മതേതര സിവില്‍കോഡ് വേണം… പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി, രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോള്‍ പറഞ്ഞതാണ്. ”കൊള്ളാം, മതേതരമല്ലേ,” എന്ന് ചിലരുടെ ആദ്യ പ്രതികരണം. ”ഹും, കണ്ടില്ലേ, മോദി പാഠം പഠിച്ചു- നമ്മള് മോദിയെക്കൊണ്ട് മതേതരത്വം പറയച്ചില്ലേ,” ചിലര്‍ നെഞ്ചുവിരിച്ചു. കാര്യം തിരിച്ചറിഞ്ഞു വന്നപ്പോള്‍ അവരില്‍ ചിലര്‍ മാറ്റിപ്പറഞ്ഞു.
ബിജെപിയുടെ സമുന്നത നേതാവായിരുന്ന അന്തരിച്ച കെ.ജി. മാരാര്‍, പ്രസംഗങ്ങളില്‍ അല്‍പ്പം തമാശ ചേര്‍ത്ത് പറഞ്ഞിരുന്ന പല വസ്തുതകളില്‍ ഒന്ന് ഓര്‍മ്മ വരുന്നു:- അദ്ദേഹം സ്കൂള്‍ അധ്യാപകനായി ജോലി ചെയ്യുന്ന കാലത്ത് ആര്‍എസ്എസ് പ്രവര്‍ത്തനത്തില്‍ സക്രിയനായിരുന്നു. ചില കമ്യൂണിസ്റ്റുകാര്‍ ഇതിന്റെ പേരില്‍ സ്കൂളിലെ പ്രധാനാധ്യാപകനോട് പരാതി പറഞ്ഞു. അദ്ദേഹം മാരാരോട് കാര്യം ചോദിച്ചു. ‘മാരാര്‍ജി’ പറഞ്ഞുവത്രെ… ”സാര്‍, ഞാന്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനത്തിലുണ്ട്, അതില്‍ തെറ്റുണ്ടോ സാര്‍?” ”ഏയ് അതിനെന്താ, ആര്‍എസ്എസ്സില്‍ പോകുന്നുവെന്നാണ് ചിലര്‍ പരാതി പറയുന്നത്, മാരാര്‍ പൊയ്ക്കൊള്ളു,” എന്നു അനുമതി നല്കിയത്രെ! ഇത് മാരാര്‍ജി പ്രസംഗത്തില്‍ അവതരിപ്പിക്കുന്നത് കേള്‍ക്കാന്‍ ബഹുരസമായിരുന്നു. അങ്ങനെയാണ് ചിലര്‍; ഒന്നും പിടികിട്ടിയിട്ടുണ്ടാവില്ല. എന്നാല്‍ ഒച്ചയുണ്ടാക്കാന്‍ മുന്നിലുണ്ടാകും.
ഏകീകൃത സിവില്‍ നിയമം, പൊതു സിവില്‍ നിയമം, കോമണ്‍ സിവില്‍ കോഡ്, ഏക സിവില്‍ കോഡ് എന്നിങ്ങനെ വിവിധ പേരുകളില്‍ പല കാലങ്ങളായി പറയുകയും ചര്‍ച്ച ചെയ്യുകയും വിവാദമുണ്ടാക്കുകയും ചെയ്തിരിക്കുന്ന, വിവിധ മതവിഭാഗങ്ങളുടെ വൈയക്തികമായ നിയമ സങ്കുലത്തെ സങ്കലനവും വ്യവകലനവും ചെയ്ത് പൊതു സ്വഭാവത്തിലാക്കാനുള്ള പദ്ധതിയാണ് സിവില്‍ നിയമങ്ങള്‍ക്ക് സമാനത ഉണ്ടാക്കി ഒറ്റയാക്കുകയെന്നത്. ‘വ്യവകലന’വും ‘സങ്കലന’വും ‘സങ്കുല’വുമൊക്കെ അര്‍ത്ഥമറിഞ്ഞാല്‍ പേടിക്കേണ്ടാത്ത വാക്കുകളാണ്. കൂട്ടിക്കിഴിച്ച് ഒന്നാക്കുക; അത്രയേ ഉള്ളു. അതായത്, മതവിശ്വാസികള്‍ക്ക് അതത് മതങ്ങളുടെ രീതിയും ചിട്ടയും വിശ്വാസവും ആചാരവും അനുഷ്ഠാനവും പ്രകാരം നിയമ വ്യവസ്ഥയില്‍ ചില പ്രത്യേക അവകാശമോ സൗജന്യമോ ഏതേതോ കാലങ്ങളില്‍ അനുവദിച്ചത് അവര്‍ അനുഭവിക്കുകയാണ്. അതിലൂടെ മതാടിസ്ഥാനത്തില്‍ ഭേദഭാവ ചിന്ത രൂപപ്പെടുകയും വര്‍ധിക്കുകയും ചെയ്യുന്നു. ഇത് മത, ജാതി, വര്‍ഗ്ഗ, ലിംഗ വ്യത്യാസങ്ങളും മേല്‍ക്കോയ്മയും പക്ഷപാതവും വളര്‍ത്തുന്നു. അത് ഇല്ലാതാക്കുകയാണ് ‘മതേതര സിവില്‍ കോഡു’ കൊണ്ട് ഉദ്ദേശിക്കുന്നത്.
നരേന്ദ്ര മോദി മൂന്നാമത് അധികാരത്തിലെത്തിയപ്പോഴോ, ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയോ അല്ല ഈ വാക്കും ചിന്തയും ഉണ്ടായത്. സ്വാതന്ത്ര്യ ലബ്ധിക്കുമുമ്പ്, ഭാരതം ഒരു ഭരണഘടന സൃഷ്ടിക്കാന്‍ ചര്‍ച്ചകള്‍ നടത്തുമ്പോള്‍ത്തന്നെ ഈ പ്രശ്നവും ചര്‍ച്ചയും ഉണ്ടായി. സ്വാതന്ത്ര്യത്തിന് 77 വയസ്സ് എത്തിയപ്പോഴും നമ്മള് അതുതന്നെ ചര്‍ച്ച ചെയ്യുന്നു; യൂണിഫോം സിവില്‍ കോഡ് വേണോ, വേണ്ടയോ? വേണമെങ്കില്‍ത്തന്നെ ഇപ്പോള്‍ വേണോ? പരിതാപകരമാണ് നമ്മുടെ സ്ഥിതിയും ഗതിയും അതിന്റെയെല്ലാം ന്യായാന്യായങ്ങള്‍ പലവട്ടം ചര്‍ച്ച ചെയ്തതാണ്. എതിര്‍ക്കുന്നവര്‍ക്കും അറിയാം ഇങ്ങനെയൊന്നാവശ്യമാണെന്ന്. പക്ഷേ, മതാടിസ്ഥാനത്തിലുള്ള വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ കാര്യം വരുമ്പോള്‍, പൊതുനിയമം ആവശ്യമാണെന്നു പറയുന്നവരും മാറ്റിപ്പറയുന്നു. എന്നാല്‍, പൊതുവേയുള്ള ചിന്ത ഏകനിയമം വേണമെന്നുതന്നെയാണ്.
എതിര്‍ക്കുന്നവര്‍ കുപ്രചാരണവും നുണപ്രചാരണവുമാണ് നടത്തുന്നത്. വ്യക്തിനിയമങ്ങള്‍ ഒറ്റ രീതിയിലാക്കിയാല്‍ മതാവകാശങ്ങള്‍, ആശ്വാസങ്ങള്‍, ആനുകൂല്യങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ ഇല്ലാതാകുമെന്നാണ് പ്രചാരണം. അത് ഭരണഘടന നല്കുന്ന മതവിശ്വാസാവകാശവും ആനുകൂല്യങ്ങളും ആശ്വാസങ്ങളും തടയുമെന്നാണ് ഒരാരോപണം. മറ്റൊന്ന്, മറ്റു മത വിഭാഗങ്ങളുടെ അവകാശങ്ങള്‍ റദ്ദാക്കി ‘ഹിന്ദു മതാവകാശ നിയമങ്ങള്‍ ‘എല്ലാവര്ക്കും നിര്‍ബന്ധിതമായി നടപ്പാക്കുവാന്‍ പോകുന്നുവെന്നാണ്. മതേതരമാണ് നമ്മുടെ രാജ്യമെന്നതിനാല്‍ അത് പാടില്ലയെന്നാണ് അതിന് ന്യായമായി പറയുന്നത്. അതായത്, മതേതരമാകണം എന്ന നിലപാട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, അതുകൊണ്ടാണ് ‘സെക്യുലര്‍ സിവില്‍ കോഡ്- മതേതര സിവില്‍ നിയമം’ എന്ന പുതിയ വിശേഷണം ഉപയോഗിച്ചത്. എത്ര കൃത്യമായി, ഒരേയൊരു വാക്കു കൊണ്ട് വലിയൊരു പറ്റം എതിര്‍ചിന്തക്കാരുടെ നാവടക്കിക്കളഞ്ഞു! എങ്ങനെ വലിയ കുപ്രചാരണക്കാരുടെ ഉത്തരം മുട്ടിച്ചു.
ബിജെപിയുടെ സമുന്നത നേതാവ് ലാല്‍ കൃഷ്ണ അദ്വാനിയുടെ ‘കപടമതേരവാദികള്‍’ (സ്യൂഡോ സെക്യുലറിസ്റ്റുകള്‍) എന്ന പ്രയോഗം രാഷ്ട്രീയമായി ഉണ്ടാക്കിയ പ്രതിരോധം പോലെയൊന്നായി നരേന്ദ്ര മോദിയുടെ ഈ ‘മതേതര’ പ്രയോഗം. എതിര് പ്രചാരണക്കാര്‍ തലേന്നുവരെ ദുരുപയോഗിച്ചിരുന്ന ആയുധം പിടിച്ചു വാങ്ങി, ശരിയായി പ്രയോഗിച്ച്, അവരുടെ വ്യാജ പ്രചാരണങ്ങളെ ഇല്ലായ്മച്ചെയ്യുകയായിരുന്നു മോദി.
ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ‘മതേതരത്വ’ത്തിന്റെ മഹനീയത പറഞ്ഞവര്‍ക്ക് വ്യക്തി നിയമങ്ങളില്‍ മതേതരത്വം പാടില്ല എന്ന് എങ്ങനെ പറയാന്‍ കഴിയും? ‘ഹിന്ദു സിവില്‍ കോഡ്’ വരുന്നു എന്ന് ഇല്ലാത്തത് പറഞ്ഞുനടന്നവര്‍ക്ക് ‘സെക്യുലര്‍ കോഡി’നെ എങ്ങനെ തള്ളാനാവും. ഇനി ചര്‍ച്ചകള്‍ക്ക് പുതിയ മാനം വരും.
‘കപട മതേതര’ന്മാര്‍ക്ക് ഇനി മതേതരത്വത്തിന് പുതിയ അര്‍ത്ഥം അവതരിപ്പിക്കേണ്ടി വരും. ഗോവയിലും ഉത്തരാഖണ്ഡിലും നടപ്പായ പൊതു സിവില്‍ നിയമത്തിന് മതേതര സ്വഭാവമില്ലെന്ന് എങ്ങനെ അവര്‍ക്ക് വ്യാഖ്യാനിക്കാനാകും?
‘മതേതരത്വം’ എന്ന വൈദേശിക സങ്കല്പം നമ്മുടെ ഭരണഘടനയില്‍ കടത്തിവിട്ടത് എങ്ങനെയാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നായിരുന്നു, എങ്ങനെയായിരുന്നു, ആരായിരുന്നു അത് ചെയ്തതെന്നും. (ഈ മതേതരത്വം, ഭരണഘടനാ നിര്‍മാതാക്കള്‍ ഏറെ ആഴത്തില്‍ ചര്‍ച്ച ചെയ്ത് തള്ളിക്കളഞ്ഞതുമാണ് എന്നോര്‍ക്കണം) 1976 ലാണ് മതേതരത്വം എന്ന വാക്ക് ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തത്. രാജ്യത്ത് ഭരണഘടന ദുരുപയോഗം ചെയ്ത്, ജനാധിപത്യം ധ്വംസിച്ച്, പാര്‍ലമെന്റ് ഇല്ലാതാക്കി, കോണ്‍ഗ്രസ് നേതാവ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി സ്വയം പ്രഖ്യാപിതയായി ഭരിച്ച കാലത്ത്. ശരി, ആ ‘മതേതരത്വം’ സിവില്‍ കോഡിനോട് ചേരുമ്പോള്‍ സ്വീകാര്യമാകുന്നെങ്കില്‍ എല്ലാമായി, പൊതു സിവില്‍ കോഡിലേക്കുള്ള സുഗമമാര്‍ഗ്ഗം തുറക്കട്ടെ. പക്ഷേ, സിവില്‍ കോഡിന്റെ കൂടെ ചേര്‍ക്കുന്ന ‘മതേതരത്വം’ സ്വീകാര്യമല്ലെന്ന വിചിത്ര വാദമാണ് ഇപ്പോള്‍ ചിലര്‍ ഉയര്‍ത്തുന്നത്.
വീണ്ടും ‘കപട മതേതരത്വ’ (സ്യൂഡോ സെക്യുലറിസം) ത്തിലേക്ക് വരട്ടെ. ഈ വാക്ക് ആദ്യം ഉപയോഗിച്ചത് ഫാ.ആന്റണി എലഞ്ഞിമറ്റം എന്ന കത്തോലിക്കാ ബിഷപ്പായിരുന്നു. 1915ല്‍ ജനിച്ച, കൊച്ചി കുണ്ടന്നൂര്‍ക്കാരന്‍. കോണ്‍ഗ്രസില്‍ (ഇന്നത്തെ കോണ്‍ഗ്രസല്ല) വിശ്വസിച്ച, മഹാത്മാഗാന്ധിയുടെ അനുയായിയായ, നേതാജിയുടെയും ടാഗോറിന്റെയും സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്റേയും അടുത്തയാള്‍. വേദാന്തം പഠിച്ച് വേദാന്ത പ്രസ്ഥാനത്തിന്റെ ഭാഗമായി, രാമകൃഷ്ണ-വിവേകാനന്ദ പ്രസ്ഥാനങ്ങളുടെ സംന്യാസിയായിരുന്ന സ്വാമി അവ്യക്താനന്ദ സ്വാമിയുടെ പ്രിയനായിരുന്ന ബിഷപ് എലഞ്ഞിമറ്റം, 1951 ല്‍ എഴുതിയ ഫിലോസഫി ആന്‍ഡ് ആക്ഷന്‍ ഓഫ് ദ് ആര്‍എസ്എസ് ഫോര്‍ ദ് ഹിന്ദ് സ്വരാജ് എന്ന പുസ്തകത്തില്‍. കോണ്‍ഗ്രസ്സിനെക്കുറിച്ചാണ് ‘സ്യൂഡോ സെക്യുലറിസ്റ്റുകള്‍’ എന്ന് അതില്‍ വിശേഷിപ്പിച്ചത്; ‘കോണ്‍ഗ്രസ് മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് അഭിനയിക്കുന്നു, അവര്‍ സ്യൂഡോ സെക്യുലറിസ്റ്റുകളാണ് ‘ എന്നാണ് എഴുതിയത്. അവര്‍ ‘ഉയര്‍ത്തിപ്പിടിക്കുന്നത്, ‘ 73 വര്‍ഷത്തിനുശേഷവും അതേ മതേതര കാപട്യമാണ് എന്നതാണ് നമ്മെ അമ്പരപ്പിക്കുന്നത്. അത് കൂടുതല്‍ തുറന്നു കാണിക്കുകയാണിപ്പോള്‍ ചെങ്കോട്ടയിലെ പ്രയോഗം. ഒപ്പം ‘സെക്യുലറിസത്തിന്റെ സ്വയം പ്രഖ്യാപിത ചാമ്പ്യന്മാരായ ചുവപ്പന്മാര്ക്കും ഒച്ച പൊങ്ങാതാകുമെന്നതാണ് ഈ ‘ഇരട്ടക്കുഴ’ലിന്റെ പ്രയോഗ ഫലം. ഇങ്ങനെയാണ് തിരിച്ചടികള്‍ ഏല്‍പ്പിക്കേണ്ടത്…
പിന്കുറിപ്പ്:
രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അവഹേളിക്കുന്നതായിപ്പോയി ബ്ലിറ്റ്സ് വാരികയുടെ ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയെന്നുതന്നെ കരുതണം. അദ്ദേഹം രഹസ്യ ബന്ധത്തില്‍ രണ്ടു മക്കളുടെ പിതാവാണെന്നൊക്കെയാണ് വാര്‍ത്ത. തികച്ചും അവിശ്വസനീയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: