ചെന്നൈ: തമിഴ്‌നാട്ടിലെ പുരാതന സംസ്‌കാരത്തിന്റെ കേന്ദ്രമായ കീലാടിയില്‍ പുരാവസ്തു ഗവേഷണ സംഘം ചുട്ടമണ്ണിന്റെ(ടെറാക്കോട്ട) പൈപ്പ് ലൈന്‍ കണ്ടെത്തി. 2,600 വര്‍ഷം മുന്‍പുള്ളതാണ് ഇതെന്നാണ് കരുതുന്നത്.
രണ്ടര സഹസ്രാബ്ദത്തിനു മുന്‍പ്, ഇവിടെ ജീവിച്ച ഒരു നാഗരികത വളരെയേറെ പുരോഗമിച്ചിരുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണിത്. നഗരാസൂത്രണത്തിലും എന്‍ജിനീയറിങ്ങിലും ഉയര്‍ന്ന വൈദഗ്ധ്യം നേടിയവരായിരുന്നു എന്നതിന്റെ തെളിവാണിത്.
മധുരയില്‍ നിന്ന് 12 കിലോമീറ്റര്‍ തെക്കുകിഴക്കുള്ള കീലാടി 2014-ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കെ. അമര്‍നാഥ് രാമകൃഷ്ണയാണ് ആദ്യമായി കണ്ടെത്തിയത്. അതിനുശേഷം, സംഘകാലം മനസിലാക്കുന്നതിനുള്ള ഒരു കേന്ദ്രബിന്ദുവായി ഇത് മാറി. ബിസി 300 മുതല്‍ വ്യാപിച്ചുകിടക്കുന്ന ഒരു യുഗം.
കഴിഞ്ഞ ദശകത്തില്‍, 20,000-ലധികം പുരാവസ്തുക്കള്‍ ഈ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇഷ്ടിക നിര്‍മാണം, മുത്തുകളുടെ പണി, ടെറാക്കോട്ട കരകൗശലവിദ്യ എന്നിവയുള്‍പ്പെടെ ദൈനംദിന ജീവിതത്തിന്റെ വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തുന്ന ഒരു ആധുനിക സമൂഹത്തെ ഈ പ്രദേശം വെളിപ്പെടുത്തുന്നു. സിലിണ്ടര്‍ ആകൃതിയിലുള്ള ടെറാക്കോട്ട പൈപ്പ്‌ലൈന്‍ കീലാടിയിലെ ഏറ്റവും പുതിയ കണ്ടെത്തലാണ്.
36 സെന്റീമീറ്റര്‍ നീളവും 18 സെന്റീമീറ്റര്‍ വീതിയുമുള്ള ആറു കേസുകളില്‍ വിന്യസിക്കുകയും ഒരുമിച്ച് ഘടിപ്പിക്കുകയും ചെയ്ത നിലയിലാണ് 174 സെന്റീമീറ്റര്‍ നീളമുള്ള പൈപ്പ്‌ലൈന്‍. ഒരു കിടങ്ങില്‍ നിന്ന് മറ്റൊന്നിലേക്കാണ് ഇത് ഇട്ടിരിക്കുന്നത്. വെള്ളം കൊണ്ടുപോകാന്‍ പൈപ്പ്‌ലൈന്‍ ഉപയോഗിച്ചിരുന്നതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: