പത്തനംതിട്ട: ശബരിമല അയ്യപ്പ സന്നിധിയിൽ പുതിയ ഭസ്മക്കുളത്തിന് സ്ഥാനം കണ്ടെത്തി തറക്കല്ലിട്ടു. രാവിലെ 7.30ന് നടന്ന ചടങ്ങിൽ ക്ഷേത്രത്തിന്റെ വടക്ക്- കിഴക്കേ ഭാഗത്ത് മീനം രാശിയിലാണ് പുതിയ കുളത്തിന് സ്ഥാനം കണ്ടെത്തി. വാസ്തുവിദ്യ വിദ്യ വിജ്ഞാന കേന്ദ്രം അദ്ധ്യക്ഷൻ കെ. മുരളീധരനാണ് സ്ഥാനം കണ്ടത്. തുടർന്ന് ഉച്ചയ്‌ക്ക് 12നും 12.30നും ഇടയിലുള്ള മുഹൂർത്തത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പുതിയ കുളത്തിന് തറക്കല്ലിട്ടു.
തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. സന്നിധാനത്ത് നിർമ്മിക്കുന്ന മൂന്നാമത്തെ കുളമാണ് ഇത്. ഭസ്മക്കുളം ക്ഷേത്ര ശരീരത്തിന്റെ ഭാഗമായി കണക്കാക്കുന്നതിനാൽ തന്ത്രിയുടെ അനുവാദത്തോടെയും നിർദേശങ്ങൾക്ക് അനുസരിച്ചുമാണ് ഭസ്മക്കുളം മാറ്റി സ്ഥാപിക്കുന്നത്. ഇപ്പോഴുള്ള ഫ്ലൈ ഓവറിന് താഴെ കുംഭം രാശിയിലായിരുന്നു ആദ്യം ഭസ്മക്കുളത്തിന്റെ സ്ഥാനം. എന്നാൽ 1987 ൽ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് നിലവിലുള്ള സ്ഥാനത്തേയ്‌ക്ക് ഇത് മാറ്റി സ്ഥാപിച്ചത്.
കുളത്തിലേക്ക് മലിനജലം ഒഴുകിയെത്തുന്നുവെന്ന വിമർശനത്തെത്തുടർന്നാണ് പരിശുദ്ധിയും പവിത്രതയും നിലനിർത്താൻ ഭസ്മക്കുളം വീണ്ടും മാറ്റി സ്ഥാപിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. കുളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത ദിവസം മുതൽ ആരംഭിക്കും. അടുത്ത വൃശ്ചിക മാസത്തോടെ കുളത്തിന്റെ നിർമ്മാണം പൂർത്തിയാകും. കുളത്തിന് പുറമേ കാനന ഗണപതിയ്‌ക്കും സ്ഥാനം കണ്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: