Categories: Article

കേരളത്തില്‍ ഇന്നു മുതല്‍ കൃഷ്ണപ്പാട്ട് പാരായണ ദിനങ്ങള്‍

Published by

ഉദയവര്‍മ്മ മഹാരാജയുടെ ആജ്ഞപ്രകാരം നിര്‍മ്മിച്ച കൃഷ്ണപ്പാട്ട് ചിങ്ങമാസം മുഴുവനും പാരായണം ചെയ്യണമെന്ന കോലത്തുരാജാവിന്റെ ആജ്ഞ പ്രജകള്‍ അനുസരിച്ചു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനംവരെ ചിങ്ങമാസം വടക്കന്‍ കേരളീയര്‍ക്ക് കൃഷ്ണഗാഥാ പാരായണ മാസമായിരുന്നു. ഇന്നും പഴയ തറവാടുകളിലും ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും ആ പാരായണ പാരമ്പര്യം തുടരുന്നുണ്ട്. മഹാകവിക്കുള്ള നാടിന്റെ നിത്യ സ്മാരകമായി പാരായണം മാറി. കവിക്കു കിട്ടിയ മഹത്തായ പുരസ്‌കാരമാണ് ആ ജനകീയ പാരായണം. 1450 മുതല്‍ ചിങ്ങത്തില്‍ കൃഷ്ണ പാട്ട് വായിച്ചിരുന്നു

മലയാളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യമാണ് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ. തമിഴിന്റെയും സംസ്‌കൃതത്തിന്റെയും മണിപ്രവാളത്തിന്റെയും പിടിയില്‍ നിന്ന് മോചിതമായി മലയാളത്തനിമ എടുത്തുകാട്ടുന്ന ആദ്യ കാവ്യമായാണ് ഭാഷാ ചരിത്രകാരന്മാര്‍ കൃഷ്ണഗാഥയെ വിലയിരുത്തിയിട്ടുള്ളത്. കോലത്തിരി രാജസദസ്യനായിരുന്ന ചെറുശ്ശേരിയാണ് കാവ്യ കര്‍ത്താവ്.

1446-65 കാലഘട്ടത്തില്‍ ഉത്തര കേരളം ഭരിച്ച ഉദയവര്‍മ്മന്‍കോലത്തിരി മഹാരാജയുടെ ആജ്ഞയാലാണ് കൃഷ്ണഗാഥ നിര്‍മ്മിച്ചതെന്ന് കവി തന്നെ കാവ്യത്തില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. സംസ്‌കൃത പണ്ഡിതനായ കവി തന്റെ പാണ്ഡിത്യപ്രകടനം തെല്ലുംകാണിക്കാതെ വടക്കന്‍ കേരളീയരുടെ ഉറക്കുപാട്ടിന്റെ രാഗത്തിലാണ് കാവ്യം അവതരിപ്പിച്ചത്.. -ആളുന്തി രാഗമെന്ന പേരില്‍ അറിയപ്പെട്ട ഗാഥാ വൃത്തമായ മഞ്ജരിയില്‍ എഴുതിയ പച്ച മലയാള കാവ്യം. അങ്ങനെ നോക്കുമ്പോള്‍ മലയാളത്തിലെ ആദ്യ ജനകീയ
പാരായണ കാവ്യം ചെറുശ്ശേരിയുടെ കൃഷ്ണഗാഥയാണ്. ഭാഷാസംരക്ഷണത്തിന് ശബ്ദമുയര്‍ത്തുന്നവര്‍ ഈ ജനകീയ കാവ്യത്തെ എന്തുകൊണ്ടോ ഇപ്പോള്‍ വേണ്ടത്ര പരിഗണിക്കുന്നില്ല. ഭഗവാന്‍ ശ്രീകൃഷ്ണനെ വടക്കന്‍ കേരള മണ്ണില്‍ ജനിച്ച അവതാരമനുഷ്യനായി മാറ്റി പ്രതിഷ്ഠിച്ച ചെറുശ്ശേരിയുടെ മഹാകാവ്യത്തെ ചിലര്‍ ബോധപൂര്‍വം തമസ്‌കരിക്കുകയാണ്. മലയാള ഭാഷാത്തനിമ വ്യക്തമാക്കുന്ന പദങ്ങളുടെ കലവറ കൂടിയാണ് കൃഷ്ണഗാഥ. പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പുണ്ടായ കൃതിയാണ് കൃഷ്ണഗാഥയെന്നാണ് വിഖ്യാത ചരിത്രകാരനായ ഡോ. എം.ജി.എസ്. നാരായണന്‍ പറയുന്നത്.
കൃഷ്ണകഥയെ കേരളീയഭൂപ്രകൃതിയില്‍ അവതരിപ്പിച്ച ഋതുവര്‍ണ്ണനകളടക്കം പരിശോധിക്കുമ്പോള്‍ പരിസ്ഥിതി സംരക്ഷണ സന്ദേശം പകരുന്ന ആദ്യത്തെ പച്ച മലയാള കാവ്യമായാണ് സി.എം.എസ്. ചന്തേര സ്മാരക സംഘ വഴക്ക ഗവേഷണ പീഠം നോക്കിക്കാണുന്നത്. ചന്തേര മാഷ് കൃഷ്ണഗാഥ പഠനം നടത്തിയതും സ്മരണീയം. കോലത്തിരി മഹാരാജ ചിറക്കല്‍ ആയില്യം തിരുന്നാളും അദ്ദേഹത്തിന്റെ മകനും ചരിത്രപണ്ഡിതനുമായ ചിറക്കല്‍ ടി. ബാലകൃഷ്ണന്‍ നായരും നടത്തിയപഠനങ്ങളും ഇക്കാര്യത്തിന്‍ വഴിത്തിരിവായി. മഹാകവി ഉള്ളൂരും വടക്കന്‍കൂര്‍ രാജരാജവര്‍മ്മയും കൃഷ്ണഗാഥാ പഠനത്തിനായി അക്കാലത്ത് ചിറക്കല്‍ കോവിലകം ഗ്രന്ഥപ്പുരയിലെത്തി ഗവേഷണം നടത്തുമ്പോള്‍ ചിറക്കല്‍ ടിയും പങ്കാളിയായി. ഇതു സംബന്ധിച്ച് ചിറക്കല്‍ ടി നടത്തിയ ഗവേഷണം കൃഷ്ണ ഗാഥ പഠന രംഗത്ത് നാഴികക്കല്ലായി. രാമായണം ചമ്പൂകാരനായ പുനം നമ്പൂതിരിയും ഗാഥാകാരനായ ചെറുശ്ശേരിയും ഒരാളാണെന്നും അല്ലെന്നുമുള്ള ചര്‍ച്ചകളും ഉണ്ടായി. പുനത്തില്‍ ഇല്ലത്ത് ശങ്കരന്‍ നമ്പിടിയാണ് കൃഷ്ണഗാഥാ കര്‍ത്താവെന്നും പുനത്തില്‍ കുഞ്ഞു നമ്പിടിയാണ് സാമൂതിരി സദസ്യനായ ചമ്പൂകര്‍ത്താവെന്നും ചിറക്കല്‍ ടി സമര്‍ത്ഥിച്ചു.

ചെറുശ്ശേരിയില്ലം പുനത്തില്‍ ഇല്ലത്ത് ലയിച്ചുവെന്ന് തീര്‍ച്ചപ്പെടുത്തിയാല്‍ ഗാഥാ കര്‍ത്താവ് ഒരു പുനം നമ്പൂതിരിയാണെന്ന് കരുതാമെന്നാണ് ഡോ. എം. മുകുന്ദന്‍ അഭിപ്രായ
പ്പെട്ടത്. എന്നാല്‍ അരക്കവിയായ പുനം നമ്പൂതിരിയും ചെറുശ്ശേരിയും ഒരാളാണെന്ന പക്ഷത്താണ് സി.എം.എസ് ചന്തേര നിലയുറപ്പിച്ചത്.

ചുരുക്കത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം വരെ കൃഷ്ണഗാഥയെക്കുറിച്ച് സജീവ ചര്‍ച്ച നടന്നിരുന്നു. മലയാളത്തിന്റെ വാമൊഴി പദസമ്പത്ത് സംരക്ഷിക്കുന്ന ഈ ആദിമഹാകാവ്യത്തിന് ഇന്നും വളരെ പ്രസക്തിയുണ്ട്. മതിലകം ക്ഷേത്രം കേന്ദ്രീകരിച്ച് കേരളസര്‍ക്കാര്‍ പൈതൃക സംസ്‌കാര- സ്മാരക നിര്‍മ്മാണ പദ്ധതികള്‍ നടപ്പാക്കുന്ന പശ്ചാത്തലത്തില്‍ കൃഷ്ണഗാഥയുടെ പ്രാധാന്യം പുതിയ തലമുറക്ക് പരിചയപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

”അച്യുതന്‍ തന്നുടെ നല്‍ച്ചരിതങ്ങള്‍ ഞാന്‍
അജ്ഞരായുള്ളോര്‍ക്ക് ബോധിപ്പാനായ്
പ്രാജ്ഞനല്ലെങ്കിലുമിങ്ങനെ
നിര്‍മ്മിച്ചു
സജ്ജനം വാഴ്‌ത്തുമെന്നോര്‍ത്തല്ലൊട്ടും
സജ്ജനം കണ്ടിതു നിന്ദിച്ചാരെങ്കിലോ
ഇജ്ജനത്തിനൊരു ഹാനിയെന്തേ?
നിന്ദ്യമല്ലാത്തതു നിന്ദിക്കയില്ലവരെ-
ന്നൊരു നിര്‍ണയമുണ്ടെനിക്കും”
കൃഷ്ണഗാഥാകാരന്‍ കാവ്യലക്ഷ്യം ഇങ്ങനെയാണ് വ്യക്തമാക്കിയിട്ടുള്ളത്. ഈ മധുര കാവ്യം സ്വര്‍ഗസ്ഥ സുന്ദരികള്‍ പാടി കേള്‍ക്കുമെന്നും ഈ ഗാഥ വായിച്ചാല്‍ പാപം നശിക്കുമെന്നും ഭക്തര്‍ക്ക് മനസ്സുഖവും മുക്തിയും കൈവരുമെന്നും ഫലശ്രുതിയുണ്ട്.

(കണ്ണൂര്‍ സി.എം.എസ്. ചന്തേര മാഷ് സ്മാരക സംഘ വഴക്ക ഗവേഷണ പീഠം ഡയറക്ടറാണ് ലേഖകന്‍).

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക