ആലുവ : പ്രേമം സിനിമയിലൂടെ പ്രശസ്തമായ ‘പ്രേമം പാലം’ അടച്ചു പൂട്ടി.സാമൂഹ്യ വിരുദ്ധരും മയക്കുമരുന്ന് മാഫിയയും തമ്പടിച്ചതോടെയാണ് ആലുവയിലെ അക്വഡേറ്റ് പാലം പെരിയാര്‍ വാലി ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ അടച്ചത്. പാലത്തിലേക്ക് കയറുന്ന വഴികളെല്ലാം അടച്ചുകൊണ്ട് ഇരുമ്പ് ഗ്രില്ലുകള്‍ സ്ഥാപിച്ചു.
കമിതാക്കളുടെയും മയക്കുമരുന്ന് മാഫിയയുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം വര്‍ധിക്കുന്നുവെന്നും പാലം അടയ്ക്കണമെന്നും ആവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ ടിന്റു രാജേഷ് നവകേരളസദസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.ടിന്റു ആലുവ നഗരസഭാ കൗണ്‍സിലിലും വിഷയം അവതരിപ്പിച്ചതോടെ പാലം അടയ്ക്കാന്‍ നഗരസഭയും തീരുമാനിച്ചു. ഉയരത്തില്‍ പോകുന്ന അക്വഡേറ്റിന്റെ ഇരുവശവും ജനവാസമേഖലയാണ്. ലഹരി ഉപയോഗിക്കുന്നവരുടെ ശല്യം മൂലം ഇവര്‍ക്ക് സ്വന്തം വീടുകളില്‍നിന്ന് പുറത്തിറങ്ങാന്‍പോലും കഴിയാതെയായി.
പരാതികള്‍ കൂടിയതോടെയാണ് ഒരുലക്ഷം രൂപ മുടക്കി ഇറിഗേഷന്‍വകുപ്പ് അക്വഡേറ്റില്‍ ഗേറ്റ് സ്ഥാപിച്ച് പൂട്ടിയത്. പ്രവേശനകവാടത്തിലും നടവഴിയിലും സ്ഥാപിച്ച ഗേറ്റ് താക്കോലുകള്‍ ഇറിഗേഷന്‍വകുപ്പിന്റെ ഉത്തരവാദിത്വത്തില്‍ സൂക്ഷിക്കും.
ആലുവ മാര്‍ക്കറ്റിന് പിറകില്‍ നിന്ന് പെരിയാറിന് മുകളിലൂടെയാണ് പാലം തുടങ്ങുന്നത്. പുഴകഴിഞ്ഞും കുഞ്ഞുണ്ണിക്കര, തോട്ടക്കാട്ടുകര പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന നീര്‍പാലം താഴ്ഭാഗത്തെ കനാലില്‍ എത്തും. 50 വര്‍ഷം മുന്‍പ് പറവൂര്‍, ആലങ്ങാട് മേഖലകളിലേക്ക് പെരിയാര്‍ വാലി കനാലില്‍ നിന്ന് കൃഷിക്ക് വെള്ളം കൊണ്ടുപോകാന്‍ വേണ്ടിയാണ് നീര്‍പാലം നിര്‍മിച്ചത്.
പിന്നീട് ഉളിയന്നൂര്‍ കുഞ്ഞുണ്ണിക്കര ദ്വീപിലെ വാഹന സൗകര്യത്തിനു വേണ്ടി ചില മാറ്റങ്ങള്‍ വരുത്തി ഇതിലൂടെ വാഹന ഗതാഗതം ആരംഭിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം ഉളിയന്നൂരില്‍ പുതിയ പാലം നിര്‍മിച്ചതോടെ ഇതിലൂടെ സഞ്ചാരം കുറഞ്ഞു. അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായി 2015-ല്‍ പുറത്തിറങ്ങിയ ‘പ്രേമം’ സിനിമയില്‍ ഈ പാലം പശ്ചാത്തലമായതോടെ വീണ്ടും ശ്രദ്ധിക്കപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: