ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഝാര്‍ഖണ്ഡ് ഭരണകക്ഷിയായ ജെഎംഎമ്മില്‍ വന്‍പ്രതിസന്ധി സൃഷ്ടിച്ച് മുന്‍ മുഖ്യമന്ത്രി ചംപയ് സോറന്. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഏകപക്ഷീയ നടപടികളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടാനുള്ള തീരുമാനത്തിലാണ് ജെഎംഎമ്മിലെ മുതിര്‍ന്ന നേതാവ് കൂടിയായ ചംപയ് സോറനെന്നാണ് വാര്‍ത്തകള്‍.
ഹേമന്ത് സോറന് അഴിമതിക്കേസില്‍ ജയിലില്‍ കഴിയവേ ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ജൂലൈ വരെ അഞ്ചുമാസം ഝാര്‍ഖണ്ഡിലെ ഇടക്കാല മുഖ്യമന്ത്രിയായിരുന്നു മുതിര്‍ന്ന നേതാവ് കൂടിയായ ചംപയ് സോറന്. ഏഴു തവണയായി എംഎല്‍എയായ ചംപയ് സോറനൊപ്പം ലോബിന് ബംബ്രോം അടക്കമുള്ള ജെഎംഎം എംഎല്‍എമാരും പാര്‍ട്ടി വിടാനൊരുങ്ങുകയാണെന്നാണ് അഭ്യൂഹം.
ഹേമന്ത് സോറന് സര്‍ക്കാരില്‍ ഉന്നത വിദ്യാഭ്യാസ, ജലവിഭവ വകുപ്പ് മന്ത്രിയായ ചംപയ് സോറന് വിവാദങ്ങളോട് പ്രതികരിച്ച രീതിയും ശ്രദ്ധേയമായി. പുതിയ വാര്‍ത്തകള്‍ ശ്രദ്ധിച്ചിട്ടില്ലെന്നും അതിനാല്‍ തന്നെ അതു സത്യമാണോ അല്ലയോ എന്ന് പറയാനാവില്ലെന്നുമായിരുന്നു ബിജെപി പ്രവേശനത്തോടുള്ള ചംപയ് സോറന്റെ മറുപടി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ചയുടന്‍ മുഖ്യമന്ത്രി പദത്തില്‍ തിരികെ എത്താന്‍ ഹേമന്ത് സോറന് ധൃതി കാട്ടിയതില്‍ ചംപയ് സോറന് അതൃപ്തനാണ്. ഝാര്‍ഖണ്ഡ് സംസ്ഥാന രൂപീകരണ പ്രക്ഷോഭ നായകനായ ചംപയ് സോറനെ ഝാര്‍ഖണ്ഡ് ടൈഗര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഝാര്‍ഖണ്ഡിലെ ജനങ്ങള്‍ക്കിടയില്‍ ഏറെ സ്വീകാര്യനായ ചംപയ് സോറനെ അപമാനിച്ച് കുടുംബാധിപത്യത്തിലേക്ക് ജെഎംഎം പൂര്‍ണ്ണമായും പോയി എന്ന പരാതി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്.
കള്ളപ്പണക്കേസില്‍ ഹേമന്ത് ജയിലില്‍ പോകുമ്പോള്‍ ഭാര്യ കല്‍പ്പന സോറനെ മുഖ്യമന്ത്രിയാക്കാനാണ് പദ്ധതി തയ്യാറാക്കിയത്. എന്നാല്‍ ജെഎംഎമ്മില്‍ നിന്ന് വലിയ എതിര്‍പ്പുയര്‍ന്നതോടെയാണ് മുതിര്‍ന്ന നേതാവായ ചംപയ് സോറനെ മുഖ്യമന്ത്രിയാക്കേണ്ടിവന്നത്. ഹേമന്ത് സോറന് ഭരിച്ച നാലര വര്‍ഷം കൊണ്ട് ചെയ്തതില്‍ അധികം കാര്യം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ ചംപയ് സോറന്റെ അഞ്ചു മാസങ്ങള്‍ക്ക് സാധിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ പ്രതികരിച്ചിട്ടുണ്ട്. ഝാര്‍ഖണ്ഡിലെ മൂന്നരക്കോടി ജനങ്ങള്‍ ചംപയ് സോറന്റെ ഭരണത്തില്‍ തൃപ്തരായിരുന്നതായും എന്നാല്‍ അദ്ദേഹത്തെ കുടുംബാധിപത്യ പാര്‍ട്ടി അധികാരത്തില്‍ നിന്ന് പുറത്താക്കിയെന്നും ഹിമന്ത ബിശ്വശര്‍മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: