ഭാരതത്തിന്റെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യതലസ്ഥാനത്തെ ചെങ്കോട്ടയില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം ജനതയ്‌ക്ക് പുതിയ ആവേശവും ആത്മവിശ്വാസവും പകര്‍ന്നുനല്‍കുന്നതാണ്. തുടര്‍ച്ചയായി പതിനൊന്നാമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണ് മോദി നടത്തുന്നത്. തൊണ്ണൂറ്റിയെട്ട് മിനിറ്റ് നീണ്ട ഇത്തവണത്തെ പ്രസംഗം മുന്‍കാല പ്രസംഗങ്ങളെ അപേക്ഷിച്ച് ഏറ്റവും ദൈര്‍ഘ്യമുള്ളതുമായിരുന്നു. ഭാരതം അയല്‍രാജ്യങ്ങള്‍ക്ക് ഭീഷണിയല്ലെന്നും, എന്നാല്‍ അവരുടെ നീക്കങ്ങളെ സൂക്ഷ്മമായി വീക്ഷിക്കുമെന്നും പ്രധാനമന്ത്രി ഒരു മുന്നറിയിപ്പിന്റെ സ്വരത്തില്‍ പറഞ്ഞതിന്റെ സാഹചര്യം വ്യക്തമാണ്. കിഴക്ക് ബംഗ്ലാദേശില്‍ ഇപ്പോഴുണ്ടായിരിക്കുന്ന അധികാരമാറ്റവും, അവിടുത്തെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളും മാത്രമല്ല ഇങ്ങനെ പറയാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിക്കുന്നത്. പടിഞ്ഞാറുള്ള പാകിസ്ഥാനിലും തെക്കുള്ള ശ്രീലങ്കയിലും വടക്കുള്ള നേപ്പാളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്‌ട്രീയവും സാമ്പത്തികവുമായ അസ്ഥിരതകള്‍ ഭാരതം നിഷ്‌ക്രിയമായി നോക്കിനില്‍ക്കില്ലെന്ന വ്യക്തമായ സൂചനയാണ് പ്രധാനമന്ത്രി നല്‍കിയിരിക്കുന്നത്. ബംഗ്ലാദേശില്‍ സൈന്യവും മതമൗലികവാദികളും ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കുകയും, ആ രാജ്യത്തിന്റെ പ്രധാനമന്ത്രി ഷേഖ് ഹസീനയ്‌ക്ക് രാജിവച്ച് ഭാരതത്തിലേക്ക് ഓടിപ്പോകേണ്ടിവരികയും ചെയ്തത് ഭാരതം സ്വാഭാവികമായി കാണുന്നില്ല. ഭാരതവിരുദ്ധ ശക്തികള്‍ ഈ രാജ്യങ്ങളില്‍ പലവിധത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നതായാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്. ചൈനയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഭാരതത്തിനെതിരെ നീങ്ങിയ മാലദ്വീപ് ഇപ്പോള്‍ ഏതുവിധേനയും സൗഹൃദത്തിന് ശ്രമിക്കുകയാണ്. മാലദ്വീപിന് സംഭവിച്ചത് ഭാരതത്തിന്റെ മറ്റ് അയല്‍രാജ്യങ്ങള്‍ക്കും പാഠമാണ്.
പാകിസ്ഥാന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ല. രാഷ്‌ട്രീയാസ്ഥിരതയും സമ്പത്തിക തകര്‍ച്ചയും പിടിമുറുക്കിയിട്ടും ഭാരതത്തോടുള്ള ശത്രുത കൈവെടിയാന്‍ ആ രാജ്യം തയ്യാറാവുന്നില്ല. ഭാരതവിരുദ്ധ മുദ്രാവാക്യം മുഴക്കിയാണ് ബംഗ്ലാദേശിലെ പ്രതിപക്ഷമായ ബിഎന്‍പി പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കിയത്. ഇതുപോലെയുള്ള വികാരം സൃഷ്ടിച്ചാണ് മാലദ്വീപിലെ മൊഹമ്മദ് മൊയ്‌സു അധികാരത്തില്‍ വന്നത്. നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ ഒലിയും ഭാരതവിരുദ്ധ വികാരം സൃഷ്ടിച്ച് രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയുണ്ടായി. ഈ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഭാരതം ജാഗ്രത പാലിക്കുമെന്ന് പ്രധാനമന്ത്രി മോദി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബുദ്ധന്റെ നാടായ ഭാരതത്തിന് യുദ്ധക്കൊതിയില്ല. പക്ഷേ വൈദേശിക ശക്തികളുടെ പ്രേരണയില്‍ ഭാരതത്തിനെതിരായി നിഷേധാത്മകമായ പ്രവൃത്തികളുണ്ടായാല്‍ അത് ശ്രദ്ധിക്കാതെ പോകില്ല എന്നുതന്നെയാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്. ബംഗ്ലാദേശില്‍ ആര് അധികാരത്തില്‍ വന്നാലും അവരുമായി സഹകരിക്കുമെന്നും, എന്നാല്‍ അവിടുത്തെ ന്യൂനപക്ഷമായ ഹിന്ദുക്കളുടെ രക്ഷ ഉറപ്പുവരുത്തണമെന്നുമുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ വെറുതെയാവില്ല. ഇപ്പോള്‍ ലോകത്തെ അഞ്ചാമത്തെ സാമ്പത്തികശക്തിയായ ഭാരതം മൂന്നാംസ്ഥാനത്തേക്ക് മുന്നേറുകയാണെന്നും, അയല്‍രാജ്യങ്ങളിലുണ്ടാവുന്ന അസ്വസ്ഥതകള്‍ ഭാരതത്തിന്റെ വളര്‍ച്ചയെ ഒരുതരത്തിലും ബാധിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നു. അയല്‍നാടുകളില്‍ കുഴപ്പങ്ങളുണ്ടാക്കുന്നത് ഭാരതത്തെ ലക്ഷ്യമിട്ടാണെങ്കില്‍ അമേരിക്കയും ചൈനയുമൊക്കെ നിരാശപ്പെടേണ്ടിവരുമെന്നാണ് പ്രധാമന്ത്രി പറയാതെ പറഞ്ഞിരിക്കുന്നത്.
വികസനരംഗത്ത് ഭാരതം പത്ത് വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റത്തിന്റെ ചിത്രം പ്രധാനമന്ത്രി വരച്ചുകാട്ടുകയുണ്ടായി. ആഭ്യന്തര ഉല്‍പ്പാദന മേഖലയില്‍ വലിയ കുതിപ്പാണുള്ളത്. ഭാരതത്തില്‍ നിക്ഷേപം നടത്താന്‍ ആഗോള കമ്പനികള്‍ വലിയ താല്‍പ്പര്യമാണ് കാണിക്കുന്നത്. മൊബൈല്‍ ഫോണുകളുടെയും സെമി കണ്ടക്ടറിന്റെയും കളിപ്പാട്ട നിര്‍മാണത്തിന്റെയുമൊക്കെ മേഖലയില്‍ ഭാരതം സ്വയംപര്യാപ്തത നേടുകയാണ്. അനുകൂലമായ നയങ്ങള്‍ രൂപീകരിച്ചും ക്രമസമാധാന നില ഉറപ്പുവരുത്തിയും നിക്ഷേപം ആകര്‍ഷിക്കാന്‍ സംസ്ഥാനങ്ങളോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നു. ആഗോള ഉല്‍പ്പാദന ഹബ്ബായി മാറാനുള്ള സുവര്‍ണാവസരമാണ് ഭാരതത്തിന് കൈവന്നിരിക്കുന്നത്. ചൈനീസ് കമ്പനികളുടെ ആധിപത്യ പ്രവണതയോട് പല രാജ്യങ്ങള്‍ക്കുമുള്ള എതിര്‍പ്പ് ഭാരതത്തിനുള്ള അവസരമാണ്. മൊബൈല്‍ ഫോണുകളുടെ കാര്യത്തില്‍ ഭാരതത്തിന്റെ കയറ്റുമതി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 20 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചിട്ടുള്ളത്. ‘മേക്ക് ഇന്‍ ഇന്ത്യ’യെ കൂടുതല്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയണമെന്നു പറഞ്ഞ പ്രധാനമന്ത്രി, ഭാരതത്തിന്റെ നിലവാരം രാജ്യാന്തര നിലവാരമായി മാറണമെന്നും നിര്‍ദ്ദേശിച്ചു. സ്ത്രീസുരക്ഷയ്‌ക്ക് വലിയ പ്രാധാന്യമാണ് തന്റെ സര്‍ക്കാര്‍ നല്‍കുന്നതെന്നും, ഇക്കാര്യത്തില്‍ ചില സംസ്ഥാനങ്ങള്‍ക്ക് വീഴ്ചയുണ്ടായെന്നും പശ്ചിമബംഗാളിന്റെ പേര് പറയാതെ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാഷ്‌ട്രം സ്വാതന്ത്ര്യത്തിന്റെ സുവര്‍ണകാലത്തേക്ക് നീങ്ങുമ്പോള്‍ ഒരു മതേതര പൊതുസിവില്‍ നിയമം ആവശ്യമാണെന്നും, ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ് എന്നതിലേക്ക് മാറണമെന്നും പ്രധാനമന്ത്രി പറഞ്ഞത് ഭാവിഭാരതത്തിന്റെ ദിശ നിര്‍ണയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക