കൊച്ചി: ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടരുതെന്നാവശ്യപ്പെട്ട് നടി രഞ്ജിനി നൽകിയ ഹർജി ഹൈക്കോടതി തള്ളി. സിംഗിള്‍ ബെഞ്ചിനെ സമീപിക്കാൻ കോടതി നിർദേശിച്ചു. കമ്മിറ്റിക്ക് മുന്നിൽ താനും മൊഴി നൽകിയതാണെന്നും ഇക്കാര്യങ്ങളടക്കം പുറത്തുവന്നാലുളള പ്രത്യാഘാതങ്ങളിൽ ആശങ്കയുണ്ടെന്നുമാണ് നടി ഹർജിയിൽ വ്യക്തമാക്കിയത്. റിപ്പോർട്ട് പരിശോധിച്ചശേഷമേ പുറത്തുവിടാവൂ എന്നാണ് നടി ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടരുതെന്നാവശ്യപ്പെട്ടുള്ള നിര്‍മാതാവ് സജിമോന്‍ പാറയിലിന്റെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസ് വി.ജി.അരുൺ ആണ് ഹർജി തള്ളിയത്. റിപ്പോർട്ട് ഒരാഴ്ച കഴിഞ്ഞേ പുറത്തു വിടാവൂവെന്നും കോടതി നിർദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഹർജിയുമായി നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നവയും അവരെ തിരിച്ചറിയാൻ സഹായിക്കുന്നതുമായ ഭാഗങ്ങൾ ഒഴിവാക്കിയുള്ള വിവരങ്ങൾ പുറത്തുവിടുമെന്ന് വിവരാവകാശ കമ്മിഷനാണ് അറിയിച്ചത്. റിപ്പോർട്ട് സമർപ്പിച്ച് 5 വർഷത്തിനുശേഷമാണ് വിവരങ്ങൾ പുറത്തുവിടാൻ കമ്മിഷൻ തയ്യാറായത്.
സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് 2019 ഡിസംബർ 31 നാണ് ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർന്നതിനുപിന്നാലെയാണ് സർക്കാർ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചത്. മുന്‍ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവർ അടങ്ങിയ മൂന്നംഗ സമിതിയാണ് കമ്മിറ്റിയിൽ ഉണ്ടായിരുന്നത്.
അതേസമയം ഹേമകമ്മിറ്റി റിപ്പോർട്ട് സർക്കാർ ർ ഇന്ന് പുറത്തുവിട്ടേക്കുമെന്നും സൂചന
പ്രതികരിക്കാൻ ഇവിടെ എഴുതുക: