നെടുമ്പാശ്ശേരി/ ആലുവ: ഒളിംപിക്സ് മെഡല്‍ ജേതാവ് പി.ആര്. ശ്രീജേഷിന് ജന്മനാടിന്റെ വമ്പന്‍ സ്വീകരണം. തുടര്‍ച്ചയായി രണ്ടു മെഡലുകള്‍ നേടിയശേഷം ഉച്ചയോടെയാണ് നെടുമ്പാശ്ശേരിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അദ്ദേഹം കുടുംബത്തോടൊപ്പം എത്തിയത്. പിന്നാലെ കൊച്ചിയില്‍ വിപുലമായ റോഡ് ഷോ നടന്നു.
കേരള ഒളിംപിക്സ് അസോസിയേഷന്, കേരള ഹോക്കി അസോസിയേഷന്, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു വരവേല്പ്. പാരീസ് ഒളിംപിക്സിലെ വെങ്കല മെഡല്‍ നേട്ടത്തിനും രാജ്യാന്തര ഹോക്കിയില്‍ നിന്നുള്ള വിരമിക്കലിനും ശേഷം ആദ്യമായാണ് ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പര്‍ ആയിരുന്ന പി.ആര്. ശ്രീജേഷ് ജന്മനാട്ടിലേക്ക് എത്തിയത്.
സംസ്ഥാനത്ത് ഇനിയും ഹോക്കിക്ക് വേണ്ട പ്രചാരം ലഭിച്ചിട്ടില്ലെങ്കിലും നാട്ടിലെ പ്രിയ കായികതാരത്തെ കാണാന്‍ വന്‍ ജനാവലിയാണ് ഒഴുകിയെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മണിക്കൂറുകളോളം കായികാരാധകര്‍ കാത്ത് നിന്നു. താരം പുറത്തെത്തിയതോടെ ഹര്‍ഷാരവത്തോടെയാണ് സ്വീകരണം നല്‍കിയത്.
പിന്നാലെ തുറന്ന വാഹനത്തില്‍ അനുമോദനങ്ങള്‍ ഏറ്റുവാങ്ങി താരത്തിന്റെ യാത്ര. ശ്രീജേഷിനെ കാണുന്നതിനും ഒപ്പം സെല്‍ഫി എടുക്കുന്നതിനും ആരാധകര്‍ തിക്കിത്തിരക്കി. ആലുവ യുസി കോളേജ്, പറവൂര്‍ കവല, കിഴക്കമ്പലത്തെ കല ഓഡിറ്റോറിയം തുടങ്ങിയ ഇടങ്ങളിലും ശ്രീജേഷിന് വലിയ സ്വീകരണമാണ് ലഭിച്ചത്. എല്ലായിടത്തും കുറച്ച് സമയം വീതം ചിലവഴിച്ച് പരമാവധി ആളുകളുമായി നേരിലും മൈക്കിലുമായി സംസാരിച്ച ശേഷമാണ് യാത്ര തുടര്‍ന്നത്. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി തങ്ങളുടെ പ്രിയ താരത്തെ കാണാന്‍ സ്്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയ ജനാവലിയാണ് ഒഴുകിയെത്തിയത്. രാത്രി വൈകിയാണ് കിഴക്കമ്പലത്തെ വീട്ടിലേക്ക് ശ്രീജേഷ് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: