന്ന ഋഷികളുടെ രചനകളിലെ തത്ത്വദര്‍ശനം മാറ്റിനിര്‍ത്തി അവയെ മുഖവിലക്കെടുക്കുന്നത് സാമാന്യബോധത്തിനു നിരക്കുന്നതല്ല.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: