ന്യൂദൽഹി: കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടറെ ബലാത്സംഗം ചെയ്ത് കൊന്നതിനെത്തുടർന്ന് രാജ്യത്താകമാനം ഡോക്‌ടർമാരും നഴ്സുമാരും ആരോഗ്യരംഗത്തെ മറ്റു ജീവനക്കാരും പ്രതിഷേധം തുടരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ എല്ലാ സംസ്ഥാനങ്ങളും രണ്ടു മണിക്കൂർ ഇടവിട്ട് ക്രമസമാധന നില വിലയിരുത്തുന്ന റിപ്പോർട്ടുകൾ നൽകണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചു.
സംസ്ഥാന പോലീസ് സേനകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ കൺട്രോൾ റൂമിലേക്ക് ക്രമസമാധാന റിപ്പോർട്ട് അയയ്‌ക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സമാന നിർദേശമുണ്ട്. ഓഗസ്റ്റ് ഒമ്പതിനാണ് കോൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളെജിൽ ഡ്യൂട്ടിക്കിടെ പിജി ഡോക്‌ടർ ക്രൂരമായി കൊല്ലപ്പെടുന്നത്. തൊട്ടടുത്ത ദിവസം കോൽക്കത്ത പോലീസിലെ ഒരു സിവിക് വൊളന്‍റിയർ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. കൽക്കട്ട ഹൈക്കോടതി പിന്നീട് കേസ് സിബിഐക്കു കൈമാറുകയും ചെയ്തിരുന്നു.
ഇതേ ആശുപത്രിയിൽ കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ സ്ത്രീകളെ പുറത്തുനിന്ന് അതിക്രമിച്ചു കയറിയ സംഘം ആക്രമിക്കുകയും ചെയ്തിരുന്നു. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം കനത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: