ബെംഗളുരു : സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ ദേശീയ ഏജൻസി രൂപീകരിക്കണമെന്ന് സദ്ഗുരു ജഗ്ഗി വാസുദേവ്. കൊൽക്കത്തയിൽ പി.ജി.ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഈ സംഭവത്തിൽ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ നിലവിൽ, രാജ്യത്ത് സ്ത്രീകൾക്കെതിരായ നിരവധി കുറ്റകൃത്യങ്ങൾ നേരിടാൻ സംസ്ഥാന ഏജൻസികൾക്കപ്പുറം ഒരു ദേശീയ ഏജൻസി ഉണ്ടാകണം. ഇത്തരം കേസുകളിൽ ഇടപെടാൻ അധികാരമുള്ള ഒരു കേന്ദ്രീകൃത സ്ഥാപനം രാജ്യത്തുടനീളമുള്ള സ്ത്രീകൾക്ക് വേഗത്തിലുള്ള നീതിയും മെച്ചപ്പെട്ട സംരക്ഷണവും നൽകും ‘ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
അതേസമയം കൊൽക്കത്ത സംഭവത്തിലുള്ള പ്രതിഷേധസൂചകമായി ഇന്നു രാവിലെ 6 മുതൽ നാളെ രാവിലെ 6 വരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) നേതൃത്വത്തിൽ രാജ്യമെങ്ങും ഡോക്ടർമാർ പണിമുടക്കും. മെഡിക്കൽ കോളജുകളിലടക്കം ഒപി വിഭാഗം പ്രവർത്തിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ മാറ്റിവയ്‌ക്കും.
അടിയന്തര ശസ്ത്രക്രിയകൾ മാത്രം നടത്തും. തീവ്രപരിചരണ വിഭാഗം, പ്രസവ വിഭാഗം, അത്യാഹിതവിഭാഗം എന്നിവ പ്രവർത്തിക്കും. നഴ്സുമാരുടെ സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: