പിറവം(കൊച്ചി): ഹിന്ദു ധര്‍മം കാലാതിവര്‍ത്തിയും ലോകമെമ്പാടും സ്വീകാര്യതയുള്ളതുമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി പറഞ്ഞു. പിറവം ചിന്മയ അന്തര്‍ദേശീയ കേന്ദ്രത്തില്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഹിന്ദു ധര്‍മ പഠന ശിബിരത്തിന്റെ ഉദ്ഘാടനസഭയില്‍ അധ്യക്ഷ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സനാതന ധര്‍മത്തിനെതിരെ ആസൂത്രിതമായ ആഖ്യാനങ്ങള്‍ ചമയ്‌ക്കുന്ന ഇക്കാലഘട്ടത്തില്‍ പറയാന്‍ പഠിക്കുക, പഠിച്ചു പറയുക എന്ന ഹിന്ദു ഐക്യവേദിയുടെ ഇത്തരത്തിലുള്ള പഠന ശിബിരങ്ങള്‍ പ്രസക്തമാണ്. ലോകത്ത് ആദ്യമായി ആഖ്യാനങ്ങള്‍ ചമച്ചതും അത് ക്രിയാത്മകമായി സമൂഹനന്മയ്‌ക്ക് എങ്ങനെ ഉപയോഗിക്കാം എന്ന് കാണിച്ചതും രാമായണത്തിലൂടെ വാത്മീകി മഹര്‍ഷിയാണ്. ഗുരുകുലം, പാഠശാല ഇവയൊക്കെ അന്യം നിന്നു പോയതാണ് സനാതന ധര്‍മത്തിന്റെ അധപ്പതനത്തിന് പ്രധാനകാരണം. ഭാരതം ലോകത്തിന്റെ വിദ്യാഭ്യാസ കേന്ദ്രമായിരുന്നു. ഇന്ന് നമ്മള്‍ എല്ലാത്തിനും
മറുപടി പറയുന്നവരാണ്. അതുമാറി നമ്മള്‍ അജണ്ട നിശ്ചയിക്കുന്നവരായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുസമൂഹത്തില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ച് ഏതു വെല്ലുവിളികളെയും നേരിടാന്‍ പര്യാപ്തമാക്കാന്‍ ശിബിരത്തിന് കഴിയണമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച മാര്‍ഗദര്‍ശക മണ്ഡലം ജന. സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി പറഞ്ഞു. ഈ സ്വാതന്ത്ര്യദിനത്തില്‍ നമ്മള്‍ ഒന്നിച്ചു കൂടിയിരിക്കുന്നത് ഹിന്ദുത്വത്തിന് ഇനിയും അടിമത്തം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ്. നമ്മള്‍ വിജ്ഞാനത്തിന്റെ പതാകാ വാഹകരായി മാറണമെന്നും സ്വാമി പറഞ്ഞു.
നാടിനെ മാറ്റിമറിക്കാന്‍ കഴിവുള്ള ശങ്കരനും ചിന്മയാനന്ദനും ഇവിടെനിന്നും ഉണ്ടാകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി. ശശികല ടീച്ചറും പറഞ്ഞു. ശിബിരത്തിന്റെ സംഘാടക സമിതി ചെയര്‍മാന്‍ സി.എന്‍. ഉണ്ണികൃഷ്ണന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജന. സെക്രട്ടറി പി. സുധാകരന്‍, ജന. സെക്രട്ടറി കെ. ഷൈനു എന്നിവര്‍ സംസാരിച്ചു.
പൊളിറ്റിക്കല്‍ ഇസ്ലാം എന്ന വിഷയത്തില്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ഹിന്ദു ധര്‍മ്മ പരിചയം എന്ന വിഷയത്തില്‍ ഡോ. പി.വി. വിശ്വനാഥന്‍ നമ്പൂതിരി, ഹിന്ദുത്വം എന്ന വിഷയത്തില്‍ ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.പി. രാധാകൃഷ്ണനും ക്ലാസുകള്‍ നയിച്ചു. ശിബിരം ഇന്ന് വൈകിട്ട് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: