ബീജിങ്: ഭരതനാട്യത്തിൽ അരങ്ങേറ്റം നടത്തി ചരിത്രം കുറിച്ച് ചൈനീസ് വിദ്യാർത്ഥി. 13-കാരി ലീ മുസിയാണ് ചൈനയിൽ ആദ്യമായി ഭരതനാട്യം അരങ്ങേറ്റം കുറിച്ചത്. പ്രശസ്ത നൽത്തകി ലീല സാംസൺ, ഇന്ത്യൻ നയതന്ത്രജ്ഞർ, ചൈനയിലെ ഭരതനാട്യം ആരാധകരുടെയും സാന്നിധ്യത്തിലായിരുന്നു ലീ മുസിയുടെ അരങ്ങേറ്റം.
ഇതാദ്യമായാണ് ചൈനയിൽ വച്ച് ഭരതനാട്യം പഠിച്ച് ചൈനയിൽ തന്നെ അരങ്ങേറ്റം നടത്തുന്നതെന്ന് ഇന്ത്യൻ എംബസി ഇൻചാർജ് ടി.എസ്. വിവേകാനന്ദ് പറഞ്ഞു. ഭരതനാട്യ ചരിത്രത്തിലെ നാഴികക്കല്ലാണ് പിന്നിട്ടതെന്ന് ഭരതനാട്യ നർത്തകി ജിൻ ഷാൻ ഷാൻ പറഞ്ഞു. ചൈനീസ് അദ്ധ്യാപകനിൽ നിന്ന് ഭരതനാട്യം പഠിച്ച് ചൈനയിൽ തന്നെ അരങ്ങേറ്റം കുറിക്കുന്ന ആദ്യത്തെ വ്യക്തിയായി മാറിയിരിക്കുകയാണ് ലീ മുസിയെന്നും അവളെ പഠിപ്പിച്ചതിൽ അഭിമാനിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ലീലാ സംസണിന്റെ സാന്നിധ്യത്തിലായിരുന്നു ജിൻ അരങ്ങേറ്റം കുറിച്ചത്.
1999-ൽ ഡൽഹിയിൽ നിന്നാണ് ജിൻ അരങ്ങേറ്റം നടത്തിയത്. ഇവർ നടത്തുന്ന സ്കൂളിൽ കഴിഞ്ഞ പത്ത് വർഷമായി ഭരതനാട്യം അഭ്യസിക്കുകയാണ് ലീ മുസി. രണ്ടു മണിക്കൂർ നീണ്ടു നിന്ന നൃത്തത്തിനായി ചെന്നൈയിൽ നിന്ന് സംഗീതജ്ഞരെ എത്തിച്ചിരുന്നത്. ഇന്ത്യൻ അംബാസഡർ പ്രദീപ് റാവത്തിന്റെ ഭാര്യ ശ്രുതി റാവത്തായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ഈ മാസം അവസാനം ചെന്നെെയിൽ ഭരതനാട്യ പരിപാടി സംഘടിപ്പിക്കാനൊരുങ്ങുകയാണ് ലീ മുസി.
ഭാരതീയ സംസ്കാരത്തിന്റെ ആൾരൂപമാണ് ഭരതനാട്യമെന്നും ജിനിന്റെ സ്കൂളിൽ ചേർന്നതോടെ താൻ നൃത്തകലയുമായി പ്രണയത്തിലാവുകയായിരുന്നുവെന്ന് ലീ മുസി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: