ന്യൂദല്‍ഹി: ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചംപയ് സോറന് ദല്‍ഹിയിലെത്തി. സോറന്റെ ബിജെപി പ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായതിനിടെയാണ് അദ്ദേഹം ദല്‍ഹിയിലെത്തിയത്. ആറ് ജെഎംഎം എംഎല്‍എമാരും ചംപയ് സോറനൊപ്പമുണ്ട്. സാമൂഹ്യ മാധ്യമ അക്കൗണ്ടുകളില്‍ നിന്നെല്ലാം ജെഎംഎം നേതാവ് എന്നത് ചംപയ് സോറന് നീക്കം ചെയ്തിട്ടുണ്ട്.
സ്വകാര്യ ആവശ്യത്തിനാണ് ദല്‍ഹിയിലെത്തിയതെന്നാണ് സോറന് പ്രതികരിച്ചത്. ദല്‍ഹിയില്‍ താമസിക്കുന്ന മകളെ കാണാനാണ് എത്തിയതെന്നാണ് വിശദീകരണം. കൊല്‍ക്കത്തയില്‍ ശനിയാഴ്ച ബിജെപി നേതാവ് സുവേന്ദു അധികാരിയുമായി സോറന് കൂടിക്കാഴ്ച നടത്തിയിരുന്നു. ദല്‍ഹിയില്‍ ബിജെപി നേതാക്കളുമായി സോറന് കൂടിക്കാഴ്ചകള്‍ നടത്തിയെന്ന വാര്‍ത്തകളുണ്ട്. ഝാര്‍ഖണ്ഡിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാനും സോറനും തമ്മിലുള്ള അടുത്ത ബന്ധം ജെഎംഎം ക്യാമ്പില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്.
ചംപയ് സോറന് ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ ജെഎംഎം നേതൃത്വം നിഷേധിച്ചു. എന്നാല്‍ ചംപയ് സോറനേയും അദ്ദേഹത്തിനൊപ്പമുള്ള എംഎല്‍എമാരെയും ബന്ധപ്പെടാന്‍ ജെഎംഎമ്മിന് ഇതുവരെ സാധിച്ചിട്ടില്ല. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തതോടെയാണ് ഫെബ്രുവരിയില്‍ ചംപയ് സോറന് ഝാര്‍ഖണ്ഡിന്റെ ഏഴാമത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.
എന്നാല്‍ കേസില്‍ ജാമ്യം ലഭിച്ച് ഹേമന്ത് സോറന് പുറത്തുവന്നതോടെ ചംപയ് സോറന് രാജിവെയ്ക്കേണ്ടിവന്നു. മുതിര്‍ന്ന നേതാവായ ചംപയ് സോറനെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് രാജിവെയ്പ്പിച്ച ഹേമന്ത് സോറന്റെ നടപടി ജെഎംഎമ്മില്‍ വലിയ അതൃപ്തിക്ക് വഴിവെച്ചിരുന്നു.
ഝാര്‍ഖണ്ഡ് സംസ്ഥാന രൂപീകരണ സമരത്തില്‍ നേതൃത്വം വഹിച്ച ചംപയ് സോറന് സംസ്ഥാനമെങ്ങും വലിയ സ്വാധീനമാണുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ശേഷിക്കേ ചംപയ് സോറനും അനുയായികളും പാര്‍ട്ടി വിട്ടാല്‍ വലിയ തിരിച്ചടിയാകും ജെഎംഎം ഝാര്‍ഖണ്ഡില്‍ നേരിടുക.
അതേസമയം പാര്‍ട്ടി വിട്ടേക്കുമെന്ന ശക്തമായ സന്ദേശം നല്കി ചംപയ് സോറന്. മറ്റൊരു പാത തെരഞ്ഞെടുക്കാന്‍ തന്നെ ‘നിര്‍ബന്ധിക്കുന്ന’ സാഹചര്യങ്ങള്‍ വ്യക്തമാക്കി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ മുന്നില്‍ മൂന്ന് വഴികളാണ് ഉള്ളതെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് വരെ അത് തുറന്നുകിടക്കുകയാണെന്നും അദ്ദേഹം കുറിച്ചു.
അപമാനങ്ങള്‍ക്കും തിരസ്കാരങ്ങള്‍ക്കും ഒടുവിലാണ് മറ്റൊരു പാത തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതനായത്. ഇന്ന് മുതല്‍ ജീവിതത്തിന്റെ പുതിയ അധ്യായം തുടങ്ങുകയാണെന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അറിയിച്ചു. മുന്നില്‍ മൂന്ന് സാധ്യതകളാണ് ഉള്ളത്. ഒന്ന്, രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുക. രണ്ട്, മറ്റൊരു സംഘടനയുണ്ടാക്കുക. മൂന്ന്, ഒരു പങ്കാളിയെ ലഭിക്കുകയാണെങ്കില്‍ അവര്‍ക്കൊപ്പം യാത്ര തുടരുക, അദ്ദേഹം എക്സില്‍ കുറിച്ചു. പാര്‍ട്ടിയിലെ ഉയര്‍ച്ചയും മുഖ്യമന്ത്രി സ്ഥാന ലബ്ധിയും അപമാനിച്ച് തന്നില്‍നിന്ന് തട്ടിയെടുത്തതടക്കം വിശദീകരിച്ചാണ് കുറിപ്പ്.
ഇത് വ്യക്തിപരമായ പോരാട്ടമാണെന്നും മറ്റൊരു പാര്‍ട്ടി അംഗത്തേയും ഭാഗമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മറ്റൊരു പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയെ ഉപദ്രവിക്കുകയെന്നത് ലക്ഷ്യമല്ലെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: