തിരുവനന്തപുരം: കൊല്‍ക്കത്തയിലെ ആര്‍ജി കര് മെഡിക്കല്‍ കോളജിലെ പി ജി ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യപകമായി ഡോക്ടര്‍മാര്‍ പണിമുടക്കി. രാവിലെ ആറ് മുതല്‍ ഒ പി ബഹിഷ്കരിച്ചായിരുന്നു സമരം.
അടിയന്തര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകളും നടന്നില്ല. അക്കാദമിക പ്രവര്‍ത്തനങ്ങളും ഔദ്യോഗിക യോഗങ്ങളില്‍ നിന്നുമെല്ലാം ഡോക്ടര്‍മാര്‍ വിട്ടു നിന്നു. അതേസമയം അത്യാഹിത വിഭാഗത്തെയും ലേബര്‍ റൂമുകളെയും രോഗികളുള്ള വാര്‍ഡുകളെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കി. ഐഎംഎ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധത്തില്‍ സര്‍ക്കാര്‍ മെഡി. കോളജിലെ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎയും ആരോഗ്യ ഡയറക്ടറേറ്റിന് കീഴിലലെ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയും പങ്കെടുത്തതോടെ സര്‍ക്കാര്‍ ആശുപത്രികളിലും പണിമുടക്ക് പൂര്‍ണമായിരുന്നു.
പി ജി ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരും പണിമുടക്കിന് പിന്തുണയറിയിച്ച് ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനിന്നു. എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രതിഷേധയോഗങ്ങള്‍ നടന്നു. ഡോക്ടര്‍മാര്‍ക്ക് പുറമേ കാമ്പസുകളിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും പ്രതിഷേധ പരിപാടികളില്‍ അണിനിരന്നു. വയനാട് ജില്ലയെ സമരത്തില്‍ നിന്ന് ഒഴിവാക്കി. വയനാട്ടിലെ ഡോക്ടര്‍മാര്‍ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ചാണ് ഡ്യൂട്ടിക്ക് ഹാജരായത്. ഇന്നലെ രാവിലെ ആറ് മുതല്‍ ഇന്ന് രാവിലെ ആറ് വരെ 24 മണിക്കൂറായിരുന്നു സമരം. ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹോമിയോപതി ഡോക്ടര്‍മാരുടെ സംഘടനയായ ദി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോമിയോപത്സ് കേരള (ഐഎച്ച്കെ) യും ഇന്നലെ പ്രതിഷേധ ദിനാചരണം നടത്തി. കറുത്ത ബാഡ്ജ് ധരിച്ചാണ് ഡോക്ടര്‍മാര്‍ ഡ്യൂട്ടിക്ക് ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: