കോട്ടയം: ‘കാതല്‍ ദ കോര്‍’ സിനിമയ്ക്ക് സംസ്ഥാന ചലച്ചിത്രപുരസ്കാരം നല്‍കിയതിനെതിരെ കേരള കാത്തലിക് ബിഷപ്പ്സ് കൗണ്‍സില്‍ (കെസിബിസി) ജാഗ്രതാ സമിതി . ഇതിലൂടെ സര്‍ക്കാര്‍ സമൂഹത്തിന് നല്കുന്ന സന്ദേശം എന്താണെന്ന് വ്യക്തമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മികച്ച സിനിമയുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചതിനാല്‍ സ്വവര്‍ഗാനുരാഗ പ്രമേയം സ്വീകാര്യമാകുമോ എന്നാണ് ചോദ്യം. ഫേസ്ബുക്ക് പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങള്‍:
‘പരമ്പരാഗത മാനുഷിക ബന്ധങ്ങള്‍ക്ക് അതീതമായി, മാറുന്ന സാമൂഹിക യാഥാര്‍ഥ്യങ്ങളെ അതിസൂക്ഷ്മമായും അതിപ്രധാനമായും അവതരിപ്പിച്ചുകൊണ്ട് വൈവിധ്യങ്ങളെ സ്വീകരിക്കാനും ഉള്‍ക്കൊള്ളാനും പ്രേരിപ്പിക്കുന്ന പ്രമേയത്തിന്റെ ശക്തമായ ആവിഷ്കാരം.’ മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച് ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘കാതല്‍ ദ കോര്‍’ എന്ന ചലച്ചിത്രത്തിന് സംസ്ഥാനത്തെ ഏറ്റവും പ്രധാന അംഗീകാരമായ മികച്ച ചിത്രമെന്ന അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ട് ബഹു. സാംസ്കാരിക മന്ത്രി സജി ചെറിയാന് പറഞ്ഞ വാക്കുകളാണിവ. അതേ ചലച്ചിത്രത്തിന്റെ രചയിതാവായ ആദര്‍ശ് സുകുമാരനാണ് മികച്ച കഥാരചനയ്ക്കുള്ള അവാര്‍ഡ്. ‘ബഹുസ്വരമായ ഒരു സമൂഹത്തിലേയ്ക്ക് ഉള്‍ച്ചേരുന്ന മനുഷ്യബന്ധങ്ങളുടെ വ്യത്യസ്തമായ കഥ പറഞ്ഞ രചനാ ചാതുരി.’ എന്നാണ് അവാര്‍ഡ് പ്രഖ്യാപനവേളയില്‍ ശ്രീ സജി ചെറിയാന് രചനയെ വിശേഷിപ്പിച്ചത്.
സ്വവര്‍ഗാനുരാഗം ഒരു സ്വാഭാവിക പ്രതിഭാസമാണെന്നും, ചുറ്റുവട്ടത്തുള്ളവരും സമൂഹവും സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശങ്ങള്‍ അംഗീകരിക്കണമെന്നുമുള്ള ആശയമാണ് കാതല്‍ എന്ന സിനിമയുടെ കഥാ തന്തു. ലൈംഗികതയ്ക്ക് നല്കപ്പെടുന്ന അമിത പ്രാധാന്യം ഈ ചലച്ചിത്രത്തിന്റെ മറ്റൊരു സവിശേഷതയാണ്. ഇടതുപക്ഷ രാഷ്ട്രീയ പ്രത്യയശാസ്ത്രവുമായി സ്വവര്‍ഗ്ഗ ലൈംഗികത എന്ന ‘പുരോഗമനപരമായ’ ആശയത്തെ ബന്ധപ്പെടുത്തിയാണ് കഥ മുന്നോട്ടുപോകുന്നത്. മറ്റെല്ലാവരും സ്വവര്‍ഗ്ഗ ലൈംഗികതയെ അസ്വാഭാവികമായി കാണുമ്പോള്‍ ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വം നായകനെ ചേര്‍ത്തുപിടിക്കുകയാണ്. ആ നിലപാടിന്റെ വിജയവും ‘മഹത്വ’വുമാണ് ഈ സിനിമയിലെ അടിസ്ഥാന ആശയം. ഇത്തരം കാരണങ്ങളാല്‍ റിലീസ് ചെയ്യപ്പോള്‍ തന്നെ വിമര്‍ശനങ്ങള്‍ നേരിട്ട ഒരു ചലച്ചിത്രമാണ് ‘കാതല്‍ ദ കോര്‍’.
താരമൂല്യമുള്ള മമ്മൂട്ടിയെയും മറ്റും ഈ സിനിമയില്‍ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചത് പോലും ജനങ്ങളെ പരമാവധി തിയറ്ററില്‍ എത്തിക്കാനും, അങ്ങനെ സിനിമ മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങള്‍ക്ക് സമൂഹത്തില്‍ സ്വാധീനം സൃഷ്ടിക്കാനും വേണ്ടി തന്നെയാന്നും സംവിധായകന് തുറന്നു പറഞ്ഞിരുന്നു. അതിനാല്‍ത്തന്നെ, ‘കാതല്‍ ദ കോര്‍’ എന്ന ചലച്ചിത്രം ഒരു പ്രൊപ്പഗാന്‍ഡ സിനിമയാണെന്ന് വ്യക്തമാണ്. ഈ പശ്ചാത്തലത്തിലാണ് ഇടതുപക്ഷ സര്‍ക്കാര്‍ ആ സിനിമയ്ക്ക് ഏറ്റവും ഉയര്‍ന്ന അംഗീകാരം നല്കിയിരിക്കുന്നതിനെ കാണേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: